അടിയോടടി…

അടിയോടടി…

ചിന്നസ്വാമി റണ്‍ഫെസ്റ്റില്‍ ആര്‍.സി.ബിയെ എട്ട് റണ്‍സിന് പരാജയപ്പെടുത്തി സി.എസ്.കെ. ഡെവന്‍ കോണ്‍വേ(83) പ്ലെയര്‍ ഓഫ് ദ മാച്ച്

ബംഗളൂരു: അടി, തിരിച്ചടി…. ഇതാണ് കളി. ടി-20 ക്രിക്കറ്റിന്റെ എല്ലാ വശ്യസൗന്ദര്യവും നിറംച്ചാര്‍ത്തിയ മത്സരത്തില്‍ എട്ട് റണ്‍സിന് ചെന്നൈ സൂപ്പര്‍ കിങ്‌സ്,ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ കീഴടക്കി. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് വെടിക്കെട്ടിന്റെ രാവാണ് ഇരു ടീമുകളും സമ്മാനിച്ചത്. ഒരു വേള പോലും മുഷിപ്പിക്കാതിരുന്ന മത്സരത്തില്‍ ഇരു ടീമും വീറോടും വാശിയോടും ഇഞ്ചോടിഞ്ച് പോരാടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഗെയ്ക്‌വാദി(3)നെ നഷ്ടമായി. സിറാജിന്റെ പന്തില്‍ പാര്‍ണല്‍ പിടിച്ച് പുറത്താക്കുകയായിരുന്നു. കോണ്‍വേക്ക് കൂട്ടായി അജിന്‍ക്യ രാഹാനെ ക്രീസിലെത്തിയതോടെ കഥമാറി. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച രഹാനക്കൊപ്പം കോണ്‍വേയും വെടിക്കെട്ടിന് തിരിക്കൊളുത്തി. ഇരുവരും രണ്ടാം വിക്കറ്റില്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 20 പന്തില്‍ 37 റണ്‍സെടുത്ത രഹാനയെ ഹസരങ്ക മടക്കിയെങ്കിലും തുടര്‍ന്നു വന്ന ശിവം ഡൂബെ കോണ്‍വേക്ക് മികച്ച പിന്തുണ നല്‍കി. കോണ്‍വേ 45 പന്തില്‍ 83 റണ്‍സ് നേടി മടങ്ങുമ്പോഴേക്കും ചെന്നൈ സ്‌കോര്‍ 15.4 ഓവറില്‍ 170 കടന്നിരുന്നു. ആറ് വീതം ഫോറിന്റേയും സിക്‌സിന്റേയും അകമ്പടിയോടു കൂടിയാണ് കോണ്‍വേ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയത്. ശിവം ഡൂബെ 27 പന്തില്‍ 57 രണ്‍സ് നേടി. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെന്ന വലിയ ടോട്ടലാണ് ചെന്നൈ നേടിയത്. മറുപടി ബാറ്റിങ്ങില്‍ ബാംഗ്ലൂരിന്റെ തുടക്കം നല്ലതല്ലായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 15 റണ്‍സെടുക്കുന്നതിനിടെ കോലിയും മഹിപാല്‍ ലോംറോറും വീണു. എന്നാല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോല്‍ക്കാനുള്ള മനസ് ക്യാപ്റ്റന്‍ ഡുപ്ലെസിക്കും മാക്‌സ്‌വെല്ലിനും ഇല്ലായിരുന്നു. തുടര്‍ന്നങ്ങോട്ട് ഇരുവരുടേയും വെടിക്കെട്ടായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. ചെന്നൈ ബൗളര്‍മാരെ ഇരുവരും തലങ്ങും വിലങ്ങും ശിക്ഷിച്ചു. ഇതനിടയില്‍ ഫീല്‍ഡര്‍മാര്‍ ക്യാച്ചുകള്‍ കൂടി മിസ്സാക്കി സഹായിച്ചതോടു കൂടി ബാംഗ്ലൂര്‍ സ്‌കോര്‍ കുത്തനെ ഉയര്‍ന്നു. പവര്‍പ്ലേയില്‍ ആര്‍.സി.ബിയെ 75-2ല്‍ എത്തിച്ച ഫാഫ്-മാക്സി സഖ്യം ഒമ്പതാം ഓവറില്‍ ടീമിനെ 100 കടത്തി. മാക്സ്വെല്‍ 24 പന്തിലും ഡുപ്ലെസി 23 പന്തിലും അര്‍ധ സെഞ്ചുറി തികച്ചു.

13-ാം ഓവറിലെ ആദ്യ പന്തില്‍ മഹീഷ് തീക്ഷന ഗ്ലെന്‍ മാക്സ്വെല്ലിനെ ധോണിയുടെ കൈകളില്‍ എത്തിച്ചതോടെയാണ് 126 റണ്‍സ് നീണ്ട മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. 36 പന്തില്‍ 76 റണ്‍സെടുത്ത മാക്‌സ്‌വെല്ലിന്റെ ഇന്നിങ്‌സില്‍ മൂന്ന് ഫോറും എട്ട് സിക്‌സും ഉണ്ടായിരുന്നു. മോയീന്‍ അലിയുടെ 14-ാം ഓവറിലെ അവസാന പന്തില്‍ ഫാഫ് ഡുപ്ലെസി(33 പന്തില്‍ 62 റണ്‍സ്)യേയും ധോണി ക്യാച്ച് ചെയ്ത് പുറത്താക്കി. തുടര്‍ന്നെത്തിയ ദിനേഷ് കാര്‍ത്തിക് 14 പന്തില്‍ 28 റണ്‍സുമായി ബാംഗ്ലൂരിന് പ്രതീക്ഷ നല്‍കി. 17ാം ഓവറില്‍ കാര്‍ത്തിക്കിനെ മടക്കി തുഷാര്‍ ദേശ്പാണ്ഡേയും 18ാം ഓവറില്‍ ഷഹബാസ് അഹ്‌മദിനെ പുറത്താക്കി മതീഷ പതിരാനയും ബാംഗ്ലൂരിനെ സമ്മര്‍ദത്തിലാക്കി. പതിരാന എറിഞ്ഞ അവസാന ഓവറില്‍ ബാംഗ്ലൂരിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 19 റണ്‍സായിരുന്നു. ആദ്യ പന്തില്‍ പ്രഭുദേശായിയും രണ്ടാം പന്തില്‍ ഹസരങ്കയും സിംഗിളെടുത്തപ്പോള്‍ മൂന്നാം പന്തില്‍ പ്രഭുദേശായി പന്ത് അതിര്‍ത്തി കടത്തി. നാലാം പന്തില്‍ ഗംഭീര യോര്‍ക്കറുമായി പതിരാന തിരിച്ചുവന്നു. അഞ്ചാം പന്തില്‍ ഡബിള്‍ നേടിയപ്പോള്‍ അവസാന ബോളില്‍ പ്രഭുദേശായി(11 പന്തില്‍ 19) ജഡേജയുടെ ക്യാച്ചില്‍ പുറത്തായി. 20 ഓവറില്‍ ബാംഗ്ലൂരിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളൂ. ചെന്നൈക്ക് വേണ്ടി തുഷാര്‍ ദേശ്പാണ്ഡേ മൂന്ന് വിക്കറ്റും മതീഷ പതിരാന രണ്ട് വിക്കറ്റും നേടി. ഡെവന്‍ കോണ്‍വേയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

 

Share

Leave a Reply

Your email address will not be published. Required fields are marked *