രവി കൊമ്മേരി
ഷാര്‍ജ: വ്യത്യസ്തമായ മുഖങ്ങള്‍ വ്യത്യസ്തമായ പരിപാടികള്‍ അതാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വ്യത്യസ്തമായ കഴിവുകള്‍ തെളിക്കുന്ന വേദി കൂടിയാണിത്. വായിച്ചറിഞ്ഞ കഥാപാത്രങ്ങളാകുക, ഇഷ്ടപ്പെടുന്ന രചയിതാക്കളുടെ കവിതകള്‍ പാടുക, കഥകള്‍ പറയുക, പാട്ടിലൂടെയും നൃത്തങ്ങളിലൂടെയും കഥകള്‍ ആവിഷ്ക്കരിക്കുക, കുട്ടികളുടേതായ ലോകത്തിലിരുന്നു കൊണ്ട് കൂടുതല്‍ കൂടുതല്‍ പുസ്തകങ്ങളെ സ്നേഹിക്കാന്‍ പഠിപ്പിക്കുകയാണ് അധ്യാപകരും രക്ഷിതാക്കളും പുസ്തകോത്സവ നഗരിയിലൂടെ ചെയ്യുന്നത്.
തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയില്‍ നിന്ന് നിമിഷ നേരം കൊണ്ട് ലോക പ്രസിദ്ധരായ രചയിതാക്കളുടെയും മഹാന്മാരുടെയും ചിത്രങ്ങള്‍ ക്യാന്‍വാസില്‍ വരയ്ക്കുന്ന മറ്റൊരു മഹാപ്രതിഭയുടെ അസാദ്യ പ്രകടനവും ഇന്നത്തെ പുസ്തകോത്സവത്തിന്റെ പ്രത്യേകതയായിരുന്നു. കൂടാതെ ആശയവിനിമയങ്ങളും സംവാദങ്ങളും അരങ്ങു തകര്‍ക്കുന്ന കാഴ്ച്ചകള്‍ വേറെയും. ഇതിനൊക്കെ പുറമേ പുസ്തകോത്സവത്തില്‍ വരുന്ന പുസ്തകപ്രേമികള്‍ക്കും ആസ്വാദകര്‍ക്കും വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ മനോഹരമായ സംഗീതജ്ഞന് മാരുടെ മാസ്മര കലാപ്രകടനങ്ങളും പ്രത്യേകം ഒരുക്കിയിട്ടുണ്ട്.



