പണപ്പെരുപ്പം 58വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; പാകിസ്ഥാനെ തകര്‍ത്ത് സാമ്പത്തിക പ്രതിസന്ധി

പണപ്പെരുപ്പം 58വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; പാകിസ്ഥാനെ തകര്‍ത്ത് സാമ്പത്തിക പ്രതിസന്ധി

ഇസ്ലാമാബാദ് :രാജ്യത്ത് പണപ്പെരുപ്പം 58 വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലായതോടെ പാകിസ്ഥാനെ വരിഞ്ഞ് മുറുക്കി സാമ്പത്തിക പ്രതിസന്ധി. ഉയര്‍ന്ന പണപ്പെരുപ്പവും വിദേശനാണ്യശേഖരത്തിലെ ഇടിവുമാണ് പാക്കിസ്ഥാന് തിരിച്ചടിയായിരിക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ റോഡുകളിലെ ചുങ്കപ്പിരിവ് നിര്‍ബന്ധമാക്കി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി(പി.എ.സി.) ഉത്തരവ് പുറത്തിറക്കി.പണപ്പെരുപ്പം ഫെബ്രുവരിയില്‍ 31.6 ശതമാനത്തിലെത്തിയതോടെയാണ് രാജ്യം വന്‍ പ്രതിസന്ധിയെ നേരിടുന്നത്.

1965നു ശേഷം ആദ്യമായാണ് പണപ്പെരുപ്പം ഇത്രയേറെ ഉയരത്തില്‍ എത്തുന്നത്. വരും മാസങ്ങളിലും രാജ്യത്ത് പണപ്പെരുപ്പം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 12.2 ശതമാനമായിരുന്നു പണപ്പെരുപ്പം.

പണപ്പെരുപ്പത്തെ തുടര്‍ന്ന് യാത്ര ചെലവ്, ഭക്ഷ്യ വസ്തുക്കള്‍, ആല്‍ക്കഹോളിക് അല്ലാത്ത ബീവറേജുകള്‍, ആല്‍ഹോളിക് ബീവറേജുകള്‍, പുകയില വസ്തുക്കള്‍ എന്നിവയുടെ വിലയും ഇനിയും വര്‍ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.ഭക്ഷ്യസാധനങ്ങളുടെ വിലയും പാക്കിസ്ഥാനില്‍ കുതിച്ച് ഉയരുകയാണ്.

സൈനികച്ചെലവുകള്‍ക്ക് പണം കണ്ടെത്താനാകാതെ വിയര്‍ക്കുകയാണ് ഭരണകൂടം. പല പട്ടാളക്യാമ്പുകളിലും ഭക്ഷണംപോലും ലഭ്യമാക്കാനാകുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സൈനികര്‍ക്ക് രണ്ടുനേരം ഭക്ഷണംപോലും നല്‍കാനാകാത്ത സ്ഥിതിയാണുള്ളത്. സൈനികക്യാമ്പുകളിലെ ദയനീയസ്ഥിതി ചൂണ്ടിക്കാണിച്ച് ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ ഉന്നതാധികാരികള്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്.

ചെലവുചുരുക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ജീവനക്കാരുടെ വേതനം വെട്ടിക്കുറയ്ക്കല്‍, വിദേശദൗത്യങ്ങളുടെ എണ്ണംകുറയ്ക്കല്‍, ചാരസംഘടനയായ ഐ.എസ്.ഐ.ക്കും ഇന്റലിജന്‍സ് ബ്യൂറോയ്ക്കും നല്‍കുന്ന പ്രത്യേക ഫണ്ടുകള്‍ ചുരുക്കല്‍ തുടങ്ങിയവയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *