എക്സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, വീണ ടി, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
കേസെടുക്കാതെയുള്ള അന്വേഷണത്തിനെതിരെ അഡ്വ. കെ.എം. ഷാജഹാന്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.
ഇ.ഡി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ നേരത്തെ സര്‍ക്കാര്‍ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതു പോരാ, എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു തന്നെ അന്വേഷിക്കാനാണ് കോടതി നിര്‍ദേശം. ഇതോടെ, പിണറായി വിജയന്‍, വീണ ടി, ഭര്‍ത്താവും മുന്‍ മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ പ്രതികളാകും.
പ്രാഥമിക അന്വേഷണം നടത്തി വസ്തുതകള്‍ ബോധ്യപ്പെട്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന സുപ്രിംകോടതി വിധികള്‍ ഉണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി നല്‍കിയ രേഖകള്‍ കോടതി വിളിച്ചു വരുത്തിയിരുന്നു. ഇത് കൂടി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി.
മുഖ്യമന്ത്രിയായിരിക്കെ മകള്‍ വീണ വഴി പിണറായി വിജയന്‍ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കണ്ടെത്തല്‍.
