ഫെഡറലിസത്തിന്റെ അസ്ഥിവാരത്തിലാണ് ഇന്ത്യ കുടികൊള്ളുന്നത്. രാഷ്ട്ര ശില്‍പ്പികള്‍, സ്വാതന്ത്ര്യ സമര നായകര്‍ എല്ലാവരും വിഭാവനം ചെയ്തതും ഫെഡറലിസത്തില്‍ പൂത്തു നില്‍ക്കുന്ന മനോഹരമായ ഇന്ത്യയെയാണ്. എന്നാല്‍ വര്‍ത്തമാന കാലത്ത് ഫെഡറലിസത്തിന് ഭീഷണിയാവുന്ന സംഭവ വികാസങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഇതിന്റെ ഉത്തരവാദികള്‍ കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരാണെന്നും, കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്നും ആവശ്യപ്പെട്ട് ദക്ഷിണേന്ത്യയിലെ രണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യ തലസ്ഥാനത്ത് സമരം നടത്തുന്നത് കേന്ദ്ര സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. ബി.ജെ.പിയും അവരുടെ സഖ്യ കക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളൊഴികെ ഉള്ളവരോട് ചിറ്റമ്മ നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് പ്രധാന ആരോപണം.
രാജ്യ തലസ്ഥാനത്ത് നിരവധി സമരങ്ങള്‍ നടക്കാറുണ്ടെങ്കിലും, സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരം നടക്കുന്നത് വിരളമാണ്.ദക്ഷിണേന്ത്യ എന്നത് ഒരു പ്രത്യേക രാജ്യമാണോ എന്ന ചോദ്യവുമായി കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഡാറ്റാ സയന്റിസ്റ്റ് നീലകണ്ഠന്‍ ആര്‍.എസിന്റെ സൗത്ത് വേഴ്‌സസ് നോര്‍ത്ത്, ഇന്ത്യ ഗ്രേറ്റ് ഡിവൈഡ് എന്ന പുസ്തകം ആരംഭിക്കുന്നത്. കേന്ദ്രത്തിനെതിരായ സമരം രണ്ട് രണ്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളവും, കര്‍ണ്ണാടകവുമാണ് നടത്തുന്നതെന്നും തമിഴ്‌നാടും സമരത്തിന്റെ പാതയിലാണെന്നതും ഈ ചോദ്യത്തിന് ഒരുപാട് അര്‍ത്ഥവ്യാപ്തി ഉണ്ടാക്കുകയാണ്. രാജ്യത്തിന്റെ വരുമാനം കേന്ദ്ര സംസ്ഥാനങ്ങള്‍ക്കിടയില്‍ വീതിക്കുന്നതിന്റെ മാനദണ്ഡം നിശ്ചയിക്കുന്നത് ധനകാര്യ കമ്മീഷനുകളാണ്. രാജ്യത്തിന്റെ ആകെ വരുമാനത്തിന്റെ (അതില്‍ നികുതി-നികുതിയേതര വരുമാനങ്ങള്‍ ഉള്‍പ്പെടും)62%ഉം കേന്ദ്ര സര്‍ക്കാരിനാണ് ലഭിക്കുന്നത്. അതേ സമയം ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളില്‍ ചെലവിടുന്ന ആകെ തുകയുടെ 02 ശതമാനത്തിലേറെയും സംസ്ഥാനങ്ങളാണ് ചിലവഴിക്കുന്നത്.
കഴിഞ്ഞ ധനകാര്യ കമ്മീഷന്‍ 1971ലെ സെന്‍സസിന് പകരം 2011ലെ സെന്‍സസിന്റെ മാനദണ്ഡമാണ് ജനസംഖ്യക്കായി പരിഗണിച്ചത്. ഇതാണ് കേരളത്തിനും, തമിഴ്‌നാടിനും, തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും പ്രതികൂലമായത്. നികുതി സമാഹരണത്തിനുള്ള അധികാരം കൂടുതലും കേന്ദ്ര സര്‍ക്കാരിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ജി.എസ്.ടി വന്നതോടെ ഇത് കൂടുതല്‍ ശക്തിപ്പെട്ടു. എന്നാല്‍ വലിയ സാമ്പത്തിക ചിലവുള്ള വിദ്യാഭ്യാസം ആരോഗ്യം എന്നിങ്ങനെയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നത് സംസ്ഥാനങ്ങളാണ്. ഈയൊരു പശ്ചാത്തലത്തിലാണ് കേന്ദ്രം പിരിക്കുന്ന നികുതികളില്‍ ചിലത് സംസ്ഥാനങ്ങളുമായി പങ്കിടാമെന്ന വ്യവസ്ഥ വന്നത്. ഇത് ഫെഡറലിസത്തെക്കുറിച്ചുള്ള ഭരണാഘടനാ അവകാശം കൂടിയാണ്.
15-ാം ധനകാര്യ കമ്മീഷന്‍ ആകെ നികുതി വരുമാനത്തിന്റെ 41 ശതമാനമാണ് കേന്ദ്രം സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇതും കേരളത്തിനും തമിഴ്‌നാടിനും പ്രതികൂലമായി. നികുതി സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്നതിനുള്ള പ്രധാന മാനദണ്ഡം ജനസംഖ്യയാണ്. 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യ നിയന്ത്രിക്കുന്നതില്‍ കേരളം തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങള്‍ വലിയ നേട്ടം കൈവരിച്ചിരുന്നു. എന്നാല്‍ ഈ നേട്ടം ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ്.
പ്രതിശീര്‍ഷ വരുമാനത്തെ കണക്കാക്കിയുള്ള വീതം വെയ്പിലും കേരളത്തിന് കുറവുണ്ടായി. സംസ്ഥാനത്തിന് നല്‍കേണ്ട നികുതി തുക കുറക്കുന്നതിന് കേന്ദ്രം കണ്ടെത്തിയ മാര്‍ഗമാണ് സെസ് ഏര്‍പ്പെടുത്തുക എന്നത്. ഇങ്ങനെ വിവിധ തരം സെസുകളിലൂടെ കണ്ടെത്തുന്ന പണം കേന്ദ്രത്തിന് സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതുണ്ട്. മറ്റൊന്ന് കടമെടുപ്പ് പരിധി കുറച്ചതാണ്. ഇതിനെതിരെ കേരളം സുപ്രീം കോടതിയിലെത്തി. സംസ്ഥാനം രൂപീകരിച്ച കിഫ്ബിയും, ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിന് രൂപീകരിച്ച കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് കമ്പനിയും വാങ്ങിയ വായ്പ കൂടി കണക്കിലെടുത്താണ് കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചത്. കിഫ്ബിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ നിലനില്‍ക്കുമ്പോഴും സംസ്ഥാനത്തിന്റെ സ്വതന്ത്ര വികസന ശ്രമം കേന്ദ്രം തടയാന്‍ ശ്രമിക്കുകയാണ് എന്നത് പകല്‍ പോലെ വ്യക്തമാണ്.
രാജ്യത്തിന്റെ വൈവിധ്യങ്ങളെ അട്ടിമറിച്ച് അധികാര കേന്ദ്രീകരണമാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് പ്രധാന ആരോപണം. സാംസ്‌കാരിക പരമായും, സാമൂഹിക പരമായും വൈജാത്യമുള്ള ഇന്ത്യ എന്ന രാജ്യത്തില്‍ ഏക രീതി നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. 2026ല്‍ മണ്ഡല പുനര്‍ നിര്‍ണയം നടക്കുമ്പോള്‍ ജനസംഖ്യ കുറവുള്ള ദേശങ്ങളില്‍ ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണത്തിലും കുറവുണ്ടാവും, ഇതുവഴി ദേശീയ രാഷ്ട്രീയത്തില്‍ തെക്കെ ഇന്ത്യക്കുള്ള പ്രാധാന്യം കുറയും. കേന്ദ്രീകൃത രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയില്‍ തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഭാവിയില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധി ചൂണ്ടിക്കാണിക്കുന്നു എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സമരത്തിന്റെ പ്രസക്തി.