കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ 2025ലെ മികച്ച ജനറല്‍ റിപ്പോര്‍ട്ടിനുള്ള പി. അരവിന്ദാക്ഷന് മാധ്യമ അവാര്‍ഡ് മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് സീനിയര്‍ സബ് എഡിറ്റര്‍ കെ.കെ സുബൈറിന്. 20,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
കാലിക്കറ്റ് പ്രസ് ക്ലബ് സ്ഥാപക പ്രസിഡന്റും മലയാള മനോരമ തിരുവനന്തപുരം യൂണിറ്റ് മുന്‍ റസിഡന്റ് എഡിറ്ററുമായിരുന്ന പി. അരവിന്ദാക്ഷന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബമാണ് കാലിക്കറ്റ് പ്രസ് ക്ലബ്ബുമായി ചേര്‍ന്ന് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ‘സ്മാര്‍ട്ടാകട്ടെ കൃഷി’ എന്ന പേരില്‍ 2025 ജനുവരി 22 മുതല്‍ 29 വരെ ഏഴു ഭാഗങ്ങളായി മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച പരമ്പരയ്ക്കാണ് പുരസ്കാരമെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഇ.പി മുഹമ്മദും സെക്രട്ടറി പി.കെ സജിത്തും അറിയിച്ചു. മണ്ണൊരുക്കുന്നത് മുതല്‍ വിപണനം വരെ കേരളത്തിലെ കാര്‍ഷിക മേഖലയില്‍ നടപ്പാക്കേണ്ട പരിഷ്കാരങ്ങളെക്കുറിച്ചുള്ള സമഗ്ര അന്വേഷണമാണ് പരമ്പരയുടെ ഉള്ളടക്കം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ മാര്‍ക്കോസ് അബ്രഹാം, കെ. ബാബുരാജ്, എം. സുധീന്ദ്രകുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ കെ.കെ സുബൈര്‍ 19 വര്‍ഷമായി മാതൃഭൂമിയില്‍ ജോലി ചെയ്യുന്നു. കേരള മീഡിയ അക്കാദമിയില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമയും ഇഗ്നോയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടി. മാതൃഭൂമിയുടെ കൊച്ചി, ന്യൂഡല്‍ഹി ബ്യൂറോകളില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ഡല്‍ഹി ചരിത്രവും വര്‍ത്തമാനവും’ എന്ന പുസ്തകം രചിച്ചു. അസ്ഗര്‍ അലി എഞ്ചിനീയറുടെ ‘ജിഹാദും മറ്റു ലേഖനങ്ങളും’ എന്ന പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്റെ 2017-ലെ പരിസ്ഥിതി മാധ്യമ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
പേരാമ്പ്ര പൈതോത്ത് കുളങ്ങര കുഞ്ഞ്യേതിന്റെയും കുഞ്ഞാമിയുടെയും മകനാണ്. ഭാര്യ: സുമയ്യ. മക്കള്‍: മിര്‍ ഗാലിബ്, ലയാന.
പി.അരവിന്ദാക്ഷന് അവാര്‍ഡ്
കെ.കെ.സുബൈറിന്
