പ്രതിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടന്നു; സര്‍ക്കാര്‍ ആരുടെ കൂടെയെന്ന് തെളിഞ്ഞു: വിഡി സതീശന്‍

പ്രതിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടന്നു; സര്‍ക്കാര്‍ ആരുടെ കൂടെയെന്ന് തെളിഞ്ഞു: വിഡി സതീശന്‍

തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ കേസിലെ കോടതി വിധി ഞെട്ടിക്കുന്നതും നിരാശയിലാഴ്ത്തുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിധി ന്യായത്തിലൂടെ പോകുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടുയുള്ള അന്വേഷണസംഘം ചെയ്ത തെറ്റുകളാണ് ഈ പ്രതിയെ വെറുതെ വിടാന്‍ കാരണമെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേസ് അന്വേഷണത്തിലുണ്ടായ മുഴുവന്‍ പാളിച്ചകളും പ്രത്യേക ജഡ്ജ് വിധിന്യായത്തില്‍ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലത്ത് എത്തിയത് പിറ്റേദിവസമാണ്. എന്നിട്ടും പ്രാഥമികമായ തെളിവുകള്‍ പോലും ശേഖരിച്ചില്ല. വിരലടയാള വിദ്ഗധരെ കൊണ്ടുവന്നില്ല. തൂക്കിക്കൊല്ലാന്‍ ഉപയോഗിച്ച തുണി അലമാരയില്‍ നിന്ന് പ്രതി എടുത്തുവെന്ന് എന്ന് പ്രോസിക്യൂഷന്‍ പറയുമ്പോള്‍ അത് സംബന്ധിച്ച യാതൊരു തെളിവും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയില്ലെന്നും സതീശന്‍ പറഞ്ഞു.

കേസ് അട്ടിമറിക്കാന്‍ തുടങ്ങിയ ശ്രമങ്ങളും ബാഹ്യമായ രാഷ്ട്രീയ ഇടപെടലും അന്വേഷിക്കണം. നിയമസഹായമുള്‍പ്പടെയുള്ള ഏത് സഹായവും ആ കുടുംബത്തിന് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കിയില്ലെന്നും മനഃപൂര്‍വം സിപിഎം പ്രവര്‍ത്തകനായ പ്രതിയെ രക്ഷപ്പെടുത്താനുള്ള ഗുഢാലോചന നടന്നു. സര്‍ക്കാരും പൊലീസും സ്വന്തക്കാരെ രക്ഷിക്കാന്‍ എന്തുചെയ്യുമെന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഇതിലൂടെ സര്‍ക്കാര്‍ ആരുടെ കൂടെയാണെന്ന് തെളിഞ്ഞെന്നും സതീശന്‍ പറഞ്ഞു.

ഇത്തരമൊരു സംഭവം ഉണ്ടായിട്ടും സാംസ്‌കാരിക പ്രവര്‍ത്തകരാരും പ്രതികരിച്ച് കണ്ടിട്ടില്ല. ശക്തമായ നടപടികള്‍ സ്വീകരിക്കും വരെ യുഡിഎഫ് പ്രതിഷേധം തുടരും. സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി പോലും എടുത്തില്ല. അയാളെ സംരക്ഷിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

 

 

പ്രതിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടന്നു; സര്‍ക്കാര്‍ ആരുടെ കൂടെയെന്ന് തെളിഞ്ഞു: വിഡി സതീശന്‍

Share

Leave a Reply

Your email address will not be published. Required fields are marked *