കോഴിക്കോട്: പ്രമുഖ അര്‍ക്കിടെക്റ്റ് എന്‍.എം. സലീം അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ ( പുലര്‍ച്ചെ ബേബിമെമ്മോറിയല്‍ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍.എം. സലീം അസോസിയേറ്റ്സിന്റെ സ്ഥാപകനാണ്. ആലപ്പുഴ പട്ടണക്കാട് നികരത്തില് പരേതരായ മുഹമ്മദലി – ആമിനാബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷെറിന് സലീം. മക്കള്‍: ആദില്‍ സലീം, അദീപ് സലീം, സുഹാന സലീം. മരുമക്കള്‍: നിലോഫര്‍, ശ്രേയ, സമീര്‍. കണ്ണമ്പറമ്പ് ജുമാ മസ്ജിദിലെ മയ്യത്ത് നമസ്കാരത്തിനു ശേഷം കണ്ണംപറമ്പ് ശ്മശാനത്തില്‍ ഖബറടക്കം നടന്നു.
കേരളത്തിലെയും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും ആധുനിക നഗരങ്ങളുടെ മുഖച്ഛായ മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹം, കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് സജീവമായിരുന്നു. കേരളത്തിലും പുറത്തുമായി തലയുയര്‍ത്തി നില്ക്കുന്ന പല പ്രശസ്തമായ കെട്ടിടങ്ങളും രൂപകല്‍പ്പന ചെയ്തത് എന്‍.എം. സലീം ആണ്.
കൊച്ചിയിലെ ലേ മെറിഡിയന്, തൃശ്ശൂരിലെ ലുലു കണ്വെന്ഷന് സെന്റര്‍, കോഴിക്കോട് സെന്‍ട്രല്‍ ലൈബ്രറി, ധനലക്ഷ്മി ബാങ്ക് ഹെഡ്ക്വാര്‍ട്ടേഴ്സ്, പോര്‍ട്ട് ബ്ലെയര്‍ എയര്‍പോര്‍ട്ട്, സൈബര്‍പാര്‍ക്ക് കോഴിക്കോട്, സൈബര്‍പാര്‍ക്ക് കണ്ണൂര്‍, ബാംഗ്ലൂരിലെ ബെയറിസ് ഗ്ലോബല്‍ റിസര്‍ച്ച് ട്രയാംഗിള്‍ (BGRT), കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം. പാലാ മാര്‍ സ്ലീവാ മെഡിസിറ്റി, തിരുവല്ല പുഷ്പഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, കൊച്ചി ലേക്ഷോര് ഹോസ്പിറ്റല്‍. വിദ്യാഭ്യാസം ബാംഗ്ലൂരിലെ ‘ലേക്ക്സൈഡ് ഹാബിറ്റാറ്റ്’ തുടങ്ങി എന്‍.എം.സലീം രൂപകത്പ്പന ചെയ്ത കെട്ടിടങ്ങള്‍ ഒട്ടനവധി.
മികച്ച ആര്‍ക്കിടെക്റ്റിനുള്ള കര്‍ണാടക സര്‍ക്കാര്‍ അവാര്‍ഡ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് അവാര്‍ഡ്, അഖാഖാന് അവാര്‍ഡ് നോമിനേഷന് തുടങ്ങി വാസ്തുശില്പ്പമേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ ബഹമതികള് എന്‍.എം. സലീമിനെ തേടിയെത്തി.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് അംഗം, അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് അംഗം, ഓള് ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന് അംഗം, കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ അംഗം, ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് അംഗം, കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ജൂറി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
