വാഷിംഗ്ടണ്‍ :ലൈംഗികാതിക്രമവും പീഡനവും ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് നാടുവിട്ട നിത്യാനന്ദയുടെ സ്വയം പ്രഖ്യാപിത രാജ്യമായ യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസത്തിന്റ സ്ഥിരം അംബാസിഡര്‍ മാ വിജയപ്രിയ നിത്യാനന്ദ ഐക്യരാഷ്ട്രസഭ പരിപാടിയിലെ പ്രസ്താവനയില്‍ വിശദീകരണവുമായി രംഗത്ത് ഐക്യരാഷ്ട്ര സഭാ യോഗത്തില്‍ ഇന്ത്യ നിത്യാനന്ദയെ വേട്ടയാടുന്നുവെന്ന പരാതിയായിരുന്നു കൈലാസ പ്രതിനിധിയായി എത്തിയ വിജയപ്രിയ ഉന്നയിച്ചത്. പരമ്പരാഗത ഹൈന്ദവ സംസ്‌കാരവും പാരമ്പര്യവും ജീവിതശൈലിയും പുനരുജ്ജീവിപ്പിക്കാനായി നിത്യാനന്ദ ശ്രമിക്കുകയാണെന്നും, എന്നാല്‍ മഹാഗുരുവായ നിത്യാനന്ദയെ ബലാത്സംഗക്കേസില്‍ പ്രതിയാക്കി പീഡിപ്പിക്കപ്പെടുകയാണെന്നും ജന്മനാട്ടില്‍ നിന്ന് നാടുകടത്തിയെന്നും അവര്‍ ആരോപിച്ചിരുന്നു.ഇന്ത്യക്കെതിരായ പരാമര്‍ശങ്ങള്‍ തിരുത്തിയുള്ള വിശദീകരണമാണ് വിജയപ്രിയ ഇപ്പോള്‍ പ്രസ്താവനയില്‍ നല്‍കിയിരിക്കുന്നത്.
‘യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസ’ ഇന്ത്യയെ ഉയര്‍ന്ന ബഹുമാനത്തോടെയാണ് കാണുന്നത്. ഭഗവാന്‍ നിത്യാനന്ദ പരമശിവത്തെ ജന്മനാട്ടില്‍ ചില ഹിന്ദു വിരുദ്ധര്‍ പീഡിപ്പിക്കുന്നുവെന്നാണ് ഞാന്‍ പ്രസ്താവിച്ചതെന്ന് വിശദീകരിക്കാന്‍ ആഗ്രഹിക്കുകയാണ്. കൈലാസ ഇന്ത്യയെ ഉന്നത സ്ഥാനത്ത് പരിഗണിക്കുകയും ഗുരുപീഠമായി ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും വിജയപ്രിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയില്‍ നിരവധി ആശ്രമങ്ങള്‍ നടത്തിയിരുന്ന നിത്യാനന്ദയ്ക്കെതിരെ 2019 നവംബറില്‍, ആശ്രമത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന ആരോപണങ്ങള്‍ ഗുജറാത്ത് പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ഒളിവില്‍ പോയത്. തുടര്‍ന്ന് കൈലാസം എന്ന രാജ്യം സ്ഥാപിച്ച് സ്വന്തമായി നാണയവും പാസ്‌പോര്‍ട്ടും പുറത്തിറക്കി. എന്നാല്‍, രാജ്യം ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. കൈലാസ രാജ്യത്തിന്റെ രാജാവായി നിത്യാനന്ദയെ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 22ന് ചേര്‍ന്ന 19-ാമത് യുണൈറ്റഡ് നേഷന്‍സ് കമ്മിറ്റി സുസ്ഥിര വികസന യോഗത്തിലാണ് മാ വിജയപ്രിയ നിത്യാനന്ദ പങ്കെടുത്തത്. വിജയപ്രിയ ‘കൈലാസത്തില്‍ നിന്നുള്ള സ്ഥിരം അംബാസഡര്‍’ ആണെന്നാണ് യുണൈറ്റഡ് നേഷന്‍സ് വെബ്സൈറ്റില്‍ പറയുന്നത്.
2010-ല്‍ കര്‍ണാടക സെഷന്‍സ് കോടതി നിത്യാനന്ദക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മുന്‍ ഡ്രൈവര്‍ ലെനിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നിത്യാനന്ദയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. 2020ല്‍ നിത്യാനന്ദ രാജ്യം വിട്ടെന്ന് ചൂണ്ടിക്കാട്ടി ലെനിന്‍ ഹര്‍ജി നല്‍കിയതോടെ ജാമ്യം റദ്ദാക്കി. 2022 ഒക്ടോബറില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ദീപാവലി ആഘോഷത്തിന് നിത്യാനന്ദയുടെ അനുയായികളില്‍ ഒരാളായ നിത്യ ആത്മദയാനന്ദയെ ക്ഷണിച്ചത് വിവാദമായിരുന്നു. കണ്‍സര്‍വേറ്റീവ് എംപി ബോബ് ബ്ലാക്ക്മാനും ഹൗസ് ഓഫ് ലോര്‍ഡ്‌സ് അംഗം റാമി റേഞ്ചറുമാണ് നിത്യയെ ക്ഷണിച്ചത്. ഇന്റര്‍പോള്‍ നിത്യാനന്ദക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ചിരുന്നു.
