ഗീതാഞ്ജലിയെ വിലയിരുത്തിയും കവിതകളാലപിച്ചും ടാഗോര്‍ ജയന്തി

ഗീതാഞ്ജലിയെ വിലയിരുത്തിയും കവിതകളാലപിച്ചും ടാഗോര്‍ ജയന്തി

കോഴിക്കോട്: വിശ്വമാനവികതയുടെ മഹിമയും ഗരിമയും വളര്‍ത്തിയെടുത്ത ടാഗോറിന്റെ സ്മരണയില്‍ ഭഷാസമന്വയ വേദി പൂര്‍ണ്ണ പബ്ലിഷേര്‍സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ടാഗോര്‍ ജയന്തി പരിപാടി നഗരത്തിന് വേറിട്ടൊരനുഭവമായി. ടാഗോറിന്റെ കവിതകള്‍ ബംഗാളി, മലയാളം, ഹിന്ദി ഭാഷകളില്‍ ആലപിച്ചും ഗീതാഞ്ജലിയെ വിലയിരുത്തിയും സംഘടിപ്പിച്ച സ്മൃതി സദസ്സ് കവി പി.പി.ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്തു.പുതിയ തലമുറ ടാഗോറിനെ പോലെയുള്ള പൂര്‍വ്വസൂരികളായ കവികളുടെ മനസ്സിലൂടെ അഭിരമിക്കണമെന്നും സംസ്‌കാരങ്ങളുടെ സവിശേഷതകള്‍ മനസ്സിലാക്കാന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഗീതാഞ്ജലിയിലൂടെ എന്ന വിഷയത്തില്‍ ഡോ.ആര്‍സു മുഖ്യ പ്രഭാഷണം നടത്തി. കോമള ഭാവനകളും ഉദാത്ത ചിന്തകളും മിസ്റ്റിസിസവും സമ്മേളിക്കുന്ന ത്രിവേണിയാണ് ടാഗോര്‍ കവിതകളെന്ന് അദ്ദേഹം വിലയിരുത്തി.
ചടങ്ങില്‍ ഡോ.ഒ.വാസവന്‍ അധ്യക്ഷനായിരുന്നു. സാഹിത്യത്തിലൂടെയും മറ്റു കര്‍മ്മമേഖലകളിലൂടെയും ലോകത്തിന് മുമ്പില്‍ ഉയര്‍ത്തി പിടിച്ച ഉദാത്തവും സമഗ്രവുമായ മാനവിക ദര്‍ശനമാണ് ടാഗോറിനെ വിശ്വ കവിയും വിശ്വപൗരനുമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. പി.കെ.രാധാമണി, ഡോ.കെ.വി.തോമസ് എന്നിവര്‍ മഹാകവിയുടെ സാഹിത്യ സാംസ്‌കാരിക രംഗത്തെ സംഭാവനകളെ വിലയിരുത്തി സംസാരിച്ചു. ഗീതാഞ്ജലികാരനൊരു കാവ്യാഞ്ജലി എന്ന പേരില്‍ സംഘടിപ്പിച്ച കവി സമ്മേളനത്തില്‍ ഡോ. ആമിന ഖാത്തൂന്‍, കെ.വരദേശ്വരി, ശ്രീധരന്‍ ചെറുവണ്ണൂര്‍, ചേന്നന്‍ തുളസീദളം, ഡോ.എം.കെ.പ്രീത, ഡോ.സി.സേതുമാധവന്‍, ഡോ.എം.കെ.അജിത കുമാരി, സഫിയ നരിമുക്കില്‍, കെ.എംവേണുഗോപാല്‍ ആലികുട്ടി മാസ്റ്റര്‍, എന്നിവര്‍ സ്വന്തം കവിതകളും ടാഗോര്‍ കവിതകളും അവതരിപ്പിച്ചു. കെ.എം.വേണുഗോപാല്‍ രചിച്ച സ്വപ്നസഖി എന്ന ഗാനം ഡോ.ആര്‍സു പ്രകാശനം ചെയ്തു.
ആര്‍.രേണുകുമാരി പ്രാര്‍ഥന ആലപിച്ചു. വേലായുധന്‍ പള്ളിക്കല്‍ സ്വാഗതവും ഡോ.ഇ. മിനി നന്ദിയും രേഖപ്പെടുത്തി.

 

 

 

 

 

ഗീതാഞ്ജലിയെ വിലയിരുത്തിയും
കവിതകളാലപിച്ചും ടാഗോര്‍ ജയന്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *