കോഴിക്കോട്: ഉരുപുണ്യ കാവ് ബീച്ചില്‍ കാണാതായ മത്സ്യത്തൊഴിലാളിയായ ഷിഹാബിനെ രക്ഷിക്കാനുള്ള ഭാരതീയ തീര സംരക്ഷണസേനയുടെ തിരച്ചില്‍ തുടരുന്നു. കഴിഞ്ഞ ദിവസം രാവിലെ കടലില്‍ ഇറങ്ങിയ ബദര്‍ എന്ന മത്സ്യബന്ധന ബോട്ട് ഉച്ചയ്ക്ക് ശേഷം മോശം കാലാവസ്ഥയെ തുടര്‍ന്ന് മറിയുകയായിരുന്നു. ബോട്ടില്‍ മൂന്നു മത്സ്യത്തൊഴിലാളികളാണുണ്ടായിരുന്നത് ഇതില്‍ രണ്ടു പേരെ പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ട തീര സംരക്ഷണ സേനാ കപ്പല്‍ അര്‍ണ്‍വേഷ് വൈകിട്ട് മേഖലയിലെത്തുകയും വ്യാപകമായ തിരച്ചിലാരംഭിക്കുകയും ചെയ്തു. കൂടുതല്‍ തിരച്ചിലിനായി ഇന്ന് സേനയുടെ ഹെലികോപ്റ്റര്‍, ഇന്റര്‍സെപ്റ്റര്‍ ബോട്ട് എന്നിവയും എത്തിച്ചു. എന്നാല്‍ മത്സ്യത്തൊഴിലാളിയെ ഇനിയും കണ്ടെത്താനായിട്ടില്ല. കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും ഭാരതീയ തീര സംരക്ഷണസേന തുടരുകയാണ്.