മണ്ഡല പുനര്‍നിര്‍ണയം: 132-ാം ഭരണഘടനാ ഭേദഗതി ബില്ലും ഏപ്രിലിലെ ബില്ലും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളറിയാം
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കിയ പുതിയ ഭരണഘടനാ ഭേദഗതി ബില്ലും ഡീലിമിറ്റേഷന്‍ ബില്ലും ഏപ്രില്‍ 2026-ല്‍ അവതരിപ്പിച്ച മുന്‍ ബില്ലുകളില്‍ നിന്ന് നിര്‍ണ്ണായക മാറ്റങ്ങളാണ് മുന്നോട്ടുവെക്കുന്നത്. 2011-ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള മണ്ഡല പുനര്‍നിര്‍ണയ രീതിയില്‍ നിന്ന് മാറി, എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ലോക്സഭാ, നിയമസഭാ സീറ്റുകളില്‍ 50 ശതമാനം ഏകീകൃത വര്‍ധനവ് ഉറപ്പാക്കുന്നതാണ് പുതിയ ബില്ലിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം.
നവംബര്‍ 30-ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഭരണഘടന (132-ാം ഭേദഗതി) ബില്‍, 2026, ഡീലിമിറ്റേഷന്‍ (സെക്കന്‍ഡ്) ബില്‍, 2026 എന്നിവ ലോക്സഭയില്‍ അവതരിപ്പിക്കും. 2026 ഏപ്രിലില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന 131-ാം ഭരണഘടനാ ഭേദഗതി ബില്ലില്‍ നിന്ന് പുതിയ ബില്‍ എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് പരിശോധിക്കാം.
ഏപ്രിലിലെ ബില്ലുകള്‍ക്ക് സംഭവിച്ചത്
2026 ഏപ്രില്‍ 16-നാണ് കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന (131-ാം ഭേദഗതി) ബില്ലും ഡീലിമിറ്റേഷന്‍ ബില്ലും കേന്ദ്രഭരണ പ്രദേശ നിയമ ഭേദഗതി ബില്ലും ലോക്സഭയില്‍ അവതരിപ്പിച്ചത്. ഏപ്രില്‍ 16, 17 തീയതികളില്‍ ഭരണഘടനാ ഭേദഗതി ബില്‍ പരിഗണനയ്ക്കെടുത്തുവെങ്കിലും, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 368(2) പ്രകാരം ആവശ്യമായ പ്രത്യേക ഭൂരിപക്ഷം നേടാന്‍ ബില്ലിനായില്ല. ഇതോടെ അനുബന്ധ ബില്ലുകളുമായി മുന്നോട്ട് പോകാനും സാധിച്ചില്ല.
എന്നാല്‍ ഡീലിമിറ്റേഷന്‍ ബില്‍ ലോക്സഭയില്‍ തീര്‍പ്പാകാതെ കിടക്കുകയായിരുന്നു. ഈ ബില്‍ പിന്‍വലിക്കാനുള്ള പ്രമേയത്തിന് നവംബര്‍ 27-ന് നിയമമന്ത്രാലയം അംഗീകാരം നല്കി. ഏപ്രിലിലെ ചര്‍ച്ചയില്‍ ഉയര്‍ന്ന ആശങ്കകള്‍, പ്രത്യേകിച്ച് ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ വ്യത്യാസമുള്ള സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തെ മണ്ഡല പുനര്‍നിര്‍ണയം എങ്ങനെ ബാധിക്കും എന്ന വിഷയം പരിശോധിച്ച ശേഷമാണ് പുതിയ ഭരണഘടനാ ഭേദഗതിയും പരിഷ്കരിച്ച ഡീലിമിറ്റേഷന്‍ നിയമവും കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ജനസംഖ്യാ അടിസ്ഥാനത്തിലുള്ള പുനര്‍വിഭജനത്തിന് പകരം 50% ഏകീകൃത വര്‍ധന
ഏപ്രിലില്‍ കൊണ്ടുവന്ന 131-ാം ഭേദഗതി ബില്ലില്‍ ലോക്സഭയുടെ പരമാവധി അംഗസംഖ്യ 550-ല്‍ നിന്ന് 850 ആയി (സംസ്ഥാനങ്ങളില്‍ നിന്ന് 815, കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്ന് 35) ഉയര്‍ത്താനാണ് നിര്‍ദ്ദേശിച്ചിരുന്നത്. ഏത് സെന്‍സസ് അടിസ്ഥാനമാക്കിയാണ് മണ്ഡല പുനര്‍നിര്‍ണയം നടത്തേണ്ടതെന്ന് പാര്‍ലമെന്റിന് നിയമത്തിലൂടെ തീരുമാനിക്കാമെന്ന വ്യവസ്ഥയാണ് ഇതിലുണ്ടായിരുന്നത്. അതായത് 2027-ലെ സെന്‍സസിന് കാത്തുനില്‍ക്കാതെ 2011-ലെ സെന്‍സസ് പ്രകാരം പുനര്‍നിര്‍ണയം നടത്താന്‍ ഇത് വഴിയൊരുക്കുമായിരുന്നു. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ സീറ്റ് വിഹിതം കുറയാനും, ജനസംഖ്യാ വളര്‍ച്ച കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനും ഇത് ഇടയാക്കുമെന്ന വലിയ ആശങ്ക ഉയര്‍ന്നിരുന്നു.
- എന്നാല്‍ നവംബര്‍ 2026-ലെ പുതിയ ബില്ലുകള്‍ പ്രകാരം, എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിലവിലുള്ള സീറ്റുകളില്‍ 50 ശതമാനം വര്‍ധനവ് ലഭിക്കും.
- ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും അനുവദിച്ചിട്ടുള്ള ലോക്സഭാ സീറ്റുകളുടെ എണ്ണത്തില്‍ 50% വര്‍ധനവുണ്ടാകും.
- നിയമസഭയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആകെ നിയമസഭാ സീറ്റുകളിലും 50% വര്‍ധനവുണ്ടാകും.
ഇതോടെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള നിലവിലെ സീറ്റ് അനുപാതം അതേപടി നിലനില്ക്കുകയും, അതേസമയം ജനപ്രാതിനിധ്യം വര്‍ധിക്കുകയും ചെയ്യും. 131-ാം ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയപ്പോള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും 50% സീറ്റ് വര്‍ധനവ് ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നുവെങ്കിലും അത് ബില്ലിന്റെ ഭാഗമായിരുന്നില്ല. പുതിയ 132-ാം ഭേദഗതി ബില്ലിലെ ക്ലോസ് 9 (ആര്‍ട്ടിക്കിള്‍ 334എ) വഴി ഈ ഉറപ്പ് ഭരണഘടനയുടെ ഭാഗമാക്കുകയാണ്.
2051 വരെ മണ്ഡല പുനര്‍നിര്‍ണയത്തിന് ഭരണഘടനാപരമായ മരവിപ്പിക്കല്‍
2026-ന് ശേഷമുള്ള ആദ്യ സെന്‍സസ് പ്രസിദ്ധീകരിക്കുന്നത് വരെ മണ്ഡല പുനര്‍നിര്‍ണയം പാടില്ലെന്ന നിലവിലെ ഭരണഘടനാ നിയന്ത്രണം നീക്കം ചെയ്യാനായിരുന്നു ഏപ്രിലിലെ 131-ാം ഭേദഗതി ബില്‍ ശ്രമിച്ചത്.
എന്നാല്‍ 132-ാം ഭേദഗതി ബില്‍ വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 81(3)-ലെ ഭേദഗതി പ്രകാരം, 2051 വരെ സംസ്ഥാനങ്ങള്‍ക്കുള്ള ലോക്സഭാ സീറ്റുകളുടെ വിഭജനം 1971-ലെ സെന്‍സസ് അടിസ്ഥാനമാക്കിയായിരിക്കും. കൂടാതെ, 132-ാം ഭേദഗതി നിലവില്‍ വരുന്ന തീയതിയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഏറ്റവും പുതിയ സെന്‍സസ് കണക്കുകള്‍ അടിസ്ഥാനമാക്കി മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കും. ആര്‍ട്ടിക്കിള്‍ 82-ലെ ഭേദഗതി പ്രകാരം, ഇത്തരത്തില്‍ പുനര്‍നിര്‍ണയിക്കപ്പെടുന്ന സീറ്റുകളുടെ എണ്ണവും മണ്ഡലങ്ങളുടെ വിഭജനവും 2051 വരെ മാറ്റമില്ലാതെ തുടരും.
വനിതാ സംവരണം നടപ്പാക്കുന്നതിലെ മാറ്റം
106-ാം ഭരണഘടനാ ഭേദഗതി പ്രകാരം, 2023-ലെ ഭേദഗതിക്ക് ശേഷമുള്ള ആദ്യ സെന്‍സസ് പ്രസിദ്ധീകരിച്ച് നടത്തുന്ന മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമേ വനിതാ സംവരണം നിലവില്‍ വരൂ എന്നായിരുന്നു വ്യവസ്ഥ. സെന്‍സസിനായി കാത്തുനില്‍ക്കാതെ മണ്ഡല പുനര്‍നിര്‍ണയം നടത്തി വനിതാ സംവരണം നടപ്പാക്കാനാണ് 131-ാം ബില്‍ ശ്രമിച്ചത്.
പുതിയ 132-ാം ഭേദഗതി ബില്ലും ഈ ലക്ഷ്യം നിലനിര്‍ത്തുന്നുണ്ടെങ്കിലും ഒരു പ്രധാന വ്യവസ്ഥ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പുതുക്കിയ ആര്‍ട്ടിക്കിള്‍ 334എ പ്രകാരം, 132-ാം ഭേദഗതി നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യ മണ്ഡല പുനര്‍നിര്‍ണയത്തോടെ വനിതാ സംവരണം പ്രാബല്യത്തില്‍ വരും. എന്നാല്‍ ഈ പുനര്‍നിര്‍ണയത്തില്‍ ലോക്സഭയിലെയും നിയമസഭകളിലെയും സീറ്റുകളില്‍ 50 ശതമാനം വര്‍ധനവ് ഉറപ്പാക്കിയിരിക്കണം എന്ന നിബന്ധനയും ഇതിലുണ്ട്.
ഡീലിമിറ്റേഷന്‍ (സെക്കന്‍ഡ്) ബില്ലിലെ പ്രധാന മാറ്റം
ഏത് സെന്‍സസ് ആണ് മാനദണ്ഡമാക്കേണ്ടതെന്ന കാര്യത്തിലും പുതിയ ഡീലിമിറ്റേഷന്‍ ബില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഏപ്രിലിലെ ബില്ലില്‍, ഡീലിമിറ്റേഷന്‍ കമ്മീഷന് രൂപീകരിക്കുന്ന തീയതിയില്‍ ലഭ്യമായ ഏറ്റവും പുതിയ സെന്‍സസ് കണക്കുകളാണ് പരിഗണിക്കുക എന്ന് പറഞ്ഞിരുന്നത്. എന്നാല്‍ പുതിയ ബില്ലിലെ സെക്ഷന്‍ 2(ഇ) പ്രകാരം, നിയമം പ്രാബല്യത്തില്‍ വരുന്ന തീയതിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഏറ്റവും പുതിയ സെന്‍സസ് കണക്കുകളാണ് അടിസ്ഥാനമാക്കുക. കമ്മീഷന് രൂപീകരിക്കുന്ന തീയതിക്ക് പകരം നിയമം നിലവില്‍ വരുന്ന തീയതിയാണ് ഇവിടെ മാനദണ്ഡമാകുന്നത്.
132-ാം ഭേദഗതി ബില്ലിലെ മറ്റ് പ്രധാന ഭരണഘടനാ മാറ്റങ്ങള്‍
മണ്ഡല പുനര്‍നിര്‍ണയത്തിനും വനിതാ സംവരണത്തിനും പുറമെ മറ്റ് ചില സുപ്രധാന മാറ്റങ്ങളും പുതിയ ബില്ലിലുണ്ട്:
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരിനും പങ്കാളിത്തം: രാഷ്ട്രപതി തെരഞ്ഞെടുപ്പിനായുള്ള ഇലക്ടറല്‍ കോളേജില്‍ ഡല്‍ഹിക്കും പുതുച്ചേരിക്കുമൊപ്പം കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനെക്കൂടി ‘സംസ്ഥാനം’ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താന്‍ ആര്‍ട്ടിക്കിള്‍ 54 ഭേദഗതി ചെയ്യും.
നിയമസഭകളുടെ പരമാവധി അംഗസംഖ്യ ഉയര്‍ത്തുന്നു: സംസ്ഥാന നിയമസഭകളുടെ പരമാവധി അംഗസംഖ്യ 500-ല്‍ നിന്ന് 650 ആയി ഉയര്‍ത്താന്‍ ആര്‍ട്ടിക്കിള്‍ 170 ഭേദഗതി ചെയ്യും. ഏപ്രിലിലെ 131-ാം ബില്ലില്‍ ഈ നിര്‍ദ്ദേശം ഉണ്ടായിരുന്നില്ല.
പട്ടികവര്‍ഗ സംവരണത്തിനുള്ള പ്രത്യേക വ്യവസ്ഥകള്‍: അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളില്‍ പട്ടികവര്‍ഗക്കാര്‍ക്കുള്ള സീറ്റ് സംവരണത്തിനുള്ള പ്രത്യേക വ്യവസ്ഥകള്‍ തുടരുന്നതിനായി ആര്‍ട്ടിക്കിള്‍ 332-ലും പരിഷ്കരിച്ച ബില്‍ മാറ്റങ്ങള്‍ വരുത്തുന്നു.
