ന്യൂയോര്‍ക്ക്: പ്രമുഖ മൈക്രോ ബ്ലോഗിംഗ് ഫ്‌ളാറ്റ്‌ഫോമായ ട്വിറ്ററിന്റെ പുതിയ സി.ഇ.ഒയായി അമേരിക്കക്കാരിയായ ലിന്‍ഡ യക്കാരിനോ ചുമതലയേറ്റു. എന്‍.ബി.സി യൂണിവേഴ്‌സലിലെ മുന്‍ ഉദ്യോഗസ്ഥയായ ലിന്‍ഡ നേരത്തെ തന്നെ ട്വിറ്റര്‍ അക്കൗണ്ട് ട്വിറ്ററിന്റെ ഔദ്യോഗിക ഹാന്‍ഡിലുമായി ബന്ധിപ്പിച്ചിരുന്നു.
2022-ലാണ് ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ സി.ഇ.ഒ ആയി ചുമതലയേറ്റത്. എന്നാല്‍, മസ്‌ക് ട്വിറ്ററിന്റെ ചുമതല ഏറ്റെടുത്ത ശേഷം വിവിധ കാരണങ്ങളാല്‍ കമ്പനിയുടെ വരുമാന സ്രോതസ്സുകളായിരുന്ന പരസ്യദാതാക്കള്‍ പലരും ട്വിറ്ററിനെ വിട്ടുപോയിരുന്നു. ഇത് കമ്പനിയെ വലിയ രീതിയിലുള്ള സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നയിച്ചത്. ഇതിനോടൊപ്പം കൂട്ടപ്പിരിച്ചുവിടല്‍ നടപടിയും ട്വിറ്റര്‍ ഉള്ളടക്കവുമായി ബന്ധപ്പെട്ട മസ്‌കിന്റെ തീരുമാനവും ബ്ലൂ സബ്‌സ്‌ക്രിപ്ഷനും വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇതേ തുടര്‍ന്നാണ് നേതൃസ്ഥാനം കൈമാറാന്‍ മസ്‌ക് തീരുമാനിച്ചത്.
ട്വിറ്റര്‍ സി.ഇ.ഒ സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് മസ്‌ക് സര്‍വ്വേ നടത്തിയിരുന്നു. ഇതില്‍ ഭൂരിഭാഗം ആളുകളും പുതിയ സി.ഇ.ഒയെ നിയമിക്കണമെന്നാണ് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് പ്രമുഖ മാധ്യമ ഗ്രൂപ്പായ എന്‍.ബി.സി യൂണിവേഴ്‌സലില്‍ ഒരു ദശാബ്ദത്തോളം പ്രവര്‍ത്തിച്ചിരുന്ന ലിന്‍ഡ യക്കാരിനോയെ പുതിയ സി.ഇ.ഒ ആയി തിരഞ്ഞെടുത്തത്. മസ്‌ക് തന്നെയാണ് ലിന്‍ഡയെ പുതിയ സി.ഇ.ഒ ആയി നിയമിച്ച വിവരം പുറത്തുവിട്ടത്.
