കോഴിക്കോട്: പൊതു ഇടങ്ങളില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ നീക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുന്നതിന് 07/10/2026 ന് ചേര്‍ന്ന ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.അപകടകരമായ രീതിയില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കെതിരെ ക്രിമിനല്‍ കേസ് ആയി പരിഗണിച്ച് നടപടികള്‍ സ്വീകരിക്കുന്നതിന് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുമായി ബന്ധപ്പെട്ട് കര്‍ശന നടപടികള്‍ സ്വീകരിക്കണം.
പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും എതിരെ എഫ്‌ഐആര്‍ ഇട്ട് കേസെടുക്കേണ്ടതാണ്. ബഹു ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റി ചേര്‍ന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്‍.കെ ഹരീഷ്, ജില്ലാ പോലീസ് മേധാവിയുടെ പ്രതിനിധി ബിബിന്‍ ബി, പൊതു മരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ആസിഫ് അഫ്‌സല്‍, എന്നിവര്‍ പങ്കെടുത്തു.
