വി.ഡി.സതീശന്‍ സര്‍ക്കാരിനെ പ്രതീക്ഷയോടെ കണ്ടിരുന്ന ജനങ്ങള്‍ക്ക് നിരാശ നല്‍കുന്ന പ്രവര്‍ത്തനങ്ങളാണ് മുഖ്യമന്ത്രിയില്‍ നിന്നും മന്ത്രിമാരില്‍ നിന്നുമുണ്ടാവുന്നത്. വൈദ്യുതി മന്ത്രിയായ സണ്ണി ജോസഫ് നടത്തിയ ബന്ധു നിയമനമാണ് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കരിനിഴല്‍ വീഴ്ത്തിയത്. വിവാദങ്ങള്‍ക്കൊടുവില്‍ അതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു. മുഖ്യമന്ത്രിയുടെ യാത്രകളെ ചൊല്ലിയും വിവാദം തുടരുകയാണ്. അദ്ദേഹം നടത്തുന്ന യാത്രകളെ നിരീക്ഷിക്കാനും വിമര്‍ശിക്കാനും പ്രതിപക്ഷത്തിന് അവകാശമുണ്ട്. ഏറ്റവുമൊടുവില്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ മുഖ്യമന്ത്രി മലപ്പുറത്തേക്ക് നടത്തിയ യാത്രയാണ് വിവാദമുണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാരിന് ഒരു നയാപൈസ പോലും ഈ യാത്രയില്‍ ചിലവില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുമ്പോഴും, ഇത്തരം സൗജന്യ യാത്രകള്‍ അഭികാമ്യമാണോ എന്നാണ് ബന്ധപ്പെട്ടവര്‍ ആലോചിക്കേണ്ടത്. ഒരാളുടെയും ഔദാര്യം പറ്റാതെ നിഷ്‌കാമകര്‍മ്മികളായി നാടിനെ നയിച്ച ഭരണാധികാരികള്‍ ഉണ്ടായിരുന്ന നാടാണിത്. ആ മാതൃകയാണ് ഏറ്റവും ഉത്തമം. ഭരണഘടന തൊട്ട് സത്യം ചെയ്യുന്ന ഭരണകര്‍ത്താക്കള്‍, പ്രബുദ്ധ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇടതു-വലതു മുന്നണികളില്‍ നിസ്വാര്‍ത്ഥരായ നേതാക്കളുണ്ടായിരുന്നെന്ന് കാണാന്‍ കഴിയും. പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന ചെയ്തികളാണ് അവരെ മൂലക്കിരുത്താന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്. അതിന്റെ ഭാഗമായാണ് വി.ഡി.സതീശന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. മന്ത്രി കെ.എം.ഷാജിക്കെതിരായ ആക്ഷേപം ഉയര്‍ന്നുവന്നപ്പോള്‍, അതിനോട് അദ്ദേഹം നടത്തിയ പ്രതികരണവും ഉചിതമായില്ല. മന്ത്രി ഒ.ജെ. ജനീഷ് നടത്തിയ പ്രതികരണവും ശരിയായില്ല. ജനപ്രതിനിധികള്‍ ആരുടെയും ഔദാര്യത്തിന് നില്‍ക്കരുത്. സ്വകാര്യ വ്യക്തികളുടെ ഔദാര്യം സ്വീകരിക്കുമ്പോള്‍ അത് സമൂഹത്തിന് നല്‍കുന്ന സന്ദേശം മറ്റൊന്നാണ്. ഇത്തരം നേതാക്കള്‍ ഇലക്ഷനില്‍ ജയിക്കുന്നതും പിന്നീട് ഭരണകര്‍ത്താക്കളാവുന്നതും പ്രവര്‍ത്തകര്‍, രാവും പകലും പ്രവര്‍ത്തിച്ചിട്ടാണെന്ന് ഇവര്‍ മറന്നുപോകരുത്. ചങ്ങാത്ത മുതലാളിത്തമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ ഈ ഗതികേടിലാക്കിയത്. അത്തരം പാതയിലാണ് ഇവരും സഞ്ചരിക്കുന്നതെങ്കില്‍ ഗതി അത് തന്നെയാവും. പൊതു പ്രവര്‍ത്തകര്‍ മാതൃകാ ജീവിതം നയിക്കുമ്പോഴാണ് വരും തലമുറക്ക് നല്ല സന്ദേശം പകരുന്നതാകുന്നത്.
