കോഴിക്കോട്: ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് സൗഹൃദവേദിയുടെ നേതൃത്വത്തില്‍ എരഞ്ഞിപ്പാലം സെന്റ് സേവിയേഴ്സ് കോളേജില്‍ സംഘടിപ്പിച്ച ഡോ. കെ. ടി. വര്‍ക്കി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജും രണ്ടാം സ്ഥാനം സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളേജും മൂന്നാം സ്ഥാനം മമ്പാട് എം. ഇ. എസ്. കോളേജും നേടി.
മലബാര്‍ മേഖലയിലെ 20 ഓളം കോളേജുകളില്‍ നിന്നുള്ള മിടുക്കരായ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരം അറിവിന്റെയും ആവേശത്തിന്റെയും വേദിയായി.
പ്രശസ്ത പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറും കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍. എസ്. എസ്. പ്രോഗ്രാം കോര്‍ഡിനേറ്ററുമായിരുന്ന ഡോ. കെ. ടി. വര്‍ക്കിയുടെ സ്മരണാര്‍ത്ഥമാണ് മത്സരം സംഘടിപ്പിച്ചത്. സെന്റ് സേവിയേഴ്സ് കോളേജ് മാനേജര്‍ ഫാ. പോള്‍ എ. ജെ. മത്സരം ഉദ്ഘാടനം ചെയ്തു.
ഭരണഘടന, പാര്‍ലമെന്ററി ജനാധിപത്യം, യുവജനനയം, ജുഡീഷ്യറി, സമകാലീന ഭാരതം, എന്‍. എസ്. എസ്. എന്നീ വിഷയങ്ങളിലായിരുന്നു ചോദ്യങ്ങള്‍. എഴുത്തുപരീക്ഷയ്ക്ക് പുറമെ ഓറല്‍, വിഷ്വല്‍ റൗണ്ടുകളും മത്സരത്തെ കൂടുതല്‍ ആവേശകരമാക്കി.
സൗഹൃദവേദി പ്രസിഡന്റ് എം. കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. വി. അഗസ്റ്റിന്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സി. അച്യുതമേനോന് ചെയര്‍ ഡയറക്ടര്‍ വി. പി. സദാനന്ദന്, സെന്റ് സേവിയേഴ്സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി. ജെ. ജോര്‍ജ്, വൈസ് പ്രിന്‍സിപ്പാള്‍ ഫാ. അനില്‍, സ്റ്റാഫ് സെക്രട്ടറി വിനിഷ, യൂണിയന് സെക്രട്ടറി കൃഷ്ണനന്ദ, ഡോ. ആര്‍സു, അനില്‍കുമാര്‍, മുഹമ്മദ് റിയാസ് എന്നിവര്‍ പ്രസംഗിച്ചു.
വിജയികള്‍ക്ക് ഡോ. കെ. ടി. വര്‍ക്കിയുടെ ഓര്‍മ്മദിനമായ ഡിസംബര്‍ 19-ന് എവര്‍റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും. ചടങ്ങില്‍ വര്‍ക്കിയുടെ പേരിലുള്ള സ്മൃതിഗ്രന്ഥവും പ്രകാശനം ചെയ്യും.
ഡോ. കെ. ടി. വര്‍ക്കി മെമ്മോറിയല്‍ ക്വിസില്‍
മലബാര്‍ ക്രിസ്ത്യന്‍ കോളേജിന് കിരീടം
