അധ്യാപക ക്ഷാമം: കുട്ടികളെ വിദ്യാലയങ്ങളിലയക്കാതെ സമരം ചെയ്യും

അധ്യാപക ക്ഷാമം: കുട്ടികളെ വിദ്യാലയങ്ങളിലയക്കാതെ സമരം ചെയ്യും

മാഹി: അധ്യാപക ക്ഷാമം മൂലം അധ്യയനം വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തിലും വിദ്യാഭ്യാസ വകുപ്പ് ഉറപ്പ് പാലിക്കാത്തതിലും പ്രതിഷേധിച്ച് മാഹി മേഖല സംയുക്ത അധ്യാപക രക്ഷാകര്‍തൃസമിതിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 10 ന് മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും സമരം സംഘടിപ്പിക്കും. അധ്യാപക ക്ഷാമം മൂലം പല വിദ്യാലയങ്ങളിലും പി.ടി.എകളാണ് താല്‍ക്കാലികമായി അധ്യാപകരെ നിയമിച്ച് വേതനം നല്‍കുന്നത്. അഞ്ചാം തരം വരെയുള്ള എല്‍.പി വിഭാഗങ്ങളില്‍ എല്ലാ വിദ്യാലയങ്ങളിലും പ്രധാന അധ്യാപകനടക്കം ആറ് പേര്‍ വേണ്ടിടത്ത് മൂന്നും നാലും പേര്‍ വീതമാണുള്ളത്. വര്‍ഷങ്ങളായി ഇത് തുടരുകയാണ്.

ഫ്രഞ്ച് ഹൈസ്‌ക്കൂളില്‍ ഹൈസ്‌കൂള്‍ തലത്തില്‍ മൂന്ന് ഫ്രഞ്ച് അധ്യാപകര്‍ വേണ്ടിടത്ത് ആരുമില്ല. ഫ്രഞ്ച് അറിയാവുന്ന പ്രൈമറി അധ്യാപകരാണ് ഹൈസ്‌കൂള്‍ ക്ലാസുകള്‍ എടുക്കുന്നത്. ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുമെന്ന് പലവട്ടം ഉറപ്പ് നല്‍കിയിട്ടും പ്രശ്‌നം പരിഹരിക്കാതെ അധ്യയന വര്‍ഷങ്ങള്‍ പലതും കടന്നു പോവുകയാണ്. ഒന്ന് മുതല്‍ എട്ട് വരെ ഓരോ ക്ലാസിലും അധ്യാപകര്‍ വേണമെന്ന വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കപ്പെടുകയാണ്. ചെറിയ ക്ലാസുകള്‍ ചില വിദ്യാലയങ്ങളില്‍ സംയോജിപ്പിച്ചു കൊണ്ടാണ് നടത്തുന്നത്.

സ്വകാര്യ വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണോ വര്‍ഷങ്ങളായി പ്രൈമറി വിഭാഗത്തോട് കാണിക്കുന്ന അവഗണനയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ആഗസ്റ്റ് 10 ന് വിദ്യാര്‍ഥികളെ സ്‌കൂളില്‍ അയക്കാതെ പി.ടി.എയുടെ നേതൃത്യത്തില്‍ രക്ഷിതാക്കളെയും നാട്ടുകാരെയും അണിനിരത്തിയാണ് വിദ്യാര്‍ഥികളുടെ ഭാവി സംരക്ഷിക്കാനുള്ള സമരം നടത്തുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *