വാര്‍ത്താ വാരം

വാര്‍ത്താ വാരം

സുധാകര്‍ജിയുടെ പടവാള്‍

ജി.സുധാകരന് ആരെയും പേടിയില്ല.അതുകൊണ്ടാണല്ലോ അങ്ങേര് സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ചത്. പണ്ടെങ്ങാനുമായിരുന്നെങ്കില്‍ കേരളത്തിന് സാഹിത്യകാരനായ ഒരു രാഷ്ട്രീയക്കാരനെ നഷ്ടപ്പെടുമായിരുന്നു. പാര്‍ട്ടിയാണ് ജീവിതമെന്ന് മുറുകെപിടിച്ച് കഷ്ടപ്പെട്ട് ജീവിച്ച് വരുമ്പോഴാണ്, പാര്‍ട്ടിയുടെ പരമോന്നത നീതിപീഠത്തിന്റെ  പോക്കില്‍ അങ്ങേര്‍ക്ക് അതൃപ്തി തോന്നിതുടങ്ങിയത്. സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകരാണെങ്കില്‍ പാര്‍ട്ടി അച്ചടക്കവാളിന്റെ കീഴില്‍ ഹെല്‍മറ്റുംവെച്ച് വിനീതവിധേയനായി നില്‍ക്കും. പക്ഷേ കനല്‍ കാടുകള്‍ താണ്ടി വന്ന, എതിരാളികളെ മലര്‍ത്തിയടിച്ച ധീരനായ വിപ്ലവകാരി സുധാകര്‍ജി, പത്മവ്യൂഹം ഭേദിക്കുകയാണുണ്ടായത്. ജീവിക്കുന്ന രക്തസാക്ഷിയാവാനോ, മരിച്ച രക്തസാക്ഷിയാവാനോ നിക്കാതെ, മൂപ്പര് ഓളം നോക്കി വഞ്ചി തുഴഞ്ഞു രക്ഷപ്പെട്ടു. രക്ഷപ്പെട്ടെത്തിയത് സുരക്ഷിതമായ ദ്വീപിലാണ്. അവിടെ പട്ടും പരവതാനിയും വിരിച്ചാണ് സ്വീകരണം. ചിലയാളുകള്‍ ഏതെങ്കിലും മതത്തില്‍ അവരുടെ ഇഷ്ടത്തിന് ചേര്‍ന്നാല്‍ അയാളെ ആ നാട്ടിലെ മതത്തിന്റെ ആളുകള്‍ പ്രത്യേകമായി ബഹുമാനിച്ച്, സ്‌നേഹിച്ച് സല്‍ക്കരിക്കുന്ന ഒരു പ്രവണതയുണ്ട്. എന്നാല്‍ മധുവിധു കഴിയുന്നതോടെ മൂപ്പരെ തിരിഞ്ഞുനോക്കാന്‍ പിന്നീടാളുണ്ടാവില്ല. താന്‍ സ്വതന്ത്രനാണ് എന്ന് ആള്‍ക്കൂട്ടത്തിലും വിളിച്ചു പറയാനുള്ള വിപ്ലവ വീര്യം ഇപ്പോഴും സുധാകരന്‍ സഖാവിന്റെ ഹൃത്തടത്തില്‍ അന്തര്‍ധാരയായി കിടപ്പുണ്ട്. അതുകൊണ്ട് തന്നെ ആ വിപ്ലവകാരി, തനിക്ക് ശരിയല്ലെന്ന് തോന്നുന്നതിനെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കും. എതിരാളിയാരെന്ന് ദേഷ്യം വന്നാല്‍ പിന്നീട് അദ്ദേഹം നോക്കാറില്ല. അത്തരം ഒരാക്രമണം ഏറ്റാണ് പാണ്ടിക്കടവന് കുഞ്ഞാലിക്കുട്ടി സാഹിബ് മലപ്പുറത്തേക്ക് ഓടി രക്ഷപ്പെട്ടത്. ആക്രമണം ഇരുട്ടടിയൊന്നുമല്ല. നാലാള് കൂടുന്നിടത്ത് വെല്ലുവിളിക്കുന്നതാണ് സുധാകരജിയുടെ രീതി. നിയമസഭയിലാണ് അങ്കക്കലിപൂണ്ട് അദ്ദേഹം ഉടവാളൂരി സാഹിബിനെ ആക്രമിച്ചത്. സംഗതി വ്യവസായ അനുമതി ബില്ലാണ് പുക്കാറുണ്ടാക്കിയത്. സരള്‍ ബില്‍ കേരളത്തെ നശിപ്പിക്കുന്ന കരാള ബില്ലെന്നാണ് ആ കാവ്യ നേതാവില്‍ നിന്ന് ആക്രോശമായി പുറത്തുവന്നത്. കേരളത്തിന്റെ  പ്രകൃതി നശിപ്പിക്കുന്ന കരാള ബില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ഭരണ പക്ഷത്തെ ഒരു മന്ത്രിയേയും ഇദ്ദേഹം വിടുന്ന മട്ടില്ല. രമേശ് ചെന്നിത്തലയുടെ തൂഫാനെതിരെയാണ് മറ്റൊരു ആക്രമണം നടത്തിയത്. പുതിയ മറ്റൊരു പോര്‍മുഖമായി അദ്ദേഹം തിരഞ്ഞടുത്തത് സെക്രട്ടറിയേറ്റാണ്. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരെ അടിച്ച് നിലംപരിശാക്കിയിട്ടേ ആശാന്‍ ഒതുങ്ങിയുള്ളൂ. എല്ലാവരും ഭയപ്പാടിലാണ്. ഇദ്ദേഹം ഇനി ആര്‍ക്കിതരെയായിരിക്കും വാളെടുക്കുക എന്ന ചിന്തയാണ്. എന്തായാലും ഇങ്ങനെ തുറന്ന് പറയുന്ന ഒരാള്‍ ഉണ്ടാവട്ടെ എന്നാണ് നാട്ടില്‍ സംസാരം.

ഡല്‍ഹിയില്‍ എന്താണ് നടക്കുന്നത്, അതിനൊരു മറുമരുന്ന്

വോട്ട് ചോരി പോരാട്ടം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി എന്നിവയ്ക്കായി പൊരിഞ്ഞ പോരാട്ടം നടക്കുന്നതിനിടയിലാണ് പടനായകന്മാരില്‍ പ്രമുഖനായ ഖാര്‍ഗെക്ക് നാക്ക്  പിഴ വന്നത്. അതു സാക്ഷാല്‍ മോദിജിക്കെതിരെ മാത്രമല്ല, അദ്ദേഹത്തിന്റെ പിതാവിനെയാണ് പരാമര്‍ശിച്ചത്. ഇതില്‍ കടിച്ചുതൂങ്ങി സമരം പൊളിക്കാന്‍ മാര്‍ഗ്ഗമന്വേഷിച്ച് നടക്കുന്ന ബിജെപിക്കാര്‍ പിന്നീട് അടങ്ങി നിന്നില്ല. അവര്‍ സര്‍വ്വശക്തിയുപയോഗിച്ച് പ്രചരണം തുടങ്ങി. എന്തായാലും ജന്തര്‍ മന്തറിലും, ഡല്‍ഹിയിലും സമരം കനക്കുകയാണ്. ആള്‍കൂട്ട അതിക്രമമെന്നും, ദേശവിരുദ്ധമെന്നും, വിദേശ ശക്തികളുടെ കടന്നുകയറ്റമെന്നുമൊക്കെയുള്ള പരിചകൊണ്ട് സമരത്തെ നേരിടാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് ബിജെപി. കയ്യിലുള്ള പതിനെട്ടടവും പയറ്റുന്നുണ്ട്. അതിനിടയില്‍ സ്വന്തം പോസ്റ്റിലേക്ക് സെള്‍ഫ് ഗോളടിക്കുന്ന ഖാര്‍ഗെജിയെ പോലുള്ളവരുടെ നീക്കങ്ങള്‍ക്കായി ദാഹിച്ച് കാത്തിരിക്കുന്നുമുണ്ട്.

ഗോവിന്ദന്‍ മാഷിന്റെ വീണ്ടുവിചാരങ്ങള്‍

വെറും കമ്മ്യൂണിസ്റ്റായാല്‍ പോര, ആശയാടിത്തറയുള്ള വൈരുദ്ധ്യാത്മക ഭൗതിക വാദം കലക്കി കുടിച്ച്, കാലത്തും വൈകിട്ടും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കുകയും ഉറങ്ങുമ്പോള്‍തലക്കുമ്പുറത്ത് മൂലധനം (ദാസ്‌കാപ്പിറ്റല്‍) ഭദ്രമായി സൂക്ഷിക്കുന്നവനുമാണ് ഉത്തമ കമ്മ്യൂണിസ്റ്റ് എന്ന് ഏതോ കമ്മ്യൂണിസ്റ്റ് ആചാര്യന്‍ മൊഴിഞ്ഞിട്ടുണ്ടെന്നും, അതാണ് നമ്മുടെ ഗോവിന്ദന്‍ മാഷെന്ന് നല്ല കമ്മ്യൂണിസ്റ്റുകള്‍ക്കറിയാം. അതുകൊണ്ടാണ് ആശയ സംവാദത്തിന് ആരുമായും തയ്യാറാണെന്ന് മാഷ് പറയുന്നത്. ഏത് എതിരാളിയെയും നിഷ്പ്രഭമാക്കി, തൊഴിലാളി വര്‍ഗ്ഗ ആശയാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ അവരെ പഠിപ്പിച്ചേ മാഷ് വിടാറുള്ളൂ. അതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത് അഭിപ്രായ ഭിന്നതയുള്ള സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍ എന്നിവരുമായി ചര്‍ച്ചക്ക് തയ്യാര്‍. ചര്‍ച്ച നടക്കുമോ എന്നറിയില്ല. സാഹിത്യകാരന്‍മാര്‍ക്കും, കലാകാരന്മാര്‍ക്കും ഒരു കാര്യമറിയാം. മാഷിനോട് ചര്‍ച്ച നടത്തിയിട്ട് ഇനി അഞ്ചുകൊല്ലം ഒരു കാര്യവും നടക്കില്ല. അഥവാ ചര്‍ച്ച നടത്തിയ വിവരം പുറത്തറിഞ്ഞാല്‍ നല്ല കസേരയും ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അത് നഷ്ടപ്പെട്ട് തറയിലിരിക്കേണ്ടി വരും. ഏതായാലും എകെജി സെന്ററിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്. വരുന്നവര്‍ക്കിഷ്ടമുള്ള ഭക്ഷണമൊരുക്കി കാത്തിരിക്കുകയാണ് നമ്മുടെ ഗോവിന്ദന്‍മാഷ്.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, ഇങ്ങനെ വല്ലവരും ചര്‍ച്ചക്ക് പോയാല്‍ തന്റെ ഗതിവരുമെന്ന് പറഞ്ഞ് നടക്കുന്നുണ്ട്.

വാര്‍ത്താ വാരം

Share

Leave a Reply

Your email address will not be published. Required fields are marked *