കോഴിക്കോട്: അമ്മയുടെ ഉദരത്തില്‍വച്ചു സങ്കീര്‍ണമായ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ കുരുന്നിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ മാതാപിതാക്കളും കുഞ്ഞും കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തി. വയനാട് വരദൂര്‍ സ്വദേശികളായ ദമ്പതികളുടെ മകന് മുഹമ്മദ് ഇജാസ്സിന്റെ പിറന്നാളാണ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും സാന്നിധ്യത്തില്‍ കുടുംബം ആഘോഷിച്ചത്.
കുഞ്ഞ് ഗര്‍ഭസ്ഥ ശിശുവായിരിക്കെ നടത്തിയ പരിശോധനയിലാണ് ഹൃദയത്തില്‍ നിന്ന് രക്തം പമ്പ് ചെയ്യുന്ന അയോര്‍ട്ടിക് വാല്‍വ് അടഞ്ഞുപോകുകയും രക്തം വിപരീതദിശയിലേക്ക് ഒഴുകുകയും ചെയ്യുന്ന അപൂര്‍വ്വ തകരാറുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. വാല്‍വുകളുടെ തകരാര്‍ കാരണം രക്തയോട്ടം തടസ്സപ്പെട്ട ഈ അവസ്ഥയില്‍ സമയബന്ധിതമായി ചികിത്സ നല്‍കിയില്ലെങ്കില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചുപോകാനുള്ള സാധ്യത ഏറെയായിരുന്നു. അതുകാരണം ജനനത്തിനു മുമ്പോ ശേഷമോ മരണം സംഭവിക്കാനുമിടെയുണ്ടായിരുന്ന സാഹചര്യത്തിലാണ് ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയാക് വിഭാഗം ഡോക്ടര്‍മാരും, ഗൈനെക്കോളജി വിഭാഗം ഡോക്ടര്‍മാരും ചേര്‍ന്ന് ആറു മാസം ഗര്‍ഭിണിയായ അമ്മയുടെ ഉദരത്തില്‍ വെച്ച് തന്നെ ബലൂണ്‍ അയോര്‍ട്ടിക് വാല്‍വുലോപ്ലാസ്റ്റി എന്ന അതിസങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തി കുഞ്ഞിന്റെ ജീവന് രക്ഷിച്ചത്.
അമ്മയുടെ ഉദരത്തിലൂടെ പ്രത്യേക സൂചി ഉപയോഗിച്ച് ഗര്‍ഭപാത്രത്തിലേക്കും അവിടെനിന്ന് ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയത്തിലേക്കും മൈക്രോ കത്തീറ്റര്‍ കടത്തിവിട്ട് ചുരുങ്ങിപ്പോയ വാല്‍വ് വികസിപ്പിക്കുകയും രക്തയോട്ടം സാധാരണ നിലയിലാക്കി കുഞ്ഞിന്റെ ജീവന് രക്ഷിക്കുക എന്നതായിരുന്നു ഡോക്ടര്‍മാരുടെ ലക്ഷ്യം. ആദ്യ ദിനം സര്‍ജറി പ്രോസീജ്യറുകള്‍ എല്ലാം പൂര്‍ത്തീകരിച്ചു മുന്നോട്ട് പോയപ്പോഴാണ് കുഞ്ഞിന്റെ സ്ഥാനം അഭിമുഖമല്ലെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് മൂന്ന് ദിവസം കാത്തിരുന്ന ശേഷമാണ് സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ചത്.
ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയവാല്‍വുകളിലെ തടസ്സം നീക്കി രക്തയോട്ടം പുനഃസ്ഥാപിക്കുക എന്ന ശ്രമകരമായ ദൗത്യം അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായവും മെഡിക്കല്‍ ടീമിന്റെ മികച്ച ഏകോപനവുമാണ് ഈ വിജയത്തിന് കാരണമായതെന്ന് ഇന്റെര്‍വെന്‍ഷണല്‍ പീഡിയാട്രിക് കാര്‍ഡിയോളോജിസ്റ്റ് ഡോ. എഡ്വിന് ഫ്രാന്‍സിസ് വ്യക്തമാക്കി.
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തില്‍ വലിയ ആശ്വാസവും പ്രതീക്ഷയുമാണ് ആശുപത്രിയിലെ മെഡിക്കല്‍ സംഘം പകര്ന്നുനല്കിയത്. പൂര്‍ണ ആരോഗ്യവാനായ മകനെ ഇന്ന് കാണാന്‍ സാധിക്കുന്നത് വലിയൊരു അനുഗ്രഹമായി കരുതുന്നുവെന്നും അതുകൊണ്ടാണ് ഈ സന്തോഷനിമിഷം കുഞ്ഞിന്റെ ജീവന് രക്ഷിച്ചവര്ക്കൊപ്പം ആദ്യ പിറന്നാള്‍ ആഘോഷിക്കാന്‍ തീരുമാനിച്ചതെന്നും മാതാപിതാക്കള്‍ പറഞ്ഞു.
പീഡിയാട്രിക് കാര്‍ഡിയോളജി, ഫീറ്റല്‍ മെഡിസിന്, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി, നിയോനറ്റോളജി, കാര്‍ഡിയാക് അനസ്തേഷ്യ എന്നീ വിഭാഗങ്ങളുടെ സംയുക്ത പ്രവര്‍ത്തനമാണ് ഈ ശസ്ത്രക്രിയയുടെ വിജയത്തിന് അടിസ്ഥാനമെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 25 വര്‍ഷമായി ഹൃദ്രോഗ ചികിത്സാ രംഗത്ത് ആശുപത്രി നല്കുന്ന മികച്ച സേവനത്തിന്റെ തെളിവാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം ഡോ. രേണു പി. കുറുപ്പ്, ഡോ. രമാദേവി കെ.എസ്, ഡോ. നബീല്‍ ഫൈസല്‍, ഡോ. പ്രിയ പി.എസ്, പീഡിയാട്രിക് കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം ഡോ. ഗിരീഷ് വാര്യര്‍, ഡോ. ശബരീനാഥ് മേനോന്, ഗൈനെക്കോളജി വിഭാഗം ഡോ. ഉമാ രാധേഷ്, പീഡിയാട്രിക് അനസ്തേഷ്യ വിഭാഗം ഡോ. സുജാത, ഫീറ്റല്‍ മെഡിസിന് ഡോ. ശ്രീജ പി.എസ് തുടങ്ങിയവരടങ്ങുന്ന വിദഗ്ദ്ധ മെഡിക്കല്‍ സംഘമായിരുന്നു കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
