ഇന്ത്യയുടെ 15ാം രാഷ്ട്രപതിയാകുന്ന ദ്രൗപദി മുര്‍മു ചരിത്രത്തില്‍ എഴുതിവയ്ക്കുന്നത് അതിജീവനത്തിന്റെ ചരിത്രമാണ്. ജീവിതത്തില്‍, തൊഴിലിടത്തില്‍, വ്യക്തിബന്ധങ്ങളില്‍, രാഷ്ട്രീയത്തില്‍ അങ്ങനെ ഒരു മനുഷ്യനെ സംബന്ധിക്കുന്ന മേഖലകളില്‍ അതിജീവനത്തിന്റെ ചരിത്രമെഴുതിയ വ്യക്തിയാണ് ദ്രൗപദി മുര്‍മു.
1958 ജൂണ്‍ 20ന് ഒഡീഷയിലെ മയൂര്‍ഭഞ്ചിലെ ഉഭര്‍പേഡ കുഗ്രാമത്തില്‍ സന്താലി ഗോത്രവിഭാഗത്തിലാണ് ദ്രൗപദി മുര്‍മുവിന്റെ ജനനം. പോരാട്ടത്തിന്റെ വഴിലേക്കാണ് ദ്രൗപദി മുര്‍മു ജനിച്ചുവീണത്. ആ പോരാട്ടം പട്ടിണിയോടായിരുന്നു. അച്ഛനും മുത്തച്ഛനും ഗോത്രമുഖ്യന്മാരായിരുന്നുവെങ്കിലും ആ ബാലികയ്ക്ക് ജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു.
വികസനം എത്തിനോക്കാത്ത ഗ്രാമത്തില്‍ കൃഷിയെ സര്‍വസ്വവുമായി കാണുന്ന ജനങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസം പരമപ്രധാനമാണെന്നും മുന്നോട്ടുകുതിക്കണമെങ്കില്‍ വിദ്യാഭ്യാസം വേണമെന്നും ദ്രൗപദിയുടെ കുടുംബം ശക്തമായി വിശ്വാസിച്ചു. ഇതിന്റെ ഫലം ദ്രൗപദിയെ വിദ്യാലയത്തിലെത്തിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഭുവനേശ്വറിലെ രമാദേവി കോളജില്‍ നിന്ന് ബിരുദം നേടി. പിന്നീട് സ്വപ്രയത്‌നം കൊണ്ട് 1979ല്‍ ജലവകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായി ജോലി നേടി. 1983 വരെ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ തുടര്‍ന്നു. പിന്നീട് ബാങ്കറായ ശ്യംചരണ്‍ മുര്‍മുവിനെ വിവാഹം ചെയ്തു.
റായ്‌റംഗ്പൂരിലെ ശ്രീ ഓറോബിന്‍തോ ഇന്റഗ്രല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (Sri Aurobindo Intergral Education And Research Institute ) കുറച്ചുകാലം അസിസ്റ്റന്റ് പ്രൊഫസറായും മുര്‍മു ജോലി ചെയ്തു.
ദ്രൗപദി മുര്‍മുവിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു 1997 എന്ന വര്‍ഷം. സംസ്ഥാനരാഷ്ട്രീയത്തില്‍ പഞ്ചായത്ത് കൗണ്‍സിലിലേക്ക് ബി.ജെ.പി സ്ഥാനാര്‍ഥിയായി ദ്രൗപദി മുര്‍മു ജനവിധി തേടി. റായ്‌റംഗ്പൂര്‍ ദ്രൗപദിയെ കൈവിട്ടില്ല. അതേവര്‍ഷം എസ്.ടി മോര്‍ച്ചയുടെ ഒഡീഷ വൈസ് പ്രസിഡന്റായി.
2000, 2004 വര്‍ഷങ്ങളില്‍ അവര്‍ റായ്‌റംഗ്പൂരിന്റെ എം.എല്‍.എ ആയി. നവീന്‍ പട്‌നായിക് മന്ത്രിസഭയില്‍ ഗതാഗതം, വാണിജ്യം, മൃഗപരിപാലനം, മത്സ്യബന്ധനം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2007ല്‍ മികച്ച നിയമസഭാ സാമാജിയ്ക്കുള്ള നിലകാന്ത പുരസ്‌കാരം മുര്‍മുവിനെ തേടിയെത്തി.
ഭര്‍ത്താവും മൂന്ന് മക്കളുമടങ്ങുന്നതായിരുന്നു ദ്രൗപദി മുര്‍മുവിന്റെ കുടുംബം. 2009ല്‍ വ്യക്തിജീവിതത്തില്‍ ആദ്യ വിയോഗം കണ്ടു. 25കാരനായ മകന്റെ അകാലവിയോഗം. പിന്നീട് 2013ല്‍ രണ്ടാമത്തെ മകനും 2014 ഭര്‍ത്താവും ദ്രൗപദി മുര്‍മുവിനോട് വിട പറഞ്ഞു. വ്യക്തി ജീവിതത്തിലെ നഷ്ടങ്ങളില്‍ തളരാതെ അവര്‍ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചു.
2015ല്‍ ജാര്‍ഖണ്ഡിന്റെ എട്ടാമത്തെ ഗവര്‍ണറായി ചുമതലയേറ്റു. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണറായ ദ്രൗപദി മുര്‍മു കാലാവധി തികയ്ക്കുന്ന ആദ്യ ഗവര്‍ണറെന്ന ഖ്യാതിയും നേടി. രാജ്യത്ത് ഗവര്‍ണറാകുന്ന ആദ്യ ഒഡിയ വനിത, ഗോത്രവിഭാഗത്തില്‍ നിന്നുള്ള ആദ്യ വക്തിയുമായിരുന്നു അവര്‍. ഗവര്‍ണറായ മുര്‍മുവിന്റെ പ്രവര്‍ത്തനം അത്ര എളുപ്പമായിരുന്നില്ല. എതിര്‍പ്പുകള്‍ നേരിട്ടെങ്കില്‍ തന്റെ സമീപനങ്ങളിലൂടെ എതിര്‍കക്ഷികളെ വരെ തന്റെ സുഹൃത്തുക്കളാക്കി.
പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പ്രണബ് മുഖര്‍ജി സ്ഥാനമൊഴിഞ്ഞപ്പോള്‍ ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചു. എന്നാല്‍, നറുക്ക് വീണത് രാംനാഥ് കോവിന്ദിനായിരുന്നു. കോവിന്ദിന് ശേഷം ആര് എന്ന ചോദ്യത്തിന് എന്‍.ഡി.എ സര്‍ക്കാരിന് മറ്റൊരാളെ ആലിചിക്കേണ്ടി വന്നില്ല.
ജാതിയുടെയും മതത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ലോകത്ത് പുരോഗതി എന്തെന്ന് അറിയാത്ത അഭ്യസ്ഥവിദ്യരുടെ കുഗ്രാമത്തില്‍ ജനിച്ച ആ ബാലിക ഇന്ന് രാഷ്ട്രപതി ഭവനില്‍ എത്തിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ഒരു പോരാട്ടത്തിന്റെ അതിജീവനത്തിന്റെ ചരിത്രമാണ്. ഒരിക്കലും മറക്കാന്‍ പാടില്ലാത്ത പഠിക്കേണ്ട ചരിത്രം…