ബിജെപി കേരളത്തിലും സര്‍ക്കാരുണ്ടാക്കും: മോദി

ബിജെപി കേരളത്തിലും സര്‍ക്കാരുണ്ടാക്കും: മോദി

ന്യൂഡല്‍ഹി :വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ ബിജെപിയെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഘാലയയിലും നാഗാലാന്‍ഡിലും ബിജെപി സര്‍ക്കാരുണ്ടാക്കിയതുപോലെ കേരളത്തിലും സര്‍ക്കാരുണ്ടാക്കുമെന്നും ഒരു സംസ്ഥാനത്ത് ഗുസ്തി, ഒരിടത്ത് ദോസ്തി എന്ന നിലപാട് കേരളത്തിലെ ജനങ്ങള്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ചു.
തെരഞ്ഞെടുപ്പ് ജയം കഠിന പ്രയത്‌നത്തിന്റെ ഫലമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിയെ ഭയക്കുന്നില്ല. ക്രിസ്ത്യന്‍ സഹോദരങ്ങള്‍ ബിജെപിക്കൊപ്പം നിന്നു. ഡല്‍ഹിയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള അകലം കുറയുന്നു. പുതിയ ചരിത്രം സൃഷ്ടിക്കേണ്ട സമയമാണിത്. ഇനി വടക്കുകിഴക്കന്‍ മേഖലയുടെ സമാധാനം, സമൃദ്ധി, വികസനം എന്നിവയുടെ കാലമാണ്.’

‘ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു. ഒപ്പം മൂന്നു സംസ്ഥാനങ്ങളിലെയും ബിജെപി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. വടക്കുകിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തനം അത്ര എളുപ്പമല്ല, അതിനാല്‍ അവര്‍ക്ക് പ്രത്യേക നന്ദിയും പറയുന്നു’ പ്രധാനമന്ത്രി പറഞ്ഞു.

ഇന്നത്തെ വിജയം ജനാധിപത്യത്തിലുള്ള വിശ്വാസം തെളിയിക്കുന്നതാണ്. മികച്ച ഭരണമാണ് വിജയത്തിന് അടിത്തറ പാകിയതെന്നും മോദി പറഞ്ഞു. മോദി മരിക്കട്ടെ എന്നാണ് ചിലര്‍ പറയുന്നത്, എന്നാല്‍ മോദി പോവല്ലേ എന്നാണ് ജനം പറയുന്നത്. വിജയാഘോഷത്തിന്റെ ഭാഗമായി മൊബൈല്‍ ടോര്‍ച്ച് തെളിയിക്കാനും മോദി ആഹ്വാനം ചെയ്തു.ദില്ലിയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും തമ്മില്‍ പാലം പണിയാനായി, ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് മാറ്റത്തിന്റെ സമയമാണെന്ന് പറഞ്ഞ മോദി, ബിജെപിയെ തെരഞ്ഞെടുത്ത എല്ലാവര്‍ക്കും നന്ദിയും അറിയിച്ചു.

ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഒപ്പമുണ്ട്. നാഗാലാന്‍ഡിലും മേഘാലയയിലും ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വോട്ടും ബിജെപിക്ക് ലഭിച്ചുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.ചെറിയ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നവര്‍ എങ്ങനെ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന് ചോദിച്ച മോദി, പ്രതിപക്ഷത്തെ പരിഹസിച്ചു. ഇതുവരെ പ്രതിപക്ഷം ഇവിഎമ്മിനെ കുറ്റം പറയുന്നത് കണ്ടില്ലെന്നായിരുന്നു മോദിയുടെ വിമര്‍ശനം.

 

Share

Leave a Reply

Your email address will not be published. Required fields are marked *