മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
അഹമ്മദാബാദ്: മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഏകദിന ടി20 മത്സരങ്ങളില്‍ തുടരും. വെള്ളിയാഴ്ച രാത്രി സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു ഷമി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
ടെസ്റ്റില്‍ ഇന്ത്യയ്ക്കായി 64 മത്സരങ്ങള്‍ കളിച്ച ഷമി, 27.71 ശരാശരിയില്‍ 6 തവണ അഞ്ചു വിക്കറ്റ് നേട്ടങ്ങള്‍ ഉള്‍പ്പെടെ 229 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 2023ല്‍ ഓവലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലായിരുന്നു അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് മത്സരം.
‘ഞാന്‍ വെള്ള ജഴ്സിയോട് വിടപറയുകയാണ്, പക്ഷേ അതിലെ ഓര്‍മ്മകളോടുള്ള ബന്ധം ഒരിക്കലും അവസാനിക്കില്ല. ഇന്ത്യയുടെ ടെസ്റ്റ് ജഴ്സി ആദ്യമായി അണിഞ്ഞപ്പോള്‍ രാജ്യത്തിനായി എന്തെങ്കിലും ചെയ്യുക എന്നൊരു സ്വപ്നം മാത്രമാണ് എനിക്കുണ്ടായിരുന്നത്. അന്നുമുതല്‍ ഓരോ വിക്കറ്റും ഓരോ പോരാട്ടവും പരിക്കുകളും തിരിച്ചുവരവുകളും എനിക്ക് ഓരോ പാഠങ്ങള്‍ പകര്‍ന്നുതന്നു. കളിക്കളത്തില്‍ എന്റെ അവസാന ടെസ്റ്റ് പന്ത് എറിഞ്ഞുകഴിഞ്ഞിരിക്കാം, എന്നാല്‍ ഇന്ത്യക്കായി കളിച്ചുവെന്ന അഭിമാനം എന്നും എന്റെ ഹൃദയത്തില്‍ ജീവിക്കും.
പിന്തുണ നല്കിയ സഹതാരങ്ങള്‍ക്കും കോച്ചുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കോടിക്കണക്കിന് ഇന്ത്യന്‍ ആരാധകര്‍ക്കും നന്ദി. കരിയര്‍ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബി.സി.സി.ഐക്കും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും നന്ദി. നന്ദി, ടെസ്റ്റ് ക്രിക്കറ്റ്. ‘- ഷമി കുറിച്ചു.
