പി.ടി.നിസാര്‍
കോഴിക്കോട്: രാജ്യത്തെ 19 സംസ്ഥാനങ്ങളിലായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുവരുന്ന പതിനായിരക്കണക്കിന് റസിഡന്‍സ് അസോസിയേഷനുകളുടെ അപ്പക്സ് ബോഡിയായ കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് അസോസിയേഷന് (കോര്‍വ) സ്റ്റാറ്റിയൂട്ടറി പദവി നല്കാന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് കോര്‍വ അഖിലേന്ത്യാ വര്‍ക്കിംഗ് പ്രസിഡണ്ട് പി.സി.അജിത്ത് കുമാര്‍ പറഞ്ഞു. കോര്‍വ അഖിലേന്ത്യാ വര്‍ക്കിംഗ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം, കോഴിക്കോട് ജില്ലാ കമ്മറ്റി ഏര്‍പ്പെടുത്തിയ സ്വീകരണമേറ്റുവാങ്ങാന്‍ കോഴിക്കോട്ടെത്തിയതായിരുന്നു അദ്ദേഹം.
പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാറിന് നല്കിയ അഭിമുഖത്തില്‍ നിന്ന്
? റസിഡന്‍സ് അസോസിയേഷനുകളുടെ രാജ്യത്തെ ഏക സംഘടിത പ്രസ്ഥാനമാണ് കോര്‍വ. കോര്‍വയുടെ രൂപീകരണ പശ്ചാത്തലം വിവരിക്കാമോ
ലോക പ്രശസ്ത സാമൂഹിക പ്രവര്ത്തകന് ഡോ.ചെലിക്കാനിയാണ് കോര്‍വയുടെ സ്ഥാപകന്‍. 2013ല്‍ ഹൈദരാബാദ് ആസ്ഥാനമായാണ് സംഘടന പ്രവര്‍ത്തനമാരംഭിക്കുന്നത്. റസിഡന്‍സ് അസോസിയേഷനുകള്‍ മുഖ്യമായും ഉന്നയിക്കുന്നത് പ്രാദേശിക വിഷയങ്ങളാണ്. എന്നാല്‍ അസോസിയേഷനുകളുടെ പഞ്ചായത്ത്, ബ്ലോക്ക്, ജില്ല, സംസ്ഥാന കൗണ്‍സിലുകള്‍ ഉന്നയിക്കുന്നത് പൊതു വിഷയങ്ങളായിരിക്കും. എന്നാല്‍ ദേശീയ തലത്തില്‍ സംഘടന ഇടപെടുന്നത് നയങ്ങളുടെ കാര്യത്തിലായിരിക്കും. അതുകൊണ്ടാണ് സര്‍ക്കാരുകളുടെ ആസൂത്രണ കാര്യങ്ങള്‍, വയോജന വഷയങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംഘടന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍കൊണ്ടുവരുന്നത്.
? സംഘടയുടെ രാജ്യത്താകമാനമുള്ള പ്രവര്‍ത്തന രീതി എങ്ങിനെയാണ്
മുകളില്‍ ചൂണ്ടികാണിച്ചതുപോലെ രാജ്യത്ത് 19 ഓളം സംസ്ഥാനങ്ങളില്‍ സംഘടന സുശക്തമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കാനാവശ്യമായ കര്‍മ്മ പദ്ധതി ഈ മാസം 15ന് എറണാകുളത്ത് നടന്ന അഖിലേന്ത്യാ സമ്മേളനം തയ്യാറാക്കിയിട്ടുണ്ട്. കാശ്മീരടക്കമുള്ള സംസ്ഥാനങ്ങളില്‍ സംഘടന സജീവമാണ്. 50 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് അഖിലേന്ത്യാ നേതൃത്വത്തിന് ചുക്കാന്‍ പിടിക്കുന്നത്. 40 പേര് സംഘടനയുടെ ഭാരവാഹികളും, 10 പേര് സമൂഹത്തിലെ ഉന്നത പദവികളിലിരിക്കുന്നവരുമാണ്. അവരില്‍ റിട്ടയേര്‍ഡ് ജസ്റ്റിസുമാരടക്കം ഉണ്ട്. ഹൈദരാബാദിലും, ഗാസിയാബാദിലുമായി രണ്ട് അഖിലേന്ത്യാ ആസ്ഥാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
? കേരളത്തില്‍ സംഘടയുടെ അവസ്ഥ എന്താണ്
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളേക്കാളും, സുശക്തമായ റസിഡന്‍സ് അസോസിയേഷനുകള്‍ കേരളത്തിലുണ്ട്. സംസ്ഥാനത്തെ 17,000 റസിഡന്‍സ് അസോസിയേഷനുകള്‍ കോര്‍വയില്‍ അംഗങ്ങളാണ്. എറണാകുളം ജില്ലയില്‍ മാത്രം 2000 റസിഡന്‍സ് അസോസിയേഷനുകളുണ്ട്. രാജ്യത്തെ ഏറ്റവും വലിയ റസിഡന്‍സ് അസോസിയേഷന് കേരളത്തിലാണ്. കൊച്ചി പനമ്പിള്ളി നഗറിലെ അസോസിയേഷനില്‍ 5000ത്തിലധികം കുടുംബങ്ങളുണ്ട്. 100 മുതല്‍ 600 വരെ കുടുംബങ്ങള്‍ ഉള്‍പ്പെടുന്നതാണ് സംസ്ഥാനത്തെ റസിഡന്‍സ് അസോസിയേഷനുകളുടെ പൊതു ഘടന. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത്, കോര്പ്പറേഷന്, ജില്ലാകമ്മിറ്റികളുമുണ്ട്.
? കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ മുന്പില് എന്തൊക്കെ വിഷയങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്
കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ നിരവധി വിഷയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. സ്റ്റാറ്റിയൂട്ടറി പദവി നല്‍കുക, സര്‍ക്കാര്‍ കമ്മിറ്റികളില്‍ റസിഡന്‍സ് അസോസിയേഷന് പ്രതിനിധികളെ ഉള്‍പ്പെടുത്തുക, ചികിത്സാ നിരക്കുകള്‍ ഏകീകരിക്കുക, കോവിഡ് കാലത്ത് വെട്ടിക്കുറച്ച വയോജനങ്ങളുടെ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക, എല്ലാ സംസ്ഥാനങ്ങളിലും വയോജന കമ്മീഷന് ആരംഭിക്കുക, രാജ്യത്ത് വിവിധ കോടതികളിലായി 6 കോടിയോളം കേസുകളാണ് കെട്ടിക്കിടക്കുന്നത്. പല പരാതികളും കോടതിയിലെത്താതെ പരിഹരിക്കാന്‍ റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് സാധിക്കും. അതിനായി കംപ്ലെയിന്റ് റെഡ്റസ്സല് പദവി നല്‍കുക, തെരുവ്നായ ശല്യത്തിന് പരിഹാരമുണ്ടാകുക, മരുന്ന് വില നിയന്ത്രിക്കുക, കുടിവെള്ള സൗകര്യം വ്യാപിപ്പിക്കുക, ഫുട്പാത്ത് കയ്യേറ്റം തടയുക, വിലക്കയറ്റം തടയുക എന്നീ കാര്യങ്ങളെല്ലാം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. തെലുങ്കാനയില്‍ 400 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ സ്വകാര്യ വ്യക്തിക്ക് നല്കാന് ശ്രമിച്ചതിനെതിരെയും സംഘടന പ്രക്ഷോഭം നടത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സമഗ്രമായ ഒരു ആരോഗ്യ നയം പ്രഖ്യാപിക്കണം.
? സര്‍ക്കാരുകളുമായി കോര്വക്ക് എങ്ങിനെ സഹകരിക്കാനാവും
വളരെ നല്ല ഒരു ചോദ്യമാണിത്. സര്‍ക്കാരുകളുടെ എല്ലാ വികസന പദ്ധതികളിലും റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് പങ്കാളിത്തം വഹിക്കാനാകും. കേരളത്തില്‍ ഓപ്പറേഷന് തൂഫാനോടൊപ്പം കൈകോര്‍ക്കുന്നുണ്ട്. ആരാണ് മയക്ക്മരുന്ന് ഉപയോഗിക്കുന്നതെന്നും, എവിടെയാണ് ഉള്ളതെന്നും റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് കണ്ടെത്താനാവും. അതുകൊണ്ട് ഓപ്പറേഷന് തൂഫാന്റെ വിജയത്തില്‍ സംഘടന പ്രതിജ്ഞാബദ്ധമാണ്. ഗവണ്മെന്റിനെയും ജനങ്ങളെയും ബന്ധിപ്പിക്കുന്ന പാലമായി റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് മാറാന്‍ സാധിക്കും. അഴിമതി തടയാനാവും. സര്‍ക്കാര്‍ കാര്യങ്ങള്‍ ഏറ്റവും അടിത്തട്ടിലുള്ളവര്ക്കടക്കം ലഭ്യമാക്കാന്‍ റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് സാധിക്കും.
? കോര്‍വ മുന്നോട്ടുവെക്കുന്ന ആശയമെന്താണ്
ഇന്ത്യയില്‍ ജനാധിപത്യവും, മതേതരത്വവും നിലനിര്‍ത്തുക എന്നതാണ് കോര്‍വയുടെ ആത്യന്തികമായ ലക്ഷ്യം. ഇന്ത്യയെന്ന മഹാരാജ്യത്തിലെ എല്ലാവരും ഒന്നാണെന്ന കാഴ്ചപ്പാടാണ് കോര്‍വ മുന്നോട്ടുവെക്കുന്നത്. റസിഡന്‍സ് അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങളെ ജാതി-മത-രാഷ്ട്രീയ ചിന്താ ധാരകള്‍ സ്വാധീനിക്കാറില്ല. അവിടെ എല്ലാവരും ഒന്നാണ്. ഭാരതീയരെല്ലാവരും ഒരു വിഭാഗീയതുമില്ലാതെ വസിക്കണമെന്നാണ് സംഘടന ലക്ഷ്യമിടുന്നത്. രാജ്യത്തെ ഓരോ കുടുംബവും ക്ഷേമ ഐശ്വര്യത്തോടെ പുലരുന്ന സാഹചര്യത്തിനായി കോര്‍വ അടിയുറച്ച് നിലകൊള്ളും.
