സാംബിയയിലെ ലുസാക്കയില്‍ നടന്ന മൂന്നുദിവസത്തെ അന്താരാഷ്ട്ര സഹകരണകോണ്ഫറന്സില് വിശിഷ്ടപ്രസംഗകനും മെന്ററുമായി ഊരാളുങ്കല്‍ പ്രതിനിധി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) ചീഫ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ടി. കെ. കിഷോര്‍ കുമാറാണ് ആഫ്രിക്കയിലുടനീളമുള്ള സഹകരണനേതാക്കള്, നയരൂപകര്‍ത്താക്കള്‍, ഗവേഷകര്‍, വികസനപങ്കാളികള്‍, യുവസഹകരണസംരംഭകര് എന്നിവര്‍ ഒത്തുചേര്‍ന്ന സമ്മേളനത്തില്‍ പരിശീലകനായത്. ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സിന്റെ (ഐസിഎ) ഗ്ലോബല്‍ കോ-ഓപ്പറേറ്റീവ് കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജ് വര്‍ക്കിംഗ് ഗ്രൂപ്പ് അംഗവും ഐസിഎ ഏഷ്യ-പസഫിക് കാര്‍ഷിക-പരിസ്ഥിതി കമ്മിറ്റി വൈസ് ചെയര്പേഴ്സണുമാണു കിഷോര്‍ കുമാര്‍.
കോ-ഓപ്പറേഷന് ആഫ്രിക്കയും ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ്-ആഫ്രിക്കയും (ഐസിഎ-ആഫ്രിക്ക) സംയുക്തമായാണ് 2026 ഓഗസ്റ്റ് 24 മുതല്‍ 26 വരെ നടന്ന ‘ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ വര്‍ക്കര്‍ കോ-ഓപ്പറേറ്റീവ്സ് ആന്‍ഡ് ഡീസെന്റ് യൂത്ത് എംപ്ലോയ്മെന്റ് ഇന്‍ ആഫ്രിക്ക’ എന്ന സമ്മേളനം സംഘടിപ്പിച്ചത്.
മാന്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സംരംഭകത്വം വളര്‍ത്തുന്നതിലും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിരസാമ്പത്തികവികസനം പ്രോത്സാഹിപ്പിക്കുന്നതിലും തൊഴിലാളിസഹകരണസംഘങ്ങള് വഹിക്കുന്ന സുപ്രധാനപങ്കാണ് സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്തത്.
സമ്മേളനത്തിലും എസിഇ പ്രോഗ്രാമിലുമുള്ള കിഷോര്‍ കുമാറിന്റെ പങ്കാളിത്തം ഇന്ത്യയിലെയും ആഫ്രിക്കയിലെയും സഹകരണപ്രസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തര്ദേശീയസഹകരണവും വിജ്ഞാനവിനിമയവും കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധിച്ചു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സംരംഭകവികസനത്തിലും സാമ്പത്തികവളര്‍ച്ചയിലും തൊഴിലാളിസഹകരണസംഘങ്ങള്ക്ക് എങ്ങനെ സംഭാവന നല്കാന് കഴിയുമെന്നതിന്റെ ഉദാഹരണമായി യുഎല്‍സിസിഎസിന്റെ അനുഭവങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.
‘ആഫ്രിക്കനും ആഗോളവുമായ തൊഴിലാളിസഹകരണസംഘങ്ങളും തൊഴിലവസരസൃഷ്ടിയും – ഉദാഹരണങ്ങള്‍’ എന്ന വിഷയം കിഷോര്‍ കുമാര്‍ അവതരിപ്പിച്ചു. തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള സഹകരണസ്ഥാപനം എന്ന നിലയിലുള്ള യുഎല്‍സിസിഎസിന്റെ അനുഭവങ്ങളും വളര്‍ച്ചയും അദ്ദേഹം പങ്കുവെച്ചു. കൂട്ടായ ഉടമസ്ഥാവകാശം, സംരംഭകത്വം, നൂതനാശയങ്ങള്‍, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാമ്പത്തികപങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സുസ്ഥിരമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹകരണസംരംഭങ്ങള്‍ക്ക് എങ്ങനെ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആഫ്രിക്ക കോ-ഓപ്പറേറ്റീവ് എന്റര്‍പ്രണര്‍ഷിപ്പ് (എസിഇ) പ്രോഗ്രാമിന്റെ ഭാഗമായി, യുവ ആഫ്രിക്കന്‍ സഹകരണ അംബാസഡര്‍മാരുമായും കിഷോര്‍ കുമാര്‍ സംവദിക്കുകയും അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. സഹകരണപ്രസ്ഥാനത്തില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് അദ്ദേഹം ഉന്നയിച്ചു. യുവാക്കളെ സഹകരണസംഘങ്ങളുടെ ഗുണഭോക്താക്കളായി മാത്രം കാണാതെ, സജീവസംരംഭകരും അംഗങ്ങളും നൂതനാശയങ്ങള്‍ വികസിപ്പിക്കുന്നവരും തീരുമാനങ്ങളെടുക്കുന്നവരും പ്രസ്ഥാനത്തിന്റെ ഭാവിനേതാക്കളുമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയില്‍ ഉള്‍പ്പെടെ ആഫ്രിക്കയിലുടനീളം വളര്‍ന്നുവരുന്ന യുവജനതൊഴിലില്ലായ്മയെക്കുറിച്ച് സംസാരിച്ച കിഷോര്‍ കുമാര്‍, യുവാക്കള്‍ക്ക് മാന്യമായ തൊഴില്‍, കൂട്ടായ ഉടമസ്ഥാവകാശം, സംരംഭകത്വം, അര്‍ത്ഥവത്തായ സാമ്പത്തികപങ്കാളിത്തം എന്നിവയ്ക്കുള്ള അവസരങ്ങള്‍ നല്കാന് സഹകരണ സംഘങ്ങള്‍ക്കുള്ള കഴിവു വിവരിച്ചു. യുവാക്കളുടെ നേതൃത്വത്തിലുള്ള സഹകരണസംഘങ്ങള്‍, സഹകരണവിദ്യാഭ്യാസം, സംരംഭകത്വം, നൂതനാശയങ്ങള്‍, നേതൃത്വവികസനം എന്നിവയില്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സഹകരണപ്രസ്ഥാനത്തിന്റെ ഭാവിയില്‍ യുവാക്കളെ കേന്ദ്രസ്ഥാനത്തു നിര്‍ത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സഹകരണസംഘങ്ങളിലൂടെ യുവാക്കളെ ശാക്തീകരിക്കുന്നത് കേവലം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുവേണ്ടി മാത്രമല്ല; കൂടുതല്‍ ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ സമ്പദ്വ്യവസ്ഥയെ രൂപപ്പെടുത്താന്‍ കഴിയുന്ന സംരംഭകരെയും ഉടമകളെയും നേതാക്കളെയും സൃഷ്ടിക്കുന്നതിനുകൂടിയാണെന്ന് കിഷോര്‍ കുമാര്‍ പറഞ്ഞു. തൊഴില്‍, സംരംഭകവികസനം, സാമ്പത്തികശാക്തീകരണം എന്നിവയ്ക്കുള്ള പ്രായോഗികമാര്ഗ്ഗമായി സഹകരണസംരംഭകത്വത്തെ പ്രയോജനപ്പെടുത്താന്‍ മെന്ററിംഗ് സെഷനുകള്‍ പങ്കാളികള്‍ക്കു വളരെ പ്രയോജനമായെന്നു സമ്മേളനം വിലയിരുത്തി.
മികച്ച സഹകരണ സംരംഭങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ആഫ്രിക്കയിലെ യുവതലമുറയ്ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ദക്ഷിണ-ദക്ഷിണ സഹകരണത്തിന്റെയും പരസ്പര പഠനത്തിന്റെയും പ്രാധാന്യം ഈ ഇടപെടല്‍ കൂടുതല്‍ ഉറപ്പിച്ചു.
ആഫ്രിക്കന്‍ യുവാക്കള്‍ക്കു പരിശീലകനായി ഊരാളുങ്കല്‍ പ്രതിനിധി
