കോഴിക്കോട്: മാനസികാരോഗ്യ ചികിത്സാ രംഗത്ത് മികവിന്റെ 40 വര്‍ഷങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ച കേരള സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇംഹാന്‍സി (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ്) ല്‍ സ്‌കിസോഫ്രീനിയ ദിനാചരണത്തോടൊപ്പം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ് രൂപീകരണവും നടത്തി. മാനസിക വെല്ലുവിളി നേരിടുന്ന സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി ഇത്തരത്തില്‍ മികച്ച സംഭാവനകള്‍ നല്‍കി വരുന്ന ജനകീയ സ്ഥാപനമാണ് ഇംഹാന്‍സ്. ഫാമിലി സപ്പോര്‍ട്ട് രൂപീകരണത്തോടെ അസുഖബാധിതരുടെ കുടുംബാംഗങ്ങള്‍ക്ക് വളരെ വലിയ പിന്തുണ ശാസ്ത്രീയമായി നല്‍കാന്‍ ഇംഹാന്‍സിന് സാധിക്കും.
കോഴിക്കോട് കുതിരവട്ടത്ത് പ്രവര്‍ത്തിച്ചു വരുന്ന പുനരധിവാസ കേന്ദ്രത്തില്‍ ശനിയാഴ്ച്ച രാവിലെ 10 മണിക്ക് നടന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓണ്‍ലൈനിലൂടെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി. മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി. രനീഷ്, കെ.എച്ച്.ആര്‍.എ ജില്ലാ ജനറല്‍ സെക്രട്ടറി യു.എസ് സന്തോഷ് കുമാര്‍, കേര റസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് ബി. ഗോപാലന്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ സന്നിഹിതരായി ആശംസ നേര്‍ന്നു. സ്ഥാപന ഡയറക്ടര്‍ ഡോ. പി.കൃഷ്ണ കുമാര്‍ ആമുഖ പ്രസംഗവും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ജോബിന്‍ ടോം സ്വാഗതവും റിക്കവറി ഫെസിലിറ്റേഷന്‍ പദ്ധതി സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ അഖില്‍ പി നന്ദിയും അറിയിച്ചു. തുടര്‍ന്ന് ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പിനെ അഭിസംബോധന ചെയ്തുകൊണ്ട് ഇംഹാന്‍സ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ഡോ. ജി. രാഗേഷ് സംസാരിച്ചു.
