ജനസ്പര്‍ശം ഫയല്‍ അദാലത്ത്: കോഴിക്കോട് തദ്ദേശ സ്വയംഭരണ വകുപ്പ് ഓഫീസില്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന് തുടക്കമായി

ജനസ്പര്‍ശം ഫയല്‍ അദാലത്ത്: കോഴിക്കോട് തദ്ദേശ സ്വയംഭരണ വകുപ്പ് ഓഫീസില്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന് തുടക്കമായി

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞമായ ‘ജനസ്പര്‍ശ’ത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് കോഴിക്കോട് ജില്ലാ ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ തീര്‍പ്പാക്കുവാന്‍ ബാക്കിയുള്ള ഫയലുകള്‍ തീര്‍പ്പാക്കുന്നതിനുള്ള പ്രത്യേക യജ്ഞം ആരംഭിച്ചു. തീര്‍പ്പാക്കാന്‍ ബാക്കിയുള്ള 5328 ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുകയാണ് ലക്ഷ്യം.
ഇതിന്റെ മുന്നോടിയായി ജില്ലാ പഞ്ചായത്ത് ഹാളില്‍ മുഴുവന്‍ ജീവനക്കാരുടെയും യോഗം ചേര്‍ന്നു. ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും പുതിയ തപാലുകള്‍ ഫയലാക്കി അടിയന്തര നടപടി സ്വീകരിക്കുന്നതിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫയലുകള്‍ കെട്ടിക്കിടക്കുന്ന ഉദ്യോഗസ്ഥരുടെ ഫയലുകള്‍ തരംതിരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന്റെ ചുമതല അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് നല്‍കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കേണ്ട റിപ്പോര്‍ട്ടുകള്‍, സര്‍ക്കാരില്‍ നിന്നുള്ള അംഗീകാരങ്ങള്‍, പരാതിക്കാര്‍ക്കും അപേക്ഷകര്‍ക്കും നല്‍കേണ്ട സേവനങ്ങള്‍ എന്നിവ പരിശോധിച്ച് 10 ദിവസത്തിനകം ഫയലുകളില്‍ ദ്രുതഗതിയിലുള്ള നടപടി സ്വീകരിക്കും. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ യോഗം വീണ്ടും ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
യോഗം ജില്ലാ ജോയിന്റ് ഡയറക്ടര്‍ എന്‍.കെ. ഹരീഷ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രവികുമാര്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍മാരായ അനില്‍ കുമാര്‍ നോച്ചിയില്‍, ടി. ഷാഹുല്‍ ഹമീദ്, കെ.പി. മുഹ്‌സിന്‍, ജില്ലാ എംപവര്‍മെന്റ് ഓഫീസര്‍ പി. പ്രിയ എന്നിവര്‍ സംസാരിച്ചു.

 

 

 

ജനസ്പര്‍ശം ഫയല്‍ അദാലത്ത്: കോഴിക്കോട് തദ്ദേശ സ്വയംഭരണ
വകുപ്പ് ഓഫീസില്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന് തുടക്കമായി

 

Share

Leave a Reply

Your email address will not be published. Required fields are marked *