ഓരോ ജീനിലും കലയുടെ തേൻകണങ്ങൾ സംഭരിച്ചു വെച്ച ജീവിതം

ഓരോ ജീനിലും കലയുടെ തേൻകണങ്ങൾ സംഭരിച്ചു വെച്ച ജീവിതം

  • ചാലക്കര പുരുഷു

മാഹി: പഴമയുടെ, ഐതീഹ്യങ്ങളുടെ ശേഷിപ്പുകൾ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കുന്ന മയ്യഴിയിൽ ഒരു പക്ഷെ വരാനിരിക്കുന്ന ഓണനാളിലും ഓണപ്പൊട്ടനെ കണ്ടേക്കാം. എന്നാൽ മണിയുംകിലുക്കി ഓലക്കുടയുമായി ആർപ്പുവിളികളോടെ വീട്ടുമുറ്റങ്ങളിലെത്തുന്ന ഓണപ്പൊട്ടന് ഇനിയൊരിക്കലും മയ്യഴി പുത്തലത്തെ ഭരതൻ്റെ മുഖച്ഛായ ഉണ്ടാവില്ല.ദേശവാസികളെയാകെ മാവേലിയെ പോലെ കാണാനെത്തുന്ന, ദശകങ്ങളോളം നിയോഗം സിദ്ധിച്ച പുത്തലത്തെ ഭരതൻ, ഓണപ്പൂക്കൾ മിഴി തുറന്ന് നിൽക്കുമ്പോഴും, ഓണം വരെ കാത്ത് നിൽക്കാതെ കലയുടേയും കലാകാരന്മാരുടേയും മാത്രമായ, പട്ടിണിയില്ലാത്ത അജ്ഞാതലോകത്തിലേക്ക് യാത്രയായി. ഈ മനുഷ്യൻ്റെ ശ്വാസനിശ്വാസങ്ങളിൽ, തോറ്റംപാട്ടിൻ്റെ ഈണങ്ങൾ ഒഴുകി നടന്നു.

പട്ടിണിയെ മറികടക്കാൻ കലകൾ കൊണ്ട് കഴിയുമെന്ന് സ്വന്തം ജീവിതം കൊണ്ട് ഈ മനുഷ്യൻ തെളിയിച്ചു

 

സപ്തസ്വരങ്ങളുടെ ലയവും വരകളുടേയും വർണ്ണങ്ങളുടേയും താളവും ഹൃദയത്തിൽ അലിഞ്ഞു ചേർന്ന തെയ്യം കലാ കുടുംബത്തിലെ ഈ ബഹുമുഖപ്രതിഭക്ക് അറിയാത്ത കലകളുടെ സഞ്ചാരവഴികളില്ലെന്ന് തന്നെ പറയാം. നേർത്ത് മെലിഞ്ഞവിരലുകളിൽ രാഗലയങ്ങളും നിറച്ചാർത്തുകളും ഒരുപോലെ വഴങ്ങി നിന്നു. ചെണ്ടയും തബലയുമടക്കം താളവാദ്യങ്ങളിലെല്ലാം അനിതര സാധാരണമായ വാദന ശേഷിയുള്ള ഈ കലാകാരൻ, ഹാർമ്മോണിയത്തിൽ വിരലുകളോടിക്കുമ്പോൾ രാഗങ്ങൾ നടനമാടും. പ്രശസ്ത ഗായകൻ വടകര കൃഷ്ണദാസിൻ്റെ സംഗീത ട്രൂപ്പിലെ സ്ഥിരം തബലിസ്റ്റായിരുന്നു.

ഉത്തര കേരളത്തിലെ ഏതാണ്ട് എല്ലാ തെയ്യങ്ങളുടേയും ശിൽപ്പങ്ങൾ നിർമ്മിച്ചിട്ടുള്ള ഭരതൻ, കുരുത്തോല കൊണ്ട് നിർമ്മിക്കുന്ന അലങ്കാര വസ്തുക്കൾ നാടോടിത്തനിമയുടെ ഉത്സവമുദ്രകളായിരുന്നു. മുഖത്തെഴുത്ത് വിദഗ്ധനായിരുന്ന ഈ കലാകാരന്റെ ഒഴുക്കാർന്ന പെയിൻ്റിങ്ങുകളുടെ മനോജ്ഞ പ്രവാഹമാണ് നാടൻ കലാരൂപങ്ങളിൽ നിറയുക. തെയ്യം നാടോടി കലാ രൂപങ്ങളുടെ ഛായാപടങ്ങളെ തനത് സ്വത്വബോധമുള്ള കലയാക്കി കാണാനും വായിക്കാനുമുള്ള അപൂർവമായ സംവേദനക്ഷമത ഓരോ ശിൽപ്പങ്ങളിലും പ്രകടമാണ്

ഭരതൻ

നൈസർഗ്ഗികമായി സിദ്ധിച്ച തിളക്കമാർന്ന സിദ്ധിവൈഭവത്തിൽ നിന്ന് ഭരതൻ നെയ്തെടുത്ത അനവധിയായ തെയ്യങ്ങളുടെ ശിൽപ്പങ്ങളും കരകൗശല വസ്തുക്കളും ഗൃഹാലങ്കാര സാമഗ്രികളുമെല്ലാം ആരേയും അതിശയിപ്പിക്കും. ഈ കലാകാരൻ്റെ മുമ്പിൽ പാഴ് വസ്തുക്കളായി ഒന്നുമുണ്ടായിരുന്നില്ല.

നാട്ടിൽ ചെറുതും വലുതുമായ ഏത് ആഘോഷങ്ങളുണ്ടായാലും, അതിന് നാടൻ കലാരൂപങ്ങളുടേയും, ഗോത്ര സംസ്കൃതിയുടേയും തനിമ പകർന്നേകാൻ ഈ കലാകാരനുണ്ടായിരുന്നു.

പട്ടിണിയുടെ രുചിയെന്തെന്ന് നന്നായറിഞ്ഞ ഈ കലാകാരൻ, കലകളെ ഉപാസിച്ചാണ് തൻ്റെ കുടുബത്തെ ഇക്കാലമത്രയും പോറ്റിയത്. കലയെ വിൽപ്പനച്ചരക്കായി മാറ്റിയ വർത്തമാനകാലത്ത് തൻ്റെ ആയുസ്സ് മുഴുവൻ കലയ്ക്കായി സമർപ്പിച്ച ഈ മനുഷ്യന് പട്ടിണി മാത്രമായിരുന്നു മിച്ചം.

ജീവിതകാലത്ത് പ്രശസ്തിയോ, അംഗീകാരമോ, ലഭിക്കാതെ പോയ ഈ മനുഷ്യൻ, മയ്യഴിയുടെ കലാ സാംസ്ക്കാരിക രംഗത്തെ പുറംപോക്കിലാണ് എന്നും ജീവിച്ചത്. തീവണ്ടികൾ ചീറിപ്പായുന്ന മാഹി റെയിൽവെ പാലത്തിൻ്റെ ഓരത്തിരുന്ന് ,വീണു കിട്ടുന്ന നേരങ്ങളിൽ മീൻ പിടിക്കാനെത്തുന്ന, മെലിഞ്ഞുണങ്ങിയ ഈ മനുഷ്യൻ്റെ രൂപം ഇനി കലയെ സ്നേഹിക്കുന്നവരുടെ ഓർമ്മകളിലേക്ക് ചേക്കേറും

 

Share

Leave a Reply

Your email address will not be published. Required fields are marked *