മാഡം ക്യൂറി ദിനം – ജൂലൈ നാല്

മാഡം ക്യൂറി ദിനം – ജൂലൈ നാല്

ആദ്യമായി നൊബേല്‍ നേടിയ വനിത, ആദ്യമായി രണ്ട് വ്യത്യസ്ത ശാസ്ത്ര വിഷയങ്ങളില്‍ നൊബേല്‍ നേടിയ ആള്‍, രണ്ട് നൊബേല്‍ നേടിയ ഒരേയൊരു വനിത; ഈ വിശേഷണങ്ങളെല്ലാം ഒരേ ഒരാള്‍ക്കേ ചേരൂ, മേരി സ്‌കോള്‍ഡോസ്‌കാ ക്യൂറി എന്ന മാഡം ക്യൂറിക്ക്.

അര്‍ബുദം പോലെയുള്ള രോഗങ്ങള്‍ക്കുള്ള ചികില്‍സയില്‍ നിര്‍ണായകമായ റേഡിയോ ആക്ടീവ് മൂലകമായ റേഡിയം കണ്ടുപിടിച്ച പോളിഷ് ശാസ്ത്രജ്ഞയാണ് മേരി ക്യൂറി എന്ന മാഡം ക്യൂറി (നവംബര്‍ 7, 1867 – ജൂലൈ 4, 1934). മരിയ സലോമിയ സ്‌ക്ലോഡോവ്‌സ്‌ക ക്യൂറി (Maria Salomea Sklodowska Curie) എന്നായിരുന്നു ക്യൂറിയുടെ ആദ്യ പേര്. രാജഭരണത്തിന്‍ കീഴിലായിരുന്ന പോളണ്ടില്‍ (കോണ്‍ഗ്രസ് പോളണ്ട്) വാഴ്‌സോ നഗരത്തിലാണ് ക്യൂറി ജനിച്ചത്. പ്രധാനമായും ഇവര്‍ ഫ്രാന്‍സിലാണ് പ്രവര്‍ത്തിച്ചിരുന്നത്. റേഡിയോ ആക്ടിവിറ്റി സംബന്ധിച്ച ഗവേഷണമാണ് മേരി ക്യൂറിയെ പ്രശസ്തയാക്കിയത്. നോബേല്‍ സമ്മാനം ലഭിക്കുന്ന ആദ്യ വനിതയായിരുന്നു ക്യൂറി. ഇതുകൂടാതെ മാഡം ക്യൂറി രണ്ടു വ്യത്യസ്ത ശാസ്ത്ര ശാഖകളില്‍ (ഭൗതികശാസ്ത്രത്തിനും രസതന്ത്രത്തിനും) നോബേല്‍ സമ്മാനം ലഭിച്ചിട്ടുള്ള ഒരേയൊരാളുമാണ്. പാരീസ് സര്‍വകലാശാലയിലെ ആദ്യ വനിതാ പ്രഫസറായിരുന്നു ഇവര്‍. മേരി സ്വന്തം നേട്ടങ്ങളുടെ പേരില്‍ പാരിസിലെ പാന്തിയണില്‍ ശവമടക്കപ്പെട്ട ആദ്യ സ്ത്രീയെന്ന ബഹുമതിക്കും അര്‍ഹയായി.

മേരി ക്യൂറി തന്റെ പരീക്ഷണശാലയില്‍

ഭൗതീക ശാസ്ത്രവും ഗണിതവും പഠിപ്പിച്ചിരുന്ന അച്ഛന്റെ ശിക്ഷണത്തിലാണ് മേരി ശാസ്ത്രലോകത്തേക്ക് പ്രവേശിക്കുന്നത്. 1883ല്‍ സ്വര്‍ണ മെഡലോടെയാണ് മേരി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ആ കാലത്ത് പല യൂറോപ്യന്‍ രാജ്യങ്ങളിലും സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുക ബുദ്ധിമുട്ടായിരുന്നു. പോളണ്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അവിടെ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന ഫ്‌ളൈയിങ് യൂണിവേഴ്‌സിറ്റി എന്ന ഉന്നത വിദ്യാഭ്യാസ സംഘത്തിനൊപ്പം മേരിയും പരിശീലനം നേടാന്‍ തുടങ്ങി. ശാസ്ത്രത്തില്‍ പ്രായോഗിക പരിശീലനം ആരംഭിച്ചത് വാഴ്‌സോയിലായിരുന്നു. 1891-ല്‍ 24 വയസ്സുള്ളപ്പോള്‍ ബ്രോണിസ്ലാവ എന്ന മൂത്ത ചേച്ചിയുമായി മേരി പാരീസില്‍ പഠനത്തിനായി എത്തി. ഇവിടെയാണ് ശാസ്ത്രത്തില്‍ ഉന്നതബിരുദങ്ങളും ശാസ്ത്രപരീക്ഷണങ്ങളും മറ്റും ക്യൂറി നടത്തിയത്. ഒന്നര വര്‍ഷത്തോളം പല ജോലികള്‍ ചെയ്ത് യൂണിവേഴ്‌സിറ്റി ഫീസിനുള്ള പണം കണ്ടെത്തി മേരി പാരീസിലേക്ക് വണ്ടി കയറി. 1891ല്‍ യൂണിവേഴ്‌സിറ്റി ഓഫ് പാരീസില്‍ ശാസ്ത്ര വിദ്യാര്‍ത്ഥിനിയായി മേരിക്ക് പ്രവേശനം കിട്ടി. പകല്‍ യൂണിവേഴ്‌സിറ്റിയിലെ പഠനവും വൈകുന്നേരങ്ങളില്‍ ട്യൂഷന്‍ പഠിപ്പിക്കലുമായി മേരി ക്യൂറി തന്റെ വിദ്യാഭ്യാസം തുടര്‍ന്നു.

ശാസ്ത്രലോകത്തിന് മേരി ക്യൂറി സംഭാവന ചെയ്ത വാക്കാണ് ‘റേഡിയോ ആക്ടിവിറ്റി’. റേഡിയോ ആക്ടിവിറ്റിയുടെ കണ്ടുപിടുത്തത്തിനാണ് 1903-ല്‍ ക്യൂറിക്ക് ലഭിച്ച ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ഭര്‍ത്താവായ പിയറി ക്യൂറിയുമായും ഭൗതികശാസ്ത്രജ്ഞനായ ഹെന്‍ട്രി ബെക്വറലുമായും പങ്കിടുകയായിരുന്നു. 1911ന് പൊളോണിയം, റേഡിയം എന്നീ മൂലകങ്ങളുടെ കണ്ടുപിടുത്തത്തിന് രസതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം മേരി ക്യൂറി ഒറ്റയ്ക്കാണ് നേടിയത്. റേഡിയോ ആക്റ്റിവിറ്റി സംബന്ധിച്ച സിദ്ധാന്തമാണ് ക്യൂറിയുടെ ഒരു പ്രധാന സംഭാവന. റേഡിയോ ആക്ടിവിറ്റിയുള്ള ഐസോടോപ്പുകളുടെ വേര്‍തിരിവ്, പൊളോണിയം, റേഡിയം എന്നീ മൂലകങ്ങളുടെ കണ്ടുപിടിത്തം എന്നിവയും ക്യൂറിയുടെ സംഭാവനകളില്‍ പെടുന്നു. റേഡിയോ ആക്ടീവ് മൂലകങ്ങള്‍ ഉപയോഗിച്ച് അര്‍ബുദരോഗചികിത്സ നടത്തുന്നതു സംബന്ധിച്ച ആദ്യ പരീക്ഷണങ്ങള്‍ ക്യൂറിയുടെ കീഴിലാണ് നടന്നത്. പാരീസിലെ ക്യൂറി ഇന്‍സ്റ്റിറ്റ്യൂട്ടും വാഴ്‌സോയിലെ ക്യൂറി ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിച്ചത് മേരി ക്യൂറിയാണ്. ഇപ്പോഴും വൈദ്യശാസ്ത്രത്തിലെ പ്രധാന ഗവേഷണങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. ഒന്നാം ലോകമഹായുദ്ധസമയത്ത് സൈനികാവശ്യങ്ങള്‍ക്കുവേണ്ടി റേഡിയോളജി സംവിധാനം യുദ്ധമുഖത്ത് ഉപയോഗിക്കാനുള്ള സംവിധാനം ക്യൂറി സജ്ജമാക്കുകയുണ്ടായി.

മേരി ക്യൂറിയോടുള്ള ബഹുമാനാര്‍ത്ഥം പേര് നല്‍കിയ മൂലകമാണ് ക്യൂറിയം. പാരീസ് യൂണിവേഴ്‌സിറ്റിയില്‍ മേരി ഗവേഷണത്തിനായി വളര്‍ത്തിയെടുത്ത വലിയ പരീക്ഷണശാല പിന്നീട് പ്രശസ്തമായൊരു ആരോഗ്യ ഗവേഷണ സ്ഥാപനമായി മാറി. അതാണ് ക്യൂറി ഇന്‍സ്റ്റിറ്റ്യൂട്ട്. ശാസ്ത്രത്തെ സ്‌നേഹിക്കയും ശാസ്ത്ര ഗവേഷണങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്യുന്നവര്‍ക്ക് ഒരു വഴികാട്ടിയായി മേരി ക്യൂറി ഇന്നും ആദരിക്കപ്പെടുന്നു.

ജീവിതരേഖ

1867 നവംബര്‍ ഏഴിന് പോളണ്ടിലെ വാഴ്‌സയില്‍ ജനിച്ചു. മേരിയുടെ പിതാവ് എം.പ്ളാഡിസ്ളാവ് സ്‌കേളാഡോവ്സ്‌കി ഒരു ഭൗതികശാസ്ത്ര അധ്യാപകനായിരുന്നു. മേരിയുടെ മാതാവ് ബ്രോണിസ്ലാവ് ഒരു ക്ഷയരോഗിയായിരുന്നു.

പിതാവ് ഒരു അധ്യാപകനായിരുന്നെങ്കിലും വരുമാനം കുറഞ്ഞ ആളായിരുന്നു. അതുകൊണ്ട് മേരിയുടെ ചെറുപ്പം ദാരിദ്രം നിറഞ്ഞതായിരുന്നു. പിതാവിന്റെ ശാസ്ത്ര വിഷയങ്ങളിലുള്ള താല്‍പര്യം മേരിയുടെ ജീവിതത്തെ വളരെ സ്വാധീനിച്ചിരുന്നു. അദ്ദേഹം നടത്തുന്ന പരീക്ഷണങ്ങള്‍ മേരി വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചിരുന്നു. പതിനാറാമത്തെ വയസില്‍ സ്വര്‍ണ മെഡല്‍ നേടി അവള്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി.

1891ല്‍ പാരിസിലെ സോര്‍ബോണ്‍ സര്‍വകലാശാലയില്‍ ബിരുദപഠനത്തിന് ചേര്‍ന്നു. 1893ല്‍ ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്തു. 1894-ല്‍ ഗണിത ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ ശേഷം തന്റെ അതേ ആശയങ്ങളുമായി പ്രവര്‍ത്തിക്കുന്ന പിയറി ക്യൂറി എന്ന ചെറുപ്പക്കാരനെ പരിചയപ്പെട്ടു. ആശയങ്ങള്‍ ചര്‍ച്ച ചെയ്യനുള്ള ആ കൂടികാഴ്ചകള്‍ വളര്‍ന്നു. 1895 ജൂലൈയില്‍ അവര്‍ വിവാഹിതരായി. വിവാഹ ശേഷവും ക്യൂറി ദമ്പതികള്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നു.

ഫ്രഞ്ച് പൗരത്വമുണ്ടായിരുന്നുവെങ്കിലും മേരി സ്ലോഡോവ്‌സ്‌ക-ക്യൂറി (രണ്ട് കുടുംബപ്പേരുകളും മേരി ഉപയോഗിച്ചിരുന്നു) പോളിഷ് സ്വത്വബോധം മേരി ഒരിക്കലും ഉപേക്ഷിച്ചിരുന്നില്ല. മേരി പെണ്മക്കളെ പോളിഷ് ഭാഷ പഠിപ്പിക്കുകയും അവരെ പോളണ്ടില്‍ കൊണ്ടുപോവുകയും ചെയ്തിരുന്നു. താന്‍ കണ്ടുപിടിച്ച ആദ്യ മൂലകത്തിന് സ്വന്തം മാതൃ രാജ്യത്തിന്റെ പേരാണ് (പൊളോണിയം) മേരി നല്‍കിയത്. ഇത് 1898-ലായിരുന്നു വേര്‍തിരിച്ചെടുത്തത്.

ശാസ്ത്രനേട്ടങ്ങള്‍

ആയിടക്കാണ് ഹെന്റി ബെക്വറല്‍ എന്ന ശാസ്ത്രജ്ഞന്‍ യുറേനിയം ലവണത്തില്‍ നിന്ന് അറിയപ്പെടത്ത ഒരു പ്രകാശം പുറപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയത്. പില്‍ക്കാലത്ത് ക്യൂറിമാര്‍ ഇതിനെ റേഡിയോ ആക്ടിവിറ്റി എന്ന് വിളിച്ചു. ഇതില്‍ താല്‍പര്യം തോന്നിയ അവര്‍ അന്നേവരെ അറിയപ്പെടാതിരുന്ന ആ മേഖലയിലേക്ക് തിരിഞ്ഞു. 1898-ല്‍ തന്റെ നാടിന്റെ നാമം ചേര്‍ത്ത് പൊളോണിയം എന്ന പുതിയ മൂലകം കണ്ടുപിടിച്ചു. തുടര്‍ന്നു നടത്തിയ ശ്രമങ്ങളുടെ ഫലമായി ക്യൂറിമാര്‍ പിച്ച് ബ്ലെന്‍ഡില്‍ നിന്ന് റേഡിയം കണ്ടുപിടിച്ചു. ഒരു ഇരുമ്പ് മേശയും സ്റ്റൗവും മാത്രം ഉപയോഗിച്ചാണ് ഈ മൂലകങ്ങളെ ക്യൂറിമാര്‍ വേര്‍തിരിച്ചെടുത്തത്.

മേരി ക്യൂറിയും ഭര്‍ത്താവ് പിയറി ക്യൂറിയും പരീക്ഷണശാലയില്‍

റേഡിയം വേര്‍തിരിച്ചെടുത്തതോടെ അതിന്റെ നിര്‍മാണാവകാശം നേടിയെടുക്കാന്‍ ലോകത്തിന്റെ പലഭാഗത്തുനിന്നും നിരവധി പേര്‍ വന്നെങ്കിലും ഇത് ധനസമ്പാദനത്തിനുള്ള മാര്‍ഗമാക്കാതെ നിര്‍മാണരഹസ്യം പൊതുജനങ്ങള്‍ക്കായി പരസ്യമാക്കുകയായിരുന്നു അവര്‍ ചെയ്തത്. അവര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു ‘ശാസ്ത്രജ്ഞര്‍ ധനത്തിനായല്ല പരീക്ഷണങ്ങള്‍ നടത്തുന്നത് നിങ്ങള്‍ക്ക് വേണ്ട വിവരമെല്ലാം ഞങ്ങള്‍ തരാം.’

പുരസ്‌കാരങ്ങള്‍

റേഡിയോ ആക്ടീവ് മൂലകങ്ങളുടെ കണ്ടെത്തല്‍ ക്യൂറിമാരെ ലോകപ്രശസ്തരാക്കി. ബഹുമതികളും അവാര്‍ഡുകളും ധാരാളം ലഭിച്ചു. 1903ല്‍ ഭൗതികശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചു. എന്നാല്‍, 1906ല്‍ ഒരു റോഡപകടത്തില്‍ പിയറി മരിച്ചു. എങ്കിലും മരിച്ച തന്റെ പ്രാണനാഥന് ഉപഹാരം പോലെ ശുദ്ധമായ റേഡിയം വേര്‍തിരിച്ചെടുത്തതിന് 1911ല്‍ രസതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം വീണ്ടും നേടി.

അന്ത്യം

എന്നാല്‍, അപ്പോഴേക്കും റേഡിയത്തിനടുത്തിരുന്ന് പരീക്ഷണം നടത്തിയതുകൊണ്ട് വികിരണാഘാതം മൂലം മേരി രോഗിയായി.  റേഡിയോ ആക്ടീവ് മൂലകങ്ങളുമായി സമ്പര്‍ക്കം മൂലമുണ്ടാകുന്ന അപ്ലാസ്റ്റിക് അനീമിയയായിരുന്നു മേരിയുടെ മരണകാരണം.  1934-ല്‍ 66ാമത്തെ വയസില്‍ ലോകത്തിന് വലിയ സംഭാവനകള്‍ നല്‍കിയ മേരി ക്യൂറി   1934 ജൂലൈ നാലിന്‌ ലോകത്തോട് വിട പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *