- ദര്‍ശന സമയം കൂട്ടി
തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ ആരംഭിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പ്രതിദിനം ഇനിമുതല്‍ 90,000 പേര്‍ക്കായിരിക്കും ദര്‍ശനം അനുവദിക്കുക. അതേ സമയം, ദര്‍ശന സമയം ഒരു മണികൂര് കൂടി വര്‍ധിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. തീര്‍ത്ഥാടകര്‍ക്ക് തൃപ്തികരമായ ദര്‍ശനം ഉറപ്പാക്കാനാണ് നടപടികളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് കാലത്തെ നിയന്ത്രണങ്ങളെല്ലാം നീക്കിയതോടെ ശബരിമലയില്‍ ഇത്തവണ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിസവങ്ങളില്‍ തിരക്ക് അനിയന്ത്രിതമായിരുന്നു. ഈ സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ തൃപ്തികരമായ ദര്‍ശനം നടത്തി സുരക്ഷിതരായി മടങ്ങുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശബരിമലയില്‍ പ്രതിദിനമെത്തുന്ന ഭക്തരുടെ എണ്ണം 85,000 മായി നിജപ്പെടുത്തണമെന്നായിരുന്നു പോലിസ് നിലപാട്. കഴിഞ്ഞ ദിവസങ്ങളില്‍ ഭക്തജനതിരിക്കുമൂലമുണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് തീര്‍ത്ഥാടകരുടെ എണ്ണം കുറയ്ക്കണമെന്ന് പോലിസ് നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ ദിവസം 11,000 വാഹനങ്ങള്‍ നിലയ്കക്കലെത്തിയതോടെ വാഹന പാര്‍ക്കിങ്ങും താളം തെറ്റിയിരുന്നു. നിലയ്ക്കലില്‍ ഭക്തരെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഒരുക്കാനും തീരുമാനമായി. ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്ച തോറും ഉന്നതതല യോഗം ചേര്‍ന്ന് നടപടിക്രമങ്ങള്‍ വിലയിരുത്തും.
ഇന്നത്തെ ബുക്കിംഗ് 1,07,260 ആയിരുന്നു. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ബുക്കിംഗാണിത്. ഇത് രണ്ടാം തവണയാണ് ഈ സീസണില്‍ ഒരു ലക്ഷത്തിന് മുകളില്‍ ബുക്കിംഗ് വരുന്നത്. ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ പോലിസ് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഭക്തരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് നിയന്ത്രണവിധേയമായി സെഗ്മെന്റുകളായി തിരിച്ച് ഘട്ടം ഘട്ടമായേ കടത്തിവിടുകയുള്ളൂ. ഇതിനായി ഒരോ പോയിന്റുകളിലും കൂടുതല്‍ പോലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ശബരിമല സ്പെഷ്യല്‍ ഓഫിസര്‍ ഹരിശ്ചന്ദ്ര നായിക് പറഞ്ഞു. ഭക്തര്‍ തിരക്കില്‍പ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് സെഗ്മന്റുകളായി തിരിക്കുന്നത്. ക്യൂവില്‍ നില്ക്കുന്ന ഭക്തര്‍ക്ക് ലഘുഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കും. പോലിസിന് പുറമെ ആര്.എ.എഫ്, എന്‍.ഡി.ആര്.എഫ് സേനാംഗങ്ങളുടെ സേവനവും തിരക്ക് നിയന്ത്രിക്കാന്‍ ഉപയോഗിക്കും. ഡിസംബര്‍ 13ന് 77,216 പേരും 14 ന് 64,617 പേരുമാണ് ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ ഇതുവരെ ബുക്ക് ചെയ്തിരിക്കുന്നത്.
