കോഴിക്കോട് : ഓരോ കുടുംബത്തിനും അതിജീവന മാർഗം എന്ന രീതിയിൽ നൂതനവും പ്രായോഗികവുമായ സാങ്കേതിക വിദ്യയൊരുക്കി യുവാക്കൾ. രണ്ടര മീറ്റർ മാത്രം വ്യാസമുള്ള പോണ്ടിൽ ശാസ്ത്രീയമായി മത്സ്യം വളർത്തി അനുബന്ധമായി 16 ഇനം പച്ചക്കറി ക്യഷികൂടി ഒരുക്കുന്ന ഫ്യൂഷനാണ് ഗോപാറ്റ് ടെക്‌നോളജി എന്ന് നാമകരണം ചെയ്ത സാങ്കേ-തിക വിദ്യ. ഗോപാറ്റ് ടെക്‌നോളജി അറേബ്യൻ ബുക് ഓഫ് റിക്കാർഡിൽ ഇതിനകം ഇടം നേടിയിട്ടുണ്ട്. ഗോപാറ്റ് ടെക്‌നോളജി എന്ന് നാമകരണം ചെയ്തിട്ടുള്ള സാങ്കേതിക വിദ്യ വഴി 2.5 മീറ്റർ വ്യാസത്തിലുള്ള ഫൈബർ പോണ്ട് (അക്വ സെർക്കിൾ) ഒരുക്കി 500 ഗ്രാം വരെയുള്ള 300 മത്സ്യങ്ങളെ വളർത്തിയെടുക്കാനാകും. വെള്ളം മാറ്റേണ്ടതില്ല, നിരന്തരമായ ശ്രദ്ധ ആവശ്യമില്ല എന്നതുമാണ് ഈ പുതിയ വിദ്യയെ വേറിട്ടതാക്കുന്നത്. കുറഞ്ഞ വൈദ്യൂതി ഉപയോഗിച്ച് പോണ്ടിലെ അമോണിയ കലർന്ന മാലിന്യത്തെ പ്രോസസ് ചെയ്ത് വീണ്ടും നൈട്രേറ്റ് ആക്കിയാണ് മത്സ്യങ്ങൾക്കുള്ള ആവാസം ഒരുക്കുന്നത്. പോണ്ടിലെ മാലിന്യങ്ങൾ ന്യൂട്രീഷ്യനാക്കി മാറ്റി വിഷരഹിത ജൈവ പച്ചക്കറി ഉൽപ്പാദിപ്പിക്കുന്നതിനും ഉപയോഗിക്കാം. ഫ്‌ളാറ്റുകൾ ചെറിയ അളവിൽ ഭൂമിയുള്ളവർ തുടങ്ങിയ ആർക്കും മത്സ്യക്യഷി നടത്താനാവും. മത്സ്യഫെഡ് അടക്കമുള്ള സർക്കാർ സംവിധാനങ്ങളെയും സഹകരിപ്പിക്കും. പദ്ധതി നാളെ കോഴിക്കോട് രാരിച്ചൻ റോഡിലെ പാഷൻ അക്വാപോണിക്‌സിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂരും ചേർന്ന് ലോഞ്ച് ചെയ്യും. നാളെ മുതൽ 20-ാം തിയതിവരെ പദ്ധതിയുടെ ഡെമോൺസ്‌ട്രേഷനും നടക്കും.
