വെബ്, മൊബൈല്‍, PDF, EPUB ആക്‌സസിബിലിറ്റി പരിശോധന ഒരേ പ്ലാറ്റ്ഫോമില്‍; നിക്ഷേപവും തന്ത്രപ്രധാന പങ്കാളിത്തവും തേടുന്നു
കോഴിക്കോട്: വെബ്സൈറ്റുകള്‍, മൊബൈല്‍ വെബ്‌സൈറ്റുകള്‍ HTML അടിസ്ഥാനത്തിലുള്ള മൊബൈല്‍ ആപ്പുകള്‍, PDF രേഖകള്‍, EPUB പുസ്തകങ്ങള്‍ എന്നിവയിലെ ആക്‌സസിബിലിറ്റി പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ കാഴ്ചയില്ലാത്ത സോഫ്റ്റ്വെയര്‍ ഡെവലപ്പറായ നൗഷാദ് സി. എ. വികസിപ്പിച്ച സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോം വാണിജ്യവത്കരണത്തിനൊരുങ്ങുന്നു. ‘Pomelab Accessibility Inference Engine’ എന്നത് പദ്ധതിക്കായി ഇപ്പോള്‍ ഉപയോഗിക്കുന്ന നിര്‍ദ്ദേശിത പേര് മാത്രമാണെന്നും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ പേര് മാറാമെന്നും നൗഷാദ് കാലിക്കറ്റ് പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ നൗഷാദ് പറഞ്ഞു.
പല വെബ്സൈറ്റുകളും ആപ്പുകളും ഡിജിറ്റല്‍ സേവനങ്ങളും കാഴ്ചയില്ലാത്തവര്‍ക്ക് സ്വതന്ത്രമായി ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പേരില്ലാത്ത ബട്ടണുകള്‍, കീബോര്‍ഡിലൂടെ തുറക്കാനാകാത്ത മെനുകള്‍, സ്‌ക്രീന്‍ റീഡര്‍ അറിയിക്കാത്ത ഫോം പിശകുകള്‍, തെറ്റായ വായനാക്രമമുള്ള PDF രേഖകള്‍ തുടങ്ങിയവ ബാങ്കിങ്, സര്‍ക്കാര്‍ അപേക്ഷകള്‍, വിദ്യാഭ്യാസം, തൊഴില്‍, ഓണ്‍ലൈന്‍ വ്യാപാരം, ആരോഗ്യസേവനം എന്നിവയില്‍ വരെ തടസ്സമാകുന്നു. ഈ അനുഭവങ്ങളില്‍നിന്നാണ് പദ്ധതിയുടെ ആശയം രൂപപ്പെട്ടത്.
ഡെസ്‌ക്ടോപ്പ് വെബ്, മൊബൈല്‍ വെബ്, Appium ഉപയോഗിച്ചുള്ള Android ആപ്പ് പരിശോധന, PDF, EPUB എന്നീ പരിശോധനാരീതികള്‍ പ്ലാറ്റ്ഫോമിലുണ്ട്. ഫ്രെയിമുകളും ഐഫ്രെയിമുകളും, പേജ് തുറന്നശേഷം മാറുന്ന ഉള്ളടക്കവും, ഒന്നിലധികം പേജുകളുള്ള സേവനങ്ങളും പരിശോധിക്കാനാകും. സോഴ്സ് കോഡിനൊപ്പം ബ്രൗസറിലെ യഥാര്‍ഥ പ്രവര്‍ത്തനം, കീബോര്‍ഡ് നാവിഗേഷന്‍, ഫോക്കസ്, പേജ് ഘടന, സ്‌ക്രീന്‍ റീഡറിന് ലഭിക്കുന്ന വിവരങ്ങള്‍, സ്‌ക്രീന്‍ഷോട്ടുകള്‍, OCR, ചിത്രങ്ങളിലെ എഴുത്ത്, ഓഡിയോ, വീഡിയോ എന്നിവയില്‍നിന്നും തെളിവുകള്‍ ശേഖരിക്കും.
ആദ്യഘട്ടത്തില്‍ നിയമാധിഷ്ഠിതവും ആവര്‍ത്തിച്ച് പരിശോധിക്കാവുന്നതുമായ വിശകലനമാണ് നടക്കുന്നത്. അതിനുമുകളില്‍ AI validation agent തെളിവുകള്‍ വീണ്ടും പരിശോധിച്ച് ദുര്‍ബലമോ പരസ്പരവിരുദ്ധമോ ആയ നിഗമനങ്ങള്‍ തിരിച്ചറിയും. തെളിവില്ലാതെ പ്രശ്‌നങ്ങള്‍ പ്രഖ്യാപിക്കുകയല്ല AIയുടെ ദൗത്യമെന്ന് നൗഷാദ് പറഞ്ഞു.
പ്രശ്‌നത്തി ന്റെ തീവ്രത, ബാധിച്ച ഘടകം, ബന്ധപ്പെട്ട WCAG മാനദണ്ഡം, തെളിവ്, പരിഹാരനിര്‍ദേശം എന്നിവ ഉള്‍പ്പെടുത്തിയ defect report-ുകള്‍ പ്ലാറ്റ്ഫോം തയ്യാറാക്കും. തെളിവുകളെ അടിസ്ഥാനമാക്കിയ test case-ുകള്‍, compliance report-ുകള്‍, VPAT (voluntary product accessibility template) അഥവാ Accessibility Conformance Report കരട്, Excel, HTML, PDF, JSON രൂപങ്ങളിലുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവയും സൃഷ്ടിക്കാം. കണ്ടെത്തലുകള്‍ നിയന്ത്രിതമായി Jira-യിലേക്ക് കൈമാറാനും സ്‌ക്രീന്‍ഷോട്ടുകള്‍, അടയാളപ്പെടുത്തിയ ചിത്രങ്ങള്‍, selector വിവരങ്ങള്‍, പരിശോധനാചരിത്രം എന്നിവ ഒരുമിച്ച് സൂക്ഷിക്കാനും സൗകര്യമുണ്ട്.
പദ്ധതി സംഘത്തിന്റെ നിലവിലെ സാങ്കേതിക വിലയിരുത്തലനുസരിച്ച്, ഏതാണ്ട് നൂറുശതമാനത്തോട് അടുത്ത ഓട്ടോമേറ്റഡ് പരിശോധനാ കവറേജ് നല്‍കാന്‍ ശേഷിയുള്ള ഏക സമഗ്ര ആക്‌സസിബിലിറ്റി സംവിധാനമാണ് Pomelab. ഏറ്റവും പുതിയ ആഭ്യന്തര താരതമ്യപഠനങ്ങള്‍ ഈ വിലയിരുത്തലിന് ശക്തമായ സൂചന നല്‍കുന്നതായി നൗഷാദ് കൂട്ടിച്ചേര്‍ത്തു. ഒരു പൊതുവെബ് പേജില്‍ നടത്തിയ താരതമ്യത്തില്‍ Pomelab 263 വ്യക്തമായ കണ്ടെത്തല്‍ രേഖപ്പെടുത്തിയപ്പോള്‍, താരതമ്യത്തിനെടുത്ത വ്യാപകമായി ഉപയോഗിക്കുന്ന ഒരു പരമ്പരാഗത ഓട്ടോമേറ്റഡ് സംവിധാനം 15 കണ്ടെത്തലുകള്‍ മാത്രമാണ് രേഖപ്പെടുത്തിയതെന്നദ്ദേഹം അവകാശപ്പെട്ടു. പൊമേലാബുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഏകദേശം 5.7 ശതമാനം വരും. സ്വതന്ത്ര മൂന്നാംകക്ഷി സ്ഥിരീകരണം അടുത്ത ഘട്ടത്തിലാണ്. പരമ്പരാഗത പരിശോധനയുമായി താരതമ്യം ചെയ്യുമ്പോള്‍ 70 ശതമാനം വരെ ചെലവുകുറയ്ക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
2015-2016 കാലത്ത് ബെംഗളൂരുവില്‍ ജോലി അന്വേഷിക്കുമ്പോഴാണ് പദ്ധതിയുടെ ആശയം രൂപപ്പെട്ടത്. മുംബൈയില്‍ Voice Vision സംഘടിപ്പിച്ച കാഴ്ചയില്ലാത്തവര്‍ക്കായുള്ള സംരംഭകത്വ മത്സരത്തില്‍ നൗഷാദും രണ്ട് സഹപ്രവര്‍ത്തകരും ആശയം അവതരിപ്പിച്ച് രണ്ടാം സമ്മാനം നേടിയിരുന്നു. പിന്നീട് സഹപ്രവര്‍ത്തകര്‍ പിന്മാറിയെങ്കിലും, HCL Technologies-ല്‍ ആക്‌സസിബിലിറ്റി ടെസ്റ്ററായി ജോലി ചെയ്യുന്നതിനിടെ വാരാന്ത്യങ്ങളിലും ഒഴിവുസമയങ്ങളിലും നൗഷാദ് ഗവേഷണം തുടര്‍ന്നു. ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍ വികസനം, തകരാര്‍ കണ്ടെത്തല്‍, ആക്‌സസിബിലിറ്റി പരിശോധന എന്നീ മേഖലകളിലെ പരിചയവും പദ്ധതിക്കായി ഉപയോഗിച്ചു. 2023 മുതല്‍ ഗവേഷണവും കോഡ് വികസനവും വേഗത്തിലാക്കാന്‍ AI സഹായിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രധാന പ്ലാറ്റ്ഫോം പൂര്‍ത്തിയായതായും ഇത് പ്രോട്ടോടൈപ്പ് അല്ലെന്നും നൗഷാദ് അറിയിച്ചു. സ്ഥിരതയും സുരക്ഷയും കൂടുതല്‍ ശക്തിപ്പെടുത്തുക, സ്വതന്ത്രമായി കൃത്യതയും ശേഷിയും പരിശോധിക്കുക, തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ പൈലറ്റ് വിന്യാസം നടത്തുക, സ്ഥാപനതല സംയോജനങ്ങളും പരിശീലനവും ഉപഭോക്തൃസഹായവും ഒരുക്കുക, ആഗോള വിപണിക്ക് അനുയോജ്യമായി വാണിജ്യവത്കരിക്കുക എന്നിവയാണ് അടുത്ത ലക്ഷ്യങ്ങള്‍. കണ്ടെത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡെവലപ്പര്‍മാരെ സഹായിക്കുന്ന അധിക സംവിധാനത്തെക്കുറിച്ചും ഗവേഷണം പുരോഗമിക്കുന്നു.
ഡിജിറ്റല്‍ ആക്‌സസിബിലിറ്റി ഒരു സാമൂഹിക ഉത്തരവാദിത്വം മാത്രമല്ല; അമേരിക്ക, കാനഡ, യുണൈറ്റഡ് കിങ്ഡം, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട നിയമപരവും ചട്ടപരവുമായ ബാധ്യതകളുമുണ്ട്. ബാധ്യതകള്‍ രാജ്യം, സ്ഥാപനം, മേഖല, ഉല്‍പ്പന്നം എന്നിവ അനുസരിച്ച് വ്യത്യാസപ്പെടും. മാധ്യമങ്ങളുടെയും സ്ഥാപനങ്ങളുടെയും പിന്തുണ ലഭിച്ചാല്‍ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും പ്രാവീണ്യത്തോടെ ഉപയോഗിക്കുന്ന കാഴ്ചവൈകല്യമുള്ളവര്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്ന മേഖലയായും ഡിജിറ്റല്‍ ആക്‌സസിബിലിറ്റിയെ വളര്‍ത്താനാകുമെന്ന് നൗഷാദ് അഭിപ്രായപ്പെട്ടു. പരിമിതമായ വ്യക്തിഗത വിഭവങ്ങള്‍ ഉപയോഗിച്ചാണ് പ്ലാറ്റ്ഫോം വികസിപ്പിച്ചത്. അടുത്തഘട്ടത്തിനായി നിക്ഷേപം, ഗ്രാന്റ്, നവീകരണ ധനസഹായം, പൈലറ്റ് വിന്യാസാവസരങ്ങള്‍, സ്വതന്ത്ര പരിശോധന, സാങ്കേതിക-ഗവേഷണ സഹകരണം, വിപണിയിലെത്തിക്കാനുള്ള മാര്‍ഗനിര്‍ദേശം, സര്‍ക്കാര്‍-കോര്‍പ്പറേറ്റ്-സാമൂഹിക സംഘടനകളുടെ പിന്തുണ എന്നിവയാണ് പദ്ധതി തേടുന്നത്. നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹന സ്ഥാപനങ്ങള്‍, ആക്‌സസിബിലിറ്റി സംഘടനകള്‍, സാങ്കേതിക കമ്പനികള്‍, ഗവേഷണസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവരുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്നും നൗഷാദ് അറിയിച്ചു.
”ഒരു ഡിജിറ്റല്‍ സേവനം വൈകല്യമുള്ള ഒരാള്‍ക്ക് മറ്റൊരാളുടെ സഹായമില്ലാതെ ഉപയോഗിക്കാനാകുന്നുണ്ടോ എന്ന ചോദ്യത്തിന് വിശ്വസനീയമായ തെളിവുകളോടെ മറുപടി നല്‍കുകയാണ് ലക്ഷ്യം,” നൗഷാദ് പറഞ്ഞു.ബന്ധപ്പെടാന്‍: നൗഷാദ് സി. എ. – 9495496835
