ലോകത്തിന് മാതൃകയാണ് ഇന്ത്യന്‍ ജനാധിപത്യം. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളുമടങ്ങുന്ന രാജ്യത്തിന്റെ ഐക്യത്തിന്റെ അടിത്തറയാണ് ജനാധിപത്യം. സ്വാതന്ത്ര്യലബ്ധിക്കുശേഷം വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്ത് അധികാരത്തിലെത്തിയതിന്റെ അടിസ്ഥാനം നമ്മുടെ ജനാധിപത്യ സംവിധാനമാണ്. ഭരണപക്ഷം പ്രതിപക്ഷമാവുന്നതും, പ്രതിപക്ഷം ഭരണപക്ഷമാവുന്നതും നമ്മുടെ ജനാധിപത്യത്തിന് കൂടുതല്‍ മിഴിവേകുന്നതാണ്. അതുകൊണ്ട്തന്നെ ലോകത്ത് പല രാജ്യങ്ങളിലും ഏകാധിപത്യ ഭരണ സംവിധാനങ്ങളും, ചില പ്രത്യയ ശാസ്ത്രങ്ങളുടെ ഭരണക്രമവും, രാജ ഭരണവും നിലനില്‍ക്കുമ്പോള്‍, ലോകത്തിന് മാതൃകയായി, ജനാധിപത്യത്തിന്റെ പൊന്‍ തിളക്കവുമായി ഇന്ത്യ നിലകൊള്ളുന്നത്. അതിനെല്ലാം അടിസ്ഥാനം മഹാന്മാരായ നമ്മുടെ രാഷ്ട്ര ശില്‍പികള്‍ സൃഷ്ടിച്ച ഭരണഘടനയാണ്. എന്നാല്‍ രാജ്യത്ത് മോദി സര്‍ക്കാരിന് കീഴില്‍ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ സുതാര്യമായല്ല നടക്കുന്നത് എന്ന ആക്ഷേപം വര്‍ഷങ്ങളായി പ്രതിപക്ഷവും, മറ്റ് ജനാധിപത്യ വാദികളും ഉന്നയിക്കുന്നുണ്ട്. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിമാറ്റുന്നതിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അര്‍ഹര്‍ക്ക് വോട്ടവകാശം നിഷേധിക്കുകയാണെന്നും, അത് തങ്ങളുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമാകുന്നുണ്ടെന്നും, അതുപോലെ വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തി, യഥാര്‍ത്ഥ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുകയാണെന്നും, രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വാര്‍ത്തകളുയരുന്നുണ്ട്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ സത്യസന്ധമായി നടക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ബാലറ്റ് പേപ്പര്‍ തിരിച്ചുകൊണ്ടുവരണമെന്നും ആവശ്യമുയരുന്നുണ്ട്.
ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണം. ഒരാരോപണവും നേരിടാതെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണം. ഒരാരോപരണവും നേരിടാതെ നിഷ്പക്ഷത പുലര്‍ത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ട്. അത് ഭരണഘടനാധിഷ്ഠിതമാണ്.
തിരഞ്ഞെടുപ്പുകളില്‍ അധികാരത്തിലെത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തുടര്‍ഭരണം ലഭിക്കണമെങ്കില്‍ അവര്‍ സദ്ഭരണം നടത്തണം. അതിന് സാധിക്കുന്നില്ലെങ്കില്‍ ഭാരത ജനത അവരെ തൂത്തെറിയും.
രാജ്യത്ത് പല സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍, എം.എല്‍.എമാരടക്കമുള്ളവരെ, തങ്ങളുടെ പക്ഷത്ത് വരുത്താന്‍ ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ആരായാലും അവരെ മാതൃകാപരമായി ശിക്ഷിക്കണം. പണവും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്ത്, അധികാരത്തിന്റെ കുറുക്കു വഴികള്‍ സൃഷ്ടിക്കുന്നവര്‍ ചെയ്യുന്നത് ജനാധിപത്യത്തെ തകര്‍ക്കുന്ന നടപടിയാണ്. രാഷ്ടീയ പാര്‍ട്ടികളെ പിളര്‍ത്തി, അവരുടെ ജനപ്രതിനിധികളെ സ്വാധീനിച്ച് അധികാര കസേര ഉറപ്പാക്കുന്നവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം. ഇക്കാര്യത്തില്‍ രാജ്യത്ത് പല സംസ്ഥാനങ്ങളിലും നടന്ന നടപടികള്‍ നാണക്കേടുണ്ടാക്കുന്നതാണ്. വോട്ട് ചെയ്യുന്ന പൗരന്മാരെ അപമാനിക്കുകയും, അപഹസിക്കുകയും ചെയ്ത് കാലുമാറ്റവും, കൂറുമാറ്റവും നടത്തുന്ന ജനപ്രതിനിധികളെ ശിക്ഷിക്കണം. അതുപോലെ ഇത്തരം ഇടപാടിലൂടെ അവിഹിതമായി ധനസമ്പാദനം നടത്തിയിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാരിലേക്ക് കണ്ട്‌കെട്ടാനും നടപടിയുണ്ടാവണം. രാഷ്ട്രീയ പാര്‍ട്ടികളുടെ കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങള്‍ ഉന്നതമായ ജനാധിപത്യ മൂല്യങ്ങളും, രാഷ്ട്രീയ മര്യാദകളും പാലിക്കാത്തതിനാലാണ് ഇത്തരം സംഭവങ്ങളുണ്ടാവുന്നത്. ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങണം.
ഇപ്പോള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, മോദി – അമിത്ഷായ്ക്ക് പാദസേവ ചെയ്ത് തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുകയാണെന്ന ആരോപണം രാജ്യവ്യാപകമായി മുഴങ്ങുന്നുണ്ട്. ഇക്കാര്യത്തില്‍ ജനാധിപത്യം സംരക്ഷിക്കപ്പെടുന്ന നടപടികളുണ്ടാവട്ടെ. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ ഓരോ ഭാരതീയനും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയോ, അവരുയര്‍ത്തുന്ന പ്രത്യയ ശാസ്ത്രങ്ങളുടെയോ ഇംഗിതത്തിന് താളം തുള്ളേണ്ട ഒന്നല്ല ഇന്ത്യന്‍ ജനാധിപത്യമെന്ന് ഇവര്‍ക്ക് തിരിച്ചറിവുണ്ടാക്കാന്‍, ജനാധിപത്യ വാദികള്‍ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ ശബ്ദമുയര്‍ത്തണം.
