റെയില്‍വേയില്‍ അവസരങ്ങള്‍; യോഗ്യത: പ്ലസ്ടു, അപേക്ഷിക്കേണ്ട രീതിയറിയാം
ഇന്ത്യന്‍ റെയില്‍വേയിലെ നോണ്‍ ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറി (അണ്ടര്‍ ഗ്രാജ്വേറ്റ്-2026 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന വിജ്ഞാപനമാണിത്. 21 റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകളിലായി (ആര്‍ആര്‍ബി.) 1688 ഒഴിവാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഇതില്‍ 75 ഒഴിവ് തിരുവനന്തപുരം ആര്ആര്ബിക്ക് കീഴിലാണ്. ഓണ്‍ലൈനായി അപേക്ഷിക്കണം.
തസ്തികകളും ഒഴിവും: കൊമേഴ്സ്യല്‍ കം ടിക്കറ്റ് ക്ലാര്‍ക്ക്-700, അക്കൗണ്ട്സ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്-200, ജൂനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്-600, ട്രെയിന്‍സ് ക്ലാര്‍ക്ക്-188 എന്നിങ്ങനെയാണ് ആകെയുള്ള ഒഴിവുകള്‍.
അടിസ്ഥാന ശമ്പളം: കൊമേഴ്സ്യല്‍ കം ടിക്കറ്റ് ക്ലാര്‍ക്ക് തസ്തികയില്‍ 21,700 രൂപ, മറ്റ് തസ്തികകളില്‍ 19,900 രൂപ.
യോഗ്യത: കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ നേടിയ പ്ലസ്ടു വിജയം/ തത്തുല്യമാണ് എല്ലാ തസ്തികകളിലെയും അടിസ്ഥാന യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം നേടിയതായിരിക്കണം യോഗ്യത. പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. എസ്സി, എസ്ടി വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്ക്കും ഉയര്‍ന്ന യോഗ്യതയുണ്ടെങ്കില്‍, പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്ക് എന്ന നിബന്ധന ബാധകമായില്ല.
പ്രായം: 2027 ജനുവരി ഒന്നിന് 18-30 വയസ്. അപേക്ഷകര്‍ 02.01.1997-നും 01.01.2009-നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്സി/ എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒബിസി (എന്‍സിഎല്‍) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് ജനറല്‍ 10 വര്‍ഷം, എസ്സി, എസ്ടി.-15 വര്‍ഷം, ഒബിസി (എന്‍സിഎല്‍.)-13 വര്‍ഷം എന്നിങ്ങനെ വയസിളവ് ലഭിക്കും. പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും വിധവകള്‍ക്കും 35 വയസുവരെ (എസ്സി/ എസ്ടി.-40 വയസ്, ഒബിസി എന്‍സിഎല്‍.-38 വയസ്) അപേക്ഷിക്കാം. വിമുക്തഭടന്മാര്ക്കും റെയില്‍വേയിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും അര്‍ഹരായ ജീവനക്കാര്‍ക്കും വയസിളവിന് അര്‍ഹതയുണ്ട് (വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍).
തെരഞ്ഞെടുപ്പ്: എല്ലാ തസ്തികകളിലേക്കും രണ്ട് ഘട്ടങ്ങളിലായി കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി) നടത്തും. ഒന്നാംഘട്ടത്തിലുള്ള പരീക്ഷ 100 മാര്‍ക്കിനായിരിക്കും. ജനറല്‍ അവേര്‍നസ്, മാത്തമാറ്റിക്സ്, ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിങ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങള്‍. ഒന്നരമണിക്കൂറാണ് പരീക്ഷാസമയം. ഈ പരീക്ഷയില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കാണ് രണ്ടാംഘട്ട പരീക്ഷ നടത്തുക. ജനറല്‍ അവേര്‍നസ്, മാത്തമാറ്റിക്സ്, ജനറല്‍ അവേര്‍നസ് ആന്‍ഡ് റീസണിങ് എന്നിവയില്നിന്നുതന്നെയാണ് ഈ പരീക്ഷയുടെയും ചോദ്യങ്ങള്‍. 120 മാര്‍ക്കിനുള്ള ഈ പരീക്ഷയ്ക്ക് ഒന്നരമണിക്കൂറാണ് സമയം. പരീക്ഷകളുടെ വിശദമായ സിലബസ് വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ ചേര്‍ത്തിട്ടുണ്ട്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകള്‍ക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശികഭാഷകളിലും ചോദ്യങ്ങള്‍ ലഭിക്കും. ഏത് ഭാഷയില്‍ വേണമെന്ന് അപേക്ഷയില്‍ രേഖപ്പെടുത്തണം.
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകളില്‍നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് പരിശോധന, മെഡിക്കല്‍ പരിശോധന എന്നിവകൂടി നടത്തിയശേഷമായിരിക്കും തിരഞ്ഞെടുപ്പ്.
അക്കൗണ്ട്സ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്, ജൂനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ ടൈപ്പിങ് ഉറപ്പുവരുത്തേണ്ടതുണ്ട്. കൂടാതെ കമ്പ്യൂട്ടര്‍ പ്രാവീണ്യവും നേടിയിരിക്കണം. ജോലി ലഭിച്ചശേഷവും ഇക്കാര്യം പരിശോധിക്കും. പ്രാവീണ്യം നേടാനായില്ലെങ്കില്‍ ജോലി സ്ഥിരത, പ്രമോഷന് തുടങ്ങിയവയെ ബാധിക്കും.
അപേക്ഷാഫീസ് & അപേക്ഷിക്കേണ്ട വിധം
അപേക്ഷാഫീസ്: വനിതകള്‍ക്കും എസ്സി, എസ്ടി വിഭാഗക്കാര്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മതന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവര്‍ക്കും കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ താഴെയുള്ളവര്‍ക്കും വിമുക്തഭടന്മാര്ക്കും 250 രൂപയാണ് അടക്കേണ്ടത്. ഇവര്‍ ഒന്നാംഘട്ട കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയെഴുതിയാല്‍ ഈ തുക പൂര്‍ണമായും തിരികെ നല്‍കും. മേല്‍പ്പറഞ്ഞ വിഭാഗങ്ങളിലൊന്നും ഉള്‍പ്പെടാത്തവര്‍ 500 രൂപ അടയ്ക്കണം. ഇവര്‍ ഒന്നാംഘട്ട കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയെഴുതിയാല്‍ 400 രൂപ തിരികെ നല്‍കും. ഓണ്‍ലൈനായി നവംബര്‍ 15 വരെ ഫീസ് അടയ്ക്കാം.
അപേക്ഷ: ഓണ്‍ലൈനായി അപേക്ഷിക്കണം. വെബ്സൈറ്റിലെ ലിങ്ക് മുഖേന അക്കൗണ്ട് ക്രിയേറ്റ് ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. ഏതെങ്കിലും ഒരു ആര്‍ആര്‍ബിയിലേക്ക് അപേക്ഷിക്കാവൂ.
വിശദമായ വിജ്ഞാപനം 07/2026 എന്ന നമ്പറില്‍ ആര്‍ആര്‍ബി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആര്‍ആര്‍ബി വെബ്സൈറ്റ്: https://rrb.indianrailways.gov.in ഈ വെബ്സൈറ്റിലെ ലിങ്ക് മുഖേനയാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷയോടൊപ്പം ഒപ്പും തത്സമയ ഫോട്ടോയും വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുള്ള മാതൃകയില്‍ അപ്ലോഡ് ചെയ്യണം. എസ്സി, എസ്ടി വിഭാഗക്കാര്‍ ട്രെയിന്‍ യാത്രാസൗജന്യത്തിനായി ജാതിസര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 13
അപേക്ഷയില്‍ തിരുത്തല്‍ വരുത്തേണ്ടവര്‍ക്ക്: നവംബര്‍ 16 മുതല്‍ 25 വരെ സമയമനുവദിച്ചിട്ടുണ്ട്. തിരുത്തലിന് ഫീസ് ഈടാക്കും.
