കോഴിക്കോട്: ആരോഗ്യരംഗത്ത് വിശ്വാസ്യതയുടെ പ്രതീകമായ സണ്‍റൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സമഗ്രവുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ‘സണ്‍റൈസ് ഫാര്‍മസി’ ആരംഭിക്കുന്നു. 24 x 7 ലബോറട്ടറി സേവനം, ഡോക്ടര്‍ കണ്‍സള്‍ട്ടേഷനോടെ മരുന്ന് വാങ്ങാനുള്ള സൗകര്യം, സൗജന്യ ഷുഗര്‍, രക്തസമ്മര്‍ദ്ദ പരിശോധന, വാട്സ്ആപ്പ് വഴി മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യം, മരുന്നുകള്‍ക്ക് പുറമെ മറ്റ് വെല്‍നസ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ഫാര്‍മസി രംഗത്ത് പുത്തന്‍ ആശയങ്ങളുമായി ഉടന്‍ തന്നെ കേരളത്തിലുടനീളം സജീവമാകാന്‍ ഒരുങ്ങുന്ന സണ്‍റൈസ് ഫാര്‍മസിയുടെ ആദ്യ ഫാര്‍മസിയാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വരുന്നത്. നാളെ (ശനിയാഴ്ച) വൈകുന്നേരം 5 മണിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഒ. സദാശിവന്‍ ഫാര്‍മസിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
പരമ്പരാഗത ഫാര്‍മസിയില്‍ നിന്ന് വ്യത്യസ്തമായി, മരുന്നുകള്‍ ലഭ്യമാക്കുന്നതിനൊപ്പം പ്രാഥമിക ആരോഗ്യപരിചരണ സേവനങ്ങളും ഒരുമിച്ച് ലഭ്യമാക്കുന്ന നൂതന ആശയമാണ് സണ്‍റൈസ് ഫാര്‍മസി. യാത്രക്കാര്‍ക്കും നഗരവാസികള്‍ക്കും ഏത് സമയത്തും എളുപ്പത്തില്‍ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വേ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഈ സംരംഭം ആരംഭിക്കുന്നത്. ഫാര്‍മസിയോടൊപ്പം ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന പ്രത്യേകത. കൂടാതെ 24 മണിക്കൂറും ലബോറട്ടറി പരിശോധനാ സൗകര്യവും ആംബുലന്‍സ് സൗകര്യവും ഇവിടെ ലഭ്യമാണ്. രക്തത്തിലെ പഞ്ചസാര , രക്തസമ്മര്‍ദ്ദം എന്നിവയുടെ പരിശോധന 24 മണിക്കൂറും സൗജന്യമായിരിക്കും. പുറത്തുള്ള ഫാര്‍മസികളെ അപേക്ഷിച്ച് മരുന്നുകള്‍ക്കും പരിശോധകള്‍ക്കും മിതമായ നിരക്ക് ആയിരിക്കും സണ്‍റൈസ് ഫാര്‍മസിയില്‍ ഈടാക്കുക.
പരിശീലനം ലഭിച്ച കെയര്‍ഗിവര്‍മാരും ഫാര്‍മസിസ്റ്റുകളും 24 മണിക്കൂറും ഇവിടെയുണ്ടാകും. കൂടാതെ ആംബുലന്‍സ്, സ്‌ട്രെച്ചര്‍, വീല്‍ചെയര്‍ തുടങ്ങി അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങളും സൗകര്യങ്ങളും ഇവിടെ ലഭ്യമായിരിക്കും.
കേരളത്തില്‍ ആദ്യമായി ആരോഗ്യസേവനം റെയില്‍വേ സ്റ്റേഷനിലും, പുത്തന്‍ ചുവടുവെപ്പുമായി ‘സണ്‍റൈസ് ഫാര്‍മസി’
