വിദ്യാര്‍ത്ഥികളുടെ പുസ്തക പ്രകാശന ചടങ്ങ് ശ്രദ്ധേയമായി
കോഴിക്കോട്: മാനാഞ്ചിറയിലെ ബി.ഇ.എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ പുസ്തക പ്രകാശന ചടങ്ങ് ശ്രദ്ധേയമായി. ‘ഏതൊരു കുട്ടിക്കും ലഭിക്കാവുന്നതില്‍ ഏറ്റവും അമൂല്യമായ ഭാഗ്യമാണ് ഈ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച പ്രശസ്ത നോവലിസ്റ്റ് യു.കെ.കുമാരന്‍ പറഞ്ഞു.പ്രതിസന്ധികളും പരാജയബോധവും വന്നാലും ഒരിക്കലും എഴുത്തില്‍ നിന്ന് പിന്‍വാങ്ങരുത്. അക്ഷരലോകത്തേക്ക് കൈപിടിച്ച് നയിക്കുന്ന ഇത്തരം കൂട്ടായ്മകളെ പ്രയോജനപ്പെടുത്തി കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറണം,’ എന്ന് വിദ്യാര്‍ത്ഥിനികളോട് അദ്ദേഹം പറഞ്ഞു.അനീസ് ബഷീര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.ഒരു പുസ്തകം രചിക്കുന്നത് ഒരു അമ്മ കുഞ്ഞിനെ പ്രസവിക്കുന്നതുപോലെ ശ്രമകരമായ പ്രക്രിയയാണെന്ന് അനീസ് ബഷീര്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ രചനകള്‍ മനോഹരമായി പ്രസിദ്ധീകരിച്ചതിനും അവര്‍ക്കായി അവസരങ്ങളും പ്രോത്സാഹനവും ഒരുക്കിയതിനും അദ്ദേഹം റെറ്റിന പബ്ലിക്കേഷന്‍സിനെ അഭിനന്ദിച്ചു.
സ്‌കൂളിലെ 40 ഓളം വിദ്യാര്‍ത്ഥിനികള്‍ രചിച്ച ചെറുകഥാസമാഹാരമായ ‘പുതുനാമ്പുകള്‍’ എന്ന പുസ്തകവും പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മാളവിക സ്വരൂപ് രചിച്ച
‘3027 AGARES 3.0’ എന്ന നോവലും പ്രകാശനം ചെയ്തു.
‘പുതുനാമ്പുകള്‍’ എന്ന ചെറുകഥാസമാഹാരം യു. കെ. കുമാരനില്‍ നിന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജെസ്സി ജോസഫ് ഏറ്റുവാങ്ങി. മാളവിക സ്വരൂപ് രചിച്ച ‘ ‘3027 AGARES 3.0’
എന്ന നോവല്‍ അനീസ് ബഷീറില്‍ നിന്ന് സ്‌കൂളിലെ അധ്യാപിക ബിന്ദു ഏറ്റുവാങ്ങി.
കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി വിദ്യാര്‍ത്ഥികളുടെ രചനകള്‍ അക്ഷരലോകത്തേക്ക് എത്തിക്കുന്ന പദ്ധതിയുമായി റെറ്റിന പബ്ലിക്കേഷന്‍സ് സ്‌കൂളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. കുട്ടികള്‍ക്കായി എഴുത്ത് വര്‍ക്ക്ഷോപ്പുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുകയും അവയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട രചനകളാണ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്.
പുസ്തക പരിചയം ഷൈബ ടീച്ചര്‍ നിര്‍വഹിച്ചു. റെറ്റിന പബ്ലിക്കേഷന്‍സിന്റെ മേധാവിയും എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ആമി ബെല്ല ജയ്‌സ്, കുട്ടികളുടെ രചനകളെ പുസ്തകരൂപത്തില്‍ എത്തിക്കുന്ന പദ്ധതിയുടെ ലക്ഷ്യവും അതിലൂടെ ലഭിച്ച അനുഭവങ്ങളും പങ്കുവച്ചു. അഞ്ചാം ക്ലാസ് മുതല്‍ ആറാം ക്ലാസ് വരെയുള്ള യു.പി. വിഭാഗം വിദ്യാര്‍ത്ഥികള്‍ പോലും അത്ഭുതപ്പെടുത്തുന്ന നിലവാരത്തിലുള്ള രചനകളാണ് തയ്യാറാക്കിയതെന്ന് അവര്‍ പറഞ്ഞു. കൂടാതെ, പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മാളവിക സ്വരൂപിന്റെ പതിനാലാമത്തെ നോവലാണ് ‘3027 AGARES 3.0’ എന്നും, അത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചതില്‍ റെറ്റിന പബ്ലിക്കേഷന്‍സിന് അഭിമാനമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇനിയും കൂടുതല്‍ കുട്ടികളുടെ രചനകള്‍ പ്രസിദ്ധീകരിച്ച് മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അവര്‍ അറിയിച്ചു.
ഫാ. ജേക്കബ് ഡാനിയല്‍, ഷെബിന്‍ അഷ്‌റഫ്, ശഹീദാ മുജീബ്, എം.എം.കെ. ഫൈസല്‍, സുഭാഷ് ആബേല്‍ ആശംസകള്‍ അര്‍പ്പിച്ചു. മാളവിക സ്വരൂപ് മറുമൊഴി
നടത്തി.ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജെസ്സി ജോസഫ് സ്വാഗതവും നിശ്ചല്‍ ക്രിസ്റ്റി നന്ദിയും പറഞ്ഞു.
‘ഏതൊരു കുട്ടിക്കും ലഭിക്കാവുന്നതില്‍ ഏറ്റവും അമൂല്യമായ ഭാഗ്യം; യു.കെ.കുമാരന്‍
