ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദന അനുഭവിക്കാത്തവര്‍ നമുക്കിടയില്‍ അപൂര്‍വ്വമായിരിക്കും. മുതിര്‍ന്നവരെ സംബന്ധിച്ച് അവ തിരിച്ചറിയാനും പ്രതിവിധി കണ്ടെത്താനും താരതമ്യേന എളുപ്പമാണ്. എന്നാല്‍ ചെറിയ കുട്ടികളെ സംബന്ധിച്ച് അവര്‍ നേരിടുന്ന ബുദ്ധിമുട്ട് തലവേദനയാണെന്ന് മനസ്സിലാക്കാനും, അത് രക്ഷിതാക്കളോട് പറയാനും സാധിക്കണം എന്നില്ല. കുട്ടികള്‍ തലവേദന എന്ന് പറയുമ്പോള്‍ പലപ്പോഴും രക്ഷിതാക്കള്‍ അത് സമ്മതിച്ചു കൊടുക്കാറുമില്ല. വളരെ ചെറിയ പ്രായത്തിലൊന്നും തലവേദന വരില്ല എന്നാണ് പല മാതാപിതാക്കളും ചിന്തിക്കാറുള്ളത്. എന്നാല്‍ അത് വലിയ തെറ്റിധാരണയാണ്.
തലവേദന വരാനുള്ള വിവിധ കാരണങ്ങള്‍
• തലയിലെ മുടി ഉള്‍പ്പെടുന്ന തൊലിയില്‍ എന്തെങ്കിലും പരുക്കള്‍ ഉണ്ടെങ്കില്‍ തലവേദന വരാം.
• തലയോട്ടിയുടെ മുകളില്‍ മുഴ രൂപപ്പെടുകയോ, അവിടുത്തെ ഏതെങ്കിലും എല്ല് ക്രമാതീതമായി വളരുകയും ചെയ്യുന്നതും ഒരു കാരണമാണ്.
• തലച്ചോറിന്റെ അകത്ത് ട്യൂമര്‍ രൂപപ്പെടുന്ന സാഹചര്യത്തില്‍ തലവേദന അനുഭവപ്പെടാം.
• നീര്‍ക്കെട്ട്, വാദസംബന്ധമായ അസുഖങ്ങള്‍, സൈനസൈറ്റിസ്.
• കണ്ണിന്റെ പ്രശ്നങ്ങള്‍, പവര്‍ വ്യത്യാസങ്ങള്‍
• ചിലരില്‍ തൊണ്ടവേദന തലയുടെ പിന്‍ഭാഗത്ത് വേദന അനുഭവപ്പെടാന്‍ കാരണമാകാറുണ്ട്.
• വായ തുറക്കാനും അടയ്ക്കാനും സഹായിക്കുന്ന ജോയിന്റിലെ എല്ലിനുണ്ടാകുന്ന തകരാറുകളും തലവേദനയ്ക്കുള്ള ഒരു കാരണമാണ്.
കുട്ടികളില്‍ ഏത് പ്രായം മുതല്‍ തലവേദന വരാം?
കുഞ്ഞുങ്ങളെ സംബന്ധിച്ച് അവര്‍ക്ക് തലവേദനയാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു എന്നു വരില്ല. പ്രത്യേകിച്ച് നാല് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്. അതു കണ്ടെത്തുക എന്നുള്ളതാണ് പ്രധാനം. രക്ഷിതാക്കളുടെ സഹായത്തോടെ മാത്രമേ കുട്ടി നേരിടുന്ന ബുദ്ധിമുട്ട് തലവേദന ആണോയെന്ന നിഗമനത്തില്‍ എത്താന്‍ സാധിക്കൂ.
തലവേദനയും ശാരീരികാസ്വാസ്ഥ്യങ്ങളും
തലവേദന നേരിട്ട് മറ്റു ശാരീരിക പ്രശ്നങ്ങള്‍, അഥവാ രോഗങ്ങള്‍ക്ക് കാരണം ആകാറില്ല. എന്നാല്‍ തലവേദന മറ്റുപല രോഗങ്ങളുടെയും ലക്ഷണങ്ങള്‍ ആകാം. അസഹനീയമായ തലവേദന കുട്ടികളുടെ ദൈനം ദിന ജീവിതത്തില്‍ പലതരം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. വലിയ തോതില്‍ വേദന അനുഭവിക്കുന്നത് അവരുടെ ഉറക്കത്തെ ബാധിക്കും. ഇടയ്ക്കിടക്ക് ഉറക്കത്തില്‍ നിന്ന് എണീറ്റേക്കാം. ശക്തമായ ഛര്‍ദ്ദി, നോക്കുമ്പോള്‍ രണ്ടായി കാണുന്നതായി തോന്നുക, കാഴ്ച മങ്ങുക, നടത്തത്തിന്റെ സന്തുലിതാവസ്ഥ തെറ്റി ചെറിയ ആട്ടം അനുഭവപ്പെടുക തുടങ്ങി ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ചില കുട്ടികള്‍ക്ക് തലവേദനയ്ക്കൊപ്പം കണ്ണില്‍ നിന്ന് വെള്ളം വരുന്നതായി കാണാം. ചിലര്‍ക്ക് കണ്ണ് ചുവന്നു വരും. അതിനെല്ലാം അപ്പുറം തുടര്‍ച്ചയായതും അസഹനീയവുമായ തലവേദന അവരുടെ ആത്മവിശ്വാസത്തെ ബാധിക്കും. വെയിലത്ത് കളിക്കുന്നതും, ഉല്ലാസ യാത്രകള്‍ പരിമിതപ്പെടുത്തേണ്ടി വരുന്നതുമെല്ലാം ചില ഉദാഹരങ്ങളാണ്. അതുപോലെ തന്നെ ക്ലാസില്‍ നോട്സ് എഴുതി എടുക്കാനുള്ള ബുദ്ധിമുട്ട്, ബോര്‍ഡിലേക്ക് നോക്കാന്‍ പ്രയാസം തുടങ്ങിയ അസ്വസ്ഥതകളും തലവേദനയുടെ ഭാഗമായി വരാം.
തലവേദന വരുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍
തലവേദന അനുഭവപ്പെട്ടാല്‍ പാരസെറ്റമോള്‍ നല്‍കാം. കുട്ടികള്‍ക്ക് തലവേദനയ്ക്ക് ഒപ്പം ജലദോഷവും ഉണ്ടെങ്കില്‍ ചൂട് ആവി പിടിക്കാവുന്നതാണ്. തലവേദന അസഹനീയവും തുടര്‍ച്ചയായി വരികയും ചെയ്യുന്ന സാഹചര്യത്തില്‍ ഡോക്ടറുടെ പിന്തുണ തേടാം.
മൈഗ്രെയ്ന്
മുതിര്‍ന്നവരില്‍ എന്ന പോലെ കുട്ടികളിലും സാധാരണയായി മൈഗ്രെയ്ന് കണ്ടുവരാറുണ്ട്. മൈഗ്രെയ്ന് സംബന്ധിച്ച് ഫാമിലി ഹിസ്റ്ററി ഒരു പ്രധാന ഘടകമാണ്. ഏറ്റവും അടുത്ത കുടുംബത്തില്‍ ആര്‍ക്കെങ്കിലും മൈഗ്രെയ്ന് ഉണ്ടെങ്കില്‍ കുട്ടികളിലും വരാനുള്ള സാധ്യത കൂടുതലാണ്. ചെറിയ കുട്ടികള്‍ ഓടി കളിക്കുന്നതിന് ഇടയില്‍ തലകറക്കം എന്ന് പറഞ്ഞു പെട്ടെന്ന് രക്ഷിതാക്കളെ വന്നു മുറുക്കെ പിടിക്കുന്നത് കാണാം. അത്തരം സാഹചര്യങ്ങളില്‍ കുട്ടികളില്‍ മൈഗ്രെയ്ന് സാധ്യത തള്ളിക്കളയാന്‍ ആവില്ല. മൈഗ്രെയ്ന് പലതരം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. വെയിലത്ത് നില്ക്കുമ്പോള്, യാത്ര ചെയ്യുമ്പോള്‍, ഉറക്കമുളക്കുമ്പോള്, സമ്മര്‍ദം അനുഭവപ്പെടുമ്പോള്‍, ജലദോഷം, സമയം തെറ്റിയുള്ള ഭക്ഷണം തുടങ്ങിയ സാഹചര്യങ്ങളില്‍ തലവേദന അനുഭവപ്പെടുന്നത് മൈഗ്രെയ്ന് മൂലമാകാം.
ഏതെല്ലാം ഡോക്ടര്‍മാരെ കാണണം
കുട്ടികളില്‍ തലവേദന രൂക്ഷമായാല്‍ പ്രധാനമായും മൂന്ന് വിഭാഗങ്ങളിലാണ് വൈദ്യസഹായം തേടേണ്ടത്. കണ്ണിന്റെ പ്രശ്നങ്ങളും, പവര്‍ വ്യത്യാസങ്ങളും ഒക്കെ തന്നെ തലവേദനയെ സ്വാധീനിക്കാറുണ്ട് എന്നതിനാല്‍ കണ്ണിന്റെ ഡോക്ടര്‍ അഥവാ ഒഫ്താല്‍മോളജിസ്റ്റിനെ കാണിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ന്യൂറോളജിസ്റ്റ്, ഇ.എന്‍.ടി ഡോക്ടര്‍മാരുടെയും അടുത്ത്നിന്ന് വൈദ്യ പിന്തുണ തേടാവുന്നതാണ്.
ചികിത്സയേക്കാള്‍ വേണ്ടത് മുന്‍കരുതല്‍
അലോപ്പതിയില്‍ പരിമിതമായ മരുന്നുകളാണ് മൈഗ്രെയ്ന് ചികിത്സയ്ക്കായി ഉള്ളത്. മരുന്നുകളെക്കള് ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് ചെയ്യേണ്ടത്. അടിസ്ഥാനപരമായി മൈഗ്രെയ്നെ രോഗം എന്നു വിളിക്കുന്നതിനേക്കാള്‍ ഒരു അവസ്ഥ എന്ന് വിശേഷിപ്പിക്കുന്നതാണ് അഭികാമ്യം. അതിന് പല സ്വഭാവ സവിശേഷതകളുണ്ട്. എഴുപത് ശതമാനം സമയത്തും സാഹചര്യങ്ങളുടെ സ്വാധീനം മൂലമോ, ജീവിത ശൈലിയിലെ അസന്തുലിതാവസ്ഥ കാരണമോ ആണ് മൈഗ്രെയ്ന് തല പൊക്കാറുള്ളത്. അതുകൊണ്ട് തന്നെ എന്തെല്ലാം അവസരങ്ങളിലാണു നിങ്ങളുടെ കുട്ടികളില്‍ തലവേദന അനുഭവപ്പെടുന്നത്, പ്രേരകശക്തിയാകുന്ന കാരണങ്ങള്‍ തുടങ്ങിയവ തിരിച്ചറിഞ്ഞ് രക്ഷിതാക്കള്‍ അത് കുറിച്ച് വയ്ക്കുന്നത് നന്നായിരിക്കും. അതിന് അനുസരിച്ചുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ തന്നെ ഒരു വലിയ പരിധി വരെ നമുക്ക് കുട്ടികള്‍ക്ക് ഉണ്ടാകുന്ന തലവേദനയെ നിയന്ത്രിക്കാം. വെയില് കൊള്ളുന്നതാണ് പ്രശ്നം എങ്കില്‍ അത്തരം സാഹചര്യത്തില്‍ കുട ഉപയോഗിക്കുക, കുട്ടികള്‍ കൃത്യ സമയത്ത് ഉറങ്ങുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക, നന്നായി വെള്ളം കുടിക്കുക, ഭക്ഷണം കഴിക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ കുട്ടികളിലെ തലവേദനയെ ഒരു പരിധിവരെ അകറ്റി നിര്‍ത്താം.