ശാസ്ത്രത്തെ അധികാര ശക്തികളില്‍നിന്ന് മുക്തമാക്കി ജനോപകാരപ്രദമാക്കണം: കെ.പി രാമനുണ്ണി

ശാസ്ത്രത്തെ അധികാര ശക്തികളില്‍നിന്ന് മുക്തമാക്കി ജനോപകാരപ്രദമാക്കണം: കെ.പി രാമനുണ്ണി

കോഴിക്കോട്: കൊവിഡ് മനുഷ്യരാശിക്ക് വലിയ തിരിച്ചറിവുകളാണ്‌ നല്‍കുന്നതെന്നും പാഠമുള്‍ക്കൊണ്ട് മുന്നോട്ട് പോയിട്ടില്ലെങ്കില്‍ മനുഷ്യ വംശത്തിന്റെ നിലനില്‍പ്പ് അപകടത്തിലാണെന്നും പ്രശസ്ത എഴുത്തുകാരന്‍ കെ.പി രാമുനണ്ണി പറഞ്ഞു. പി.പി ഉമ്മര്‍കോയയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ ‘അതിജീവനം; കൊവിഡ് നല്‍കിയ തിരിച്ചറിവുകള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലത്ത് ശാസ്ത്രനേട്ടങ്ങള്‍ അധികാരശക്തികള്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ലോകം ദര്‍ശിച്ചതാണ്. ഭരണകൂടത്തിന് നേതൃത്വം കൊടുക്കുന്നവര്‍ പക്വതയോടെ ഇടപെടണമായിരുന്നു. രാഷ്ട്രീയ ഭരണകൂടങ്ങളുടെ പോരായ്മകളും ജനം തിരിച്ചറിഞ്ഞു. പകര്‍ച്ചവ്യാധികളെ നേരിടുന്നതില്‍ മുതലാളിത്തം ഒരു ദുരന്തമായി മാറി. അമേരിക്കയിലടക്കം വെന്റിലേറ്റര്‍ ലഭിക്കാതെ ആളുകള്‍ മരണപ്പെട്ടു. മുതലാളിത്തം ആരോഗ്യ മേഖലയില്‍ ഇന്‍വെസ്റ്റ്‌മെന്റ് ചെയ്യുമ്പോള്‍ കൂടുതല്‍ ലാഭകരമായ മേഖലകളില്‍ നിക്ഷേപമിറക്കിയതിന്റെ പരിണിത ഫലംകൊണ്ടാണ് ഇത് സംഭവിച്ചത്. സൂപ്പര്‍ സ്‌പ്യൊലിറ്റി ചികിത്സകള്‍ക്കും കോസ്‌മെറ്റിക് സര്‍ജറികള്‍ക്കും സൗകര്യമൊരുക്കുമ്പോള്‍ പകര്‍ച്ചവ്യാധികളെ തടയാന്‍ സാധിച്ചില്ല. ഇത് മുതലാളിത്തത്തിന്റെ ദുരന്തമുഖമാണ് വിളിച്ചോതുന്നത്.

കൊവിഡ് കാലം മനുഷ്യനില്‍ മൂല്യചിന്തകളുണ്ടാക്കി. എന്നാല്‍ കൊവിഡ് മാറുന്ന ഘട്ടമെത്തിയപ്പോള്‍ നാം പഴയത് മറക്കരുത്. ശാസ്ത്രീയ-ആത്മീയ-രാഷ്ട്രീയ, പ്രത്യയശാസ്ത്ര-തത്വചിന്താപരമായ തിരിച്ചറിവുകളാണ് കൊവിഡ് നല്‍കിയത്. മുന്‍പും മഹാമാരികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത് ഏതെങ്കിലും പ്രദേശത്ത് ഒതുങ്ങാറുണ്ടായിരുന്നു. കൊവിഡ് ലോകം മുഴുവന്‍ ഭീതിയിലാക്കി. ദുരന്തം വരുമ്പോള്‍ ഉണ്ടാകുന്ന നന്മകള്‍ പില്‍ക്കാലത്തും തുടരാനാകണം. വാക്‌സിനുകള്‍ക്കെതിരേയും പ്രചരണമുണ്ടായി. ഒരുകാലത്ത് ഹൃദയ ശസ്ത്രക്രിയ എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ പറഞ്ഞിരുന്നത് ‘ഹൃദയം ഒരു പരിപാവനമായ സ്ഥലമാണ്, അവിടെ ചികിത്സ വേണ്ടെന്നാണ്’. കൊവിഡ്കാലത്തും ഇത്തരം അശാസ്ത്രീയമായ വാദഗതികള്‍ ഉയര്‍ത്തിയവരുണ്ട്.

കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം മെച്ചമായതിനാലാണ് മരണനിരക്ക് കുറയ്ക്കാനായത്. മറ്റ് ജീവികളുടെ ആവാസവ്യവസ്ഥയിലേക്ക് മുനുഷ്യന്‍ കടന്നുകയറിയാല്‍ ഇത്തരം ദുരന്തങ്ങള്‍ ഇനിയുമുണ്ടാകും. വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ ചെന്നാല്‍ ചായ തരും. നമ്മുടെ കൂടെ ചായ കുടിക്കുന്ന ബഷീര്‍, ചായ കുടിച്ച ശേഷം ഗ്ലാസ് കമഴ്ത്തിവയ്ക്കും. അതെന്തിനാണന്ന് ചോദിച്ചപ്പോള്‍ ‘അതില്‍ വല്ല പ്രാണിയോ, ഈച്ചയോ വന്ന് അപകടത്തില്‍പ്പെടേണ്ടായെന്നും, ഗ്ലാസ് കമഴ്ത്തി വയ്ക്കുമ്പോള്‍ ബാക്കിയുള്ള അവശിഷ്ടം വല്ല ഉറുമ്പുകള്‍ക്കോ മറ്റും വിശപ്പടക്കാന്‍ ഉപകരിക്കു’മെന്നാണ് പറഞ്ഞത്. പ്രവാചകനായ മുഹമ്മദ് നബി യുദ്ധം കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ വഴിയിരികിലുണ്ടായിരുന്ന പട്ടിക്ക് പ്രസവിക്കാന്‍ വേണ്ടി സൗകര്യമൊരുക്കിയതില്‍ നിന്നെല്ലാം, മറ്റ് ജീവികളോട് നാം പുലര്‍ത്തേണ്ട പരിഗണന വ്യക്തമാക്കപ്പെടുകയാണ്.

വികസനമെന്നാല്‍ ഭൗതികമായ വികസനം മാത്രമല്ല. അത് ബുദ്ധിപരമായതും മാനസികപരമായതും അത്മീയപരമായതുമായ വികസനമാണ്. വലിയ കാറും വീടുമല്ല വികസനം. പ്രകൃതി വിഭവങ്ങള്‍ ആവശ്യത്തിന് ഉപയോഗിച്ചില്ലെങ്കില്‍ പ്രകൃതി നമ്മെ കൈവിടും. ആദര്‍ശപരമായ ഔന്നിത്യമാണ് നമുക്ക് വേണ്ടത്. ഇതിന് മകുടോദാഹരണമാണ് പി.പി ഉമ്മര്‍കോയ. ആദര്‍ശ രാഷ്ട്രീയത്തിന്റെ മൂല്യത്തിന്റെ പ്രയോഗമാണ് കാലം ആവശ്യപ്പെടുന്നത്. രാഷ്ട്രീയ രംഗത്ത് അന്യമായി കൊണ്ടിരിക്കുന്ന മൂല്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ പി.പി ഉമ്മര്‍കോയയുടെ ജീവിത ദര്‍ശനം സ്വായത്തമാക്കണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് കെ.വി കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ.എ അസീസ് സ്വാഗതവും വി.പി അബ്ദുള്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *