- രവി കൊമ്മേരി
ഷാര്‍ജ: പ്രളയക്കെടുതിയില്‍പെട്ട് എമിറേറ്റിലെ താമസ കേന്ദ്രങ്ങളിലും ഹോട്ടലുകളിലും താല്‍ക്കാലികമായി താമസിക്കുന്ന ഓരോ കുടുംബത്തിനും 50,000 ദിര്‍ഹം വീതം ദുരിതാശ്വാസമായി നല്‍കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍ദേശിച്ചു. ഷാര്‍ജ ടി.വിയിലെയും റേഡിയോയിലെയും പ്രശസ്തമായ ‘ഡയറക്ട് ലൈന്‍’ പ്രോഗ്രാമിനെക്കുറിച്ചുള്ള അഭിപ്രായത്തിനിടെ ഷാര്‍ജയിലെ സോഷ്യല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി അഫാഫ് അല്‍ മര്‍റിയാണ് ഇക്കാര്യം അറിയിച്ചത്. ദുരിതബാധിതരായ കുടുംബങ്ങളെ സുരക്ഷിതമായും വേഗത്തിലും അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ സഹായിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
