ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു
അത്തോളി: എം.ഇ.എസ്. എ.ആര്‍. റഹീം സെന്‍ട്രല്‍ സ്‌കൂളില്‍ ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജൂണ്‍ 5ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രാര്‍ത്ഥനയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. സ്‌കൂള്‍ വൈസ് പ്രിന്‍പിപ്പള്‍ അഖില ജെ. ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. എം.ഇ.എസ്. ചെയര്‍മാന്‍ പി.കെ. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു.
എം.ഇ.എസ്. എഡ്യൂക്കേഷന്‍ ബോര്‍ഡ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറും സ്‌പോര്‍ട്‌സ് ആന്‍ഡ് ഗൈഡ്‌സ് മുന്‍ ചീഫ് കമ്മീഷണറുമായ കെ.കെ. സഹീര്‍ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വരുംതലമുറയ്ക്കായി പരിസ്ഥിതി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.
തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി ബി.എം. സുധീര്‍ മുഖ്യാതിഥിയായ കെ.കെ. സഹീറിന് പുരസ്‌കാരം നല്‍കി ആദരിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി എം ജന്‍സില നന്ദി രേഖപ്പെടുത്തി. ദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍ വളപ്പില്‍ പ്രകൃതി സൗഹൃദ പ്രവര്‍ത്തനങ്ങളും നടന്നു.
