കീവ്: യുക്രയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം. കീവിലും സമീപ പ്രദേശങ്ങളിലും ആക്രമണം തുടരുകയാണ് റഷ്യ. ആക്രമണത്തില്‍ എട്ട് പേര്‍ മരിക്കുകയും 26ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി സ്ഫോടനങ്ങള്‍ കേട്ടെന്നും കനത്ത ആള്‍നാശം സംശയിക്കുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് ആക്രമണം ഉണ്ടായത്. തെരുവുകളില്‍ നിരവധി വാഹനങ്ങളും കെട്ടിടങ്ങളും തകര്‍ന്നു കിടക്കുന്ന ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു.
കഴിഞ്ഞദിവസത്തെ സ്ഫോടനത്തില്‍ തകര്‍ന്ന ക്രിമിയന്‍ പാലത്തിനു സുരക്ഷ വര്‍ധിപ്പിക്കാനുള്ള ഉത്തരവ് പുടിന്‍ പുറപ്പെടുവിച്ചതായി റഷ്യ അറിയിച്ചു. ക്രിമിയയ്ക്കു പ്രകൃതിവാതകം എത്തിക്കുന്ന പൈപ്പിന്റെ സുരക്ഷ വര്‍ധിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. റഷ്യ ക്രൈമിയ പാതയിലെ പ്രധാന പാലം തകര്‍ത്തതിന്റെ തിരിച്ചടിയാണ് ആക്രമണമെന്നാണ് സൂചന. പാലം തകര്‍ത്തത് ഭീകരാക്രണമെന്നായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിന്റെ നിലപാട്.
ആക്രമണത്തില്‍ പരുക്കേറ്റവരെ യുക്രെയ്ന്‍ സൈന്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. ആദ്യ ആക്രമണത്തിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടന്നു. സ്‌ഫോടനത്തില്‍ തലസ്ഥാന നഗരത്തിലെ ജലവിതരണ, വൈദ്യുത സംവിധാനങ്ങള്‍ പൂര്‍ണമായും തകരാറിലായി. കീവിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് പുകച്ചുരുകള്‍ ഉയരുന്നുണ്ട്. കീവിന് പുറമെ തന്ത്രപ്രധാന മേഖലകളായ ലിവീവ്, ദിനിത്രി, സപ്രോഷ്യ മേഖലകളിലും വന്‍ ആക്രമണമാണ് റഷ്യ നടത്തുന്നത്.
