ജസ്റ്റിസ് വര്‍മ്മ കേസ്; നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത തകര്‍ക്കുന്നത് (എഡിറ്റോറിയല്‍)

ജസ്റ്റിസ് വര്‍മ്മ കേസ്; നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത തകര്‍ക്കുന്നത് (എഡിറ്റോറിയല്‍)

ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് വര്‍മ്മയുടെ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ കത്തിക്കരിഞ്ഞ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം രാജ്യത്ത് വന്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ ഇത്രയധികം പണം എങ്ങിനെ വന്നു എന്നതിനെക്കുറിച്ചും ചോദ്യങ്ങളുയര്‍ന്നു. ഈ സംഭവത്തിന് പിന്നാലെ ജസ്റ്റിസ് വര്‍മ്മയെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റപ്പെട്ടിരുന്നു. ഈ സംഭവം പുറത്തറിഞ്ഞതോടെ ജസ്റ്റിസ് വര്‍മ്മ ചോദ്യമുനയിലായി. ഇക്കാര്യം അന്വേഷിക്കാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ഓംബിര്‍ല ഒരു മൂന്നംഗ ജഡ്ജസ് എന്‍ക്വയറി കമ്മറ്റിയെ നിയോഗിക്കുകയും, ആ കമ്മറ്റി ജസ്റ്റിസ് വര്‍മ്മ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പേരില്‍ നടപടി സ്വീകരിക്കാനാവാത്ത വിധം ജസ്റ്റിസ് വര്‍മ്മ പദവി രാജിവെച്ച് രാഷ്ട്രപതിക്ക് കത്ത് നല്‍കിയിരുന്നു. ഈയൊരു സംഭവം ജുഡീഷ്യറിയുടെ വിശ്വാസത്തിന് വലിയ കോട്ടമാണുണ്ടാക്കിയത്. രാജ്യത്ത് നീതിയും ന്യായവും നടപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കേണ്ട ന്യായാധിപന്‍മാര്‍ക്കെതിരെ ഇത്തരം സംഭവങ്ങള്‍ ഉയര്‍ന്നുവരുന്നത്, വ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസത്തെയാണ് ബാധിക്കുന്നത്. ജസ്റ്റിസ് വര്‍മ്മയ്‌ക്കെതിരായ അന്വേഷണവും, അതിന്റെ നടപടിക്രമങ്ങളും വൈകിയതും, വര്‍മ്മയ്ക്ക് രാജിവെക്കാന്‍ സാഹചര്യമൊരുക്കി. വര്‍മ്മയുടെ വീട്ടില്‍ തീ പിടിത്തമുണ്ടായപ്പോള്‍ തെളിവുകള്‍ സംരക്ഷിക്കാന്‍ ജഡ്ജിക്കായില്ല എന്നും, പണത്തിന്റെ ഉറവിടം സംബന്ധിച്ച് കൃത്യമായ വിശദീകരണം വര്‍മ്മയ്ക്ക് നല്‍കാനായിട്ടില്ലെന്നുമാണ് പാര്‍ലമെന്റ് നിയോഗിച്ച ജഡ്ജസ് എന്‍ക്വയറി കമ്മറ്റി കണ്ടെത്തിയത്. ഇത്തരം സംഭവം ഉണ്ടാകുമ്പോള്‍ വളരെ വേഗത്തില്‍ കൃത്യതയോടെ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ട്‌വരാന്‍ സാധിക്കണം. ജഡ്ജിമാര്‍ക്കെതിരായ ആരോപണങ്ങളില്‍ ഫലപ്രദമായ നടപടികള്‍ സമയബന്ധിതമായി എടുക്കാന്‍ പാര്‍ലമെന്റിന് കഴിഞ്ഞിട്ടില്ലെന്ന് പില്‍ക്കാല സംഭവം പരിശോധിച്ചാല്‍ വ്യക്തമാവും. രാജ്യത്തെ ജനങ്ങള്‍ വിശ്വസിക്കുന്ന ജുഡീഷ്യറിക്ക് മങ്ങലേല്‍ക്കുമ്പോള്‍ അത് വലിയ കോട്ടമാണുണ്ടാക്കുക. ജസ്റ്റിസ് വര്‍മ്മ കേസ് അതാണ് വ്യക്തമാക്കുന്നത്. ജുഡീഷ്യറിയുടെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ കനത്ത ജാഗ്രത ആവശ്യമാണ്.

ജസ്റ്റിസ് വര്‍മ്മ കേസ്; നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത തകര്‍ക്കുന്നത് (എഡിറ്റോറിയല്‍)

Share

Leave a Reply

Your email address will not be published. Required fields are marked *