കോഴിക്കോട്: പുതിയ തലമുറ കവിതയോടടുക്കുന്നുവെന്ന് പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി പറഞ്ഞു. സാഹിത്യ നഗരത്തില്‍ പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിച്ച കവിതാ മല്‍സരത്തില്‍ മൂന്നാം സ്ഥാനം നേടിയ പി.വി.ഗീതയ്ക്ക് പീപ്പിള്‍സ്‌റിവ്യൂ പുരസ്‌ക്കാരം സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്ത് പുതിയ തലമുറയെ വായിക്കുന്ന പഴയ വ്യക്തി എന്ന നിലയ്ക്ക് എനിക്ക് വലിയ പ്രതീക്ഷയാണുള്ളത്. കവിതയുടെ ഉറവ വറ്റിപ്പോയി എന്ന പറയുമ്പോഴും, കവിതയുടെ ഉറവ വറ്റുകയില്ലെന്ന് പറയാന്‍ പറ്റും. ഭാഷ പ്രയോഗിക്കുന്നതില്‍ മാത്രമല്ല അതില്‍ കാവ്യഭാഷയുണ്ടാകുക എന്നതാണ് പ്രധാനം. മല്‍സരത്തിന് ലഭിച്ച കവിതകളില്‍ അധികവും വനിതകളുടെ രചനകളാണെന്നത് ഏറെ സന്തോഷം നല്‍കുന്നു. സുഗത കുമാരി ടീച്ചറുടെയും, ബാലാമണിയമ്മയുടെയും പിന്‍ഗാമികളായി പുതു തലമുറ മാറട്ടെ. കവിത, ഭാഷ പഠിച്ചതുകൊണ്ട് മാത്രം എഴുതാന്‍ സാധിക്കുന്ന ഒന്നല്ല എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍, ജോയ്പ്രസാദ് പുളിക്കല്‍, ശ്രീരമ, ഇസ്മയില്‍ പുനത്തില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
