ബെയ്ജിങ്: 2016ലെ ഒരു അവധിക്കാലത്ത് വീട്ടുകാര്‍ വാങ്ങിയ ടിബറ്റന്‍ നായ്ക്കുട്ടി രണ്ട് വര്‍ഷത്തിനുശേഷം വളര്‍ന്നു വലുതായപ്പോള്‍ കരടിയായി. ചൈനയിലെ യോന്നാന്‍ പ്രവിശ്യയിലെ ഗ്രാമത്തിലെ സു യന്‍ എന്നയാളുടെ വീട്ടിലാണ് അദ്ഭുതകരമായ സംഭവമുണ്ടായത്. രണ്ടു വര്‍ഷത്തോളം വളര്‍ത്തി വലുതാക്കിയതിന് ശേഷമാണ് അവരുടെ നായ്ക്കുട്ടി വംശനാശ ഭീഷണി നേരിടുന്ന ഏഷ്യന്‍ കരടിയാണെന്ന് തിരിച്ചറിഞ്ഞത്.2018ല്‍ ആദ്യമായി ഈ അദ്ഭുതകരമായ കഥ പുറംലോകത്തെത്തിയിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും വൈറലാവുകയായിരുന്നു.
കറുപ്പും ബ്രൗണും കൂടിയുള്ളതാണ് സാധാരണ ഗതിയില്‍ ടിബറ്റന്‍ നായക്കുട്ടികള്‍. ഇവര്‍ വളര്‍ന്നു വലുതാവുമ്പോള്‍ ഏകദേശം 69കിലോയോളം തൂക്കം വരും. ഇവ കറുത്ത ഏഷ്യന്‍ കരടിയോട് സാദൃശ്യമുള്ളവയാണ്. അമിതമായ അളവില്‍ ഭക്ഷണം കഴിച്ചിരുന്നതായി സു യന്‍ പറയുന്നു. ഒരുപെട്ടി പഴങ്ങളും രണ്ടു ബക്കറ്റ് ന്യൂഡില്‍സുമൊക്കെയാണ് കഴിച്ചിരുന്നത്. ഇത് വീട്ടുകാരനില്‍ സംശയം ജനിപ്പിച്ചിരുന്നു. പിന്നീടാണ് വളര്‍ന്നു വരുമ്പോള്‍ നായ്ക്കുട്ടിക്ക് കരടിയുടെ രൂപസാദൃശ്യമുണ്ടാവുന്നത്.
കരടിയാണെന്ന് തിരിച്ചറിഞ്ഞതോടെ സു യന്‍ അധികൃതരെ ബന്ധപ്പെടുകയായിരുന്നു. വന്യജീവികളെ വീടുകളില്‍ വളര്‍ത്തുന്നത് നിയമവിരുദ്ധമാണ്. അധികൃതര്‍ എത്തുകയും കരടിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതോടെ നായ്ക്കുട്ടിയെ കൊണ്ടുപോവുകയായിരുന്നു. കരടിക്ക് 182കിലോ ഗ്രാം തൂക്കവും മൂന്നടി ഉയരവുമുണ്ട്. കരടിയെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അവിടെ നിരീക്ഷണത്തില്‍ തുടരുകയാണ്. ഹിമാലയന്‍ കരടി അല്ലെങ്കില്‍ ചന്ദ്രക്കരടി എന്നും അറിയപ്പെടുന്ന പൂര്‍ണ്ണവളര്‍ച്ചയെത്തിയ ആണ്‍ ഏഷ്യന്‍ കരടിക്ക് 200 കിലോ വരെ ഭാരമുണ്ടാകും.
