വഴിമുടക്കി ബിജെപി നേതാവിന്റെ കാര്‍ ; ചികിത്സ കിട്ടാതെ രോഗി ആംബുലന്‍സില്‍ മരിച്ചു

വഴിമുടക്കി ബിജെപി നേതാവിന്റെ കാര്‍ ; ചികിത്സ കിട്ടാതെ രോഗി ആംബുലന്‍സില്‍ മരിച്ചു

ലക്നൗ: ഉത്തര്‍പ്രദേശില്‍ നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി പോയ ആംബുലന്‍സിന് വഴി നല്‍കാതെ ബിജെപി നേതാവ്. തുടര്‍ന്ന് രോഗി ആംബുലന്‍സില്‍ തന്നെ മരിച്ചു. ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ ശനിയാഴ്ചയാണ് സംഭവം. ബിജെപി നേതാവ് ഉമേഷ് മിശ്രയുടെ വാഹനമാണ് ഡ്രൈവര്‍ ഇല്ലാതെ നടുറോഡില്‍ പാര്‍ക്ക് ചെയ്തത്. നെഞ്ചുവേദനയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുരേഷ് ചന്ദ്രയെന്ന രോഗിയെ അടിയന്തിരമായി ലക്നൗ ആശുപത്രിയിലെത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത്. ഇതിനിടെയാണ് അതിദാരുണമായ സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.

ഉമേഷ് മിശ്ര തന്റെ വാഗണാര്‍ കാര്‍ നടുറോഡില്‍ പാര്‍ക്ക് ചെയ്തതോടെ ആംബുലന്‍സിന് വഴി തടസ്സപ്പെടുകയായിരുന്നു. മൂപ്പത് മിനുറ്റോളം ആംബുലന്‍സ് അവിടെ കുടുങ്ങുകയും ഹൃദയാഘാതം സംഭവിച്ച് രോഗി മരണപ്പെടുകയും ചെയ്തു. പിന്നീടാണ് ഉമേഷ് മിശ്ര എത്തുന്നത്. തുടര്‍ന്ന് വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടതോടെ അദ്ദേഹം രോഗിയുടെ ബന്ധുക്കളോട് രോഷാകുലനാകുകയും മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബി. ജെ. പി നേതാവും ബ്ലോക്ക് തലവനുമായ രാംകിങ്കര്‍ പാണ്ഡെയുടെ സഹോദരനാണ് താനെന്നു പറഞ്ഞ് ഉമേഷ് മിശ്ര മരിച്ചയാളുടെ ഭാര്യാസഹോദരനെ അധിക്ഷേപിക്കുന്നതും പോലീസ് കേസുകളില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതും സമീപവാസികള്‍ പകര്‍ത്തിയ വീഡിയോയില്‍ കാണാം.

തന്റെ നിര്‍ദേശപ്രകാരമാണ് ജില്ലാ കളക്ടറും പൊലീസും പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി നേതാവ് പറയുന്നുണ്ട്. അതിനിടെ സംഭവ സ്ഥലത്തേത്തിയ ചില പൊലീസുകാര്‍ സാക്ഷികളായിരുന്നെങ്കിലും അവരൊന്നും തന്നെ വിഷയത്തില്‍ ഇടപെട്ടില്ലെന്നും ആരോപണം ഉയര്‍ന്നു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *