നിക്ഷേപത്തുക തിരികെ ലഭിച്ചില്ല: സിറ്റി വനിത സഹകരണ സൊസൈറ്റിക്കെതിരെ പ്രതിഷേധവുമായി ഭിന്നശേഷിക്കാര്‍ സഹകരണ ഭവനിലേക്ക് മാര്‍ച്ച് നടത്തി

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല: സിറ്റി വനിത സഹകരണ സൊസൈറ്റിക്കെതിരെ പ്രതിഷേധവുമായി ഭിന്നശേഷിക്കാര്‍ സഹകരണ ഭവനിലേക്ക് മാര്‍ച്ച് നടത്തി

കോഴിക്കോട്: എരഞ്ഞിപ്പാലം സിറ്റി വനിത കോ-ഓപ്പറേറ്റീവ് സൊസൈറ്റി പൂട്ടിപ്പോയതിനെ തുടര്‍ന്ന് തങ്ങളുടെ സമ്പാദ്യം നഷ്ടപ്പെട്ട മുതിര്‍ന്ന ഭിന്നശേഷിക്കാരും രക്ഷിതാക്കളും നീതി തേടി സഹകരണ ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന മുതിര്‍ന്ന വ്യക്തികളുടെ തൊഴില്‍ പരിശീലന കേന്ദ്രമായ യു.എല്‍. കെയര്‍ നായനാര്‍ സദനത്തിലെ ട്രെയിനികളും അവരുടെ രക്ഷിതാക്കളുമാണ് പ്രിന്‍സിപ്പാള്‍ പി. തങ്കമണിയുടെ നേതൃത്വത്തില്‍ പുതിയറയിലുള്ള സഹകരണ ഭവന്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയത്.

2015-ല്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന 18 വയസ്സിന് മുകളിലുള്ളവരുടെ പുനരധിവാസം ലക്ഷ്യമിട്ട് എരഞ്ഞിപ്പാലം നായനാര്‍ ബാലികാ സദനത്തില്‍ ഈ തൊഴില്‍ പരിശീലന കേന്ദ്രം ആരംഭിച്ചത്. ദിവസേന പരിശീലനത്തിനെത്തുന്നവരും ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമായി മുന്നൂറിലധികം പേര്‍ നിലവില്‍ ഈ കേന്ദ്രത്തിലുണ്ട്. ഇവര്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് അധ്വാനിച്ചുണ്ടാക്കിയ വേതനമാണ് തൊട്ടടുത്തുള്ള സിറ്റി വനിത സഹകരണ സൊസൈറ്റിയില്‍ നിക്ഷേപിച്ചിരുന്നത്.

വനിതാ സൊസൈറ്റിയിലെ അന്നത്തെ സെക്രട്ടറി സബിത പരിശീലന കേന്ദ്രത്തിലെത്തി ട്രെയിനികള്‍ക്ക് ഹെല്‍പ്പര്‍ തസ്തികയില്‍ ഇന്റേണ്‍ഷിപ്പ് അവസരം വാഗ്ദാനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഘട്ടംഘട്ടമായി എട്ടു പേര്‍ പ്രസ്തുത വനിതാ സൊസൈറ്റിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തു. ഇവര്‍ക്ക് ലഭിച്ച സ്‌റ്റൈപ്പന്‍ഡ് തുക വനിതാ സൊസൈറ്റിയില്‍ തന്നെ ആരംഭിച്ച സേവിങ്‌സ് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു. പിന്നീട് വനിതാ സൊസൈറ്റി ആരംഭിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിലും മറ്റു സംരംഭങ്ങളിലും കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കാമെന്ന സെക്രട്ടറി സബിതയുടെ ഉറപ്പ് വിശ്വസിച്ച് ഭിന്നശേഷിക്കാര്‍ കൂടുതല്‍ തുക സൊസൈറ്റിയില്‍ നിക്ഷേപിക്കുകയായിരുന്നു.

എന്നാല്‍, സൊസൈറ്റി പൂര്‍ണ്ണമായും പൂട്ടിപ്പോയതോടെ 43 ട്രെയിനികളുടെയും മൂന്ന് ജീവനക്കാരുടെയും ഉള്‍പ്പെടെ ഏകദേശം 20 ലക്ഷത്തോളം രൂപയാണ് കുടുങ്ങിക്കിടക്കുന്നത്. പണം തിരികെ ലഭിക്കാത്തതിനാല്‍ പല കുടുംബങ്ങളും മരുന്നിനുപോലും പണമില്ലാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മുന്‍പുണ്ടായിരുന്ന ജോയിന്റ് രജിസ്ട്രാര്‍ക്കും പൊലീസിനും പലതവണ പരാതി നല്‍കിയിട്ടും യാതൊരു പരിഹാരവും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഒടുവില്‍ നേരിട്ടെത്തി പ്രതിഷേധിക്കേണ്ടി വന്നതെന്ന് പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി. മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ വകവെക്കാതെയാണ് പല രക്ഷിതാക്കളും ഈ സമരത്തിനായി എത്തിയത്. അടിയന്തരമായി നീതി ലഭിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം, പ്രശ്‌നപരിഹാരത്തിനായി 2026 സെപ്റ്റംബറില്‍ സിറ്റി വനിതാ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡെപ്പോസിറ്റര്‍മാരുടെ പൊതുയോഗ തീരുമാനപ്രകാരം പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് നിലവിലെ ജോയിന്റ് രജിസ്ട്രാര്‍ കെ. ഷീജ അറിയിച്ചു. എന്നാല്‍, പ്രസ്തുത പൊതുയോഗത്തെക്കുറിച്ചും ഭിന്നശേഷിക്കാരെ അറിയിച്ചില്ലെന്ന പ്രതിഷേധം ഉയര്‍ന്നതോടെ, മുന്‍ഗണനാടിസ്ഥാനത്തില്‍ ഈ ഭിന്നശേഷി വ്യക്തികളുടെ തുക ആദ്യം തിരികെ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജോയിന്റ് രജിസ്ട്രാര്‍ പ്രതിഷേധക്കാര്‍ക്ക് ഉറപ്പുനല്‍കി.

 

 

 

നിക്ഷേപത്തുക തിരികെ ലഭിച്ചില്ല: സിറ്റി വനിത സഹകരണ സൊസൈറ്റിക്കെതിരെ
പ്രതിഷേധവുമായി ഭിന്നശേഷിക്കാര്‍ സഹകരണ ഭവനിലേക്ക് മാര്‍ച്ച് നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *