കോഴിക്കോട് : ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റി (യുഎല്‍സിസിഎസ്) ചെയര്മാന് രമേശന് പാലേരിയുടെ (66) നിര്യാണത്തില്‍ പ്രമുഖ അന്താരാഷ്ട്ര, ദേശീയ സഹകരണ പ്രസ്ഥാനങ്ങള്‍ ആഴത്തിലുള്ള ദുഃഖവും ആദരാഞ്ജലികളും രേഖപ്പെടുത്തി.
ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് ഏഷ്യ ആന്‍ഡ് പസഫിക് (ഐസിഎ – എപി), ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഓഫ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സര്‍വീസ് കോ-ഓപ്പറേറ്റീവ്സ് (സിഐസിഒപിഎ), നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന് ഓഫ് ഇന്ത്യ (എന്‍സിയുഐ) എന്നീ പ്രമുഖ സംഘടനകള്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തെയും സഹകരണമേഖലയ്ക്കു നല്കിയ വിലമതിക്കാനാവാത്ത സംഭാവനകളെയും അനുസ്മരിച്ചു
യുഎല്‍സിസിഎസിനെ ലോകോത്തരതലത്തിലേക്കു വളര്‍ത്തുന്നതില്‍ രമേശന് പാലേരി വഹിച്ച പങ്ക് ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് ഏഷ്യ ആന്‍ഡ് പസഫിക് (ഐസിഎ – എപി) അനുസ്മരിച്ചു. വടകരയിലെ ഒരു പ്രാദേശിക നിര്‍മ്മാണത്തൊഴിലാളി സഹകരണസംഘമായിരുന്ന സൊസൈറ്റിയെ അടിസ്ഥാനസൗകര്യവികസനം, വിവരസാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഭവനനിര്‍മ്മാണം, ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജുകള്‍ ഉള്‍പ്പെടെയുള്ള സാംസ്കാരികപദ്ധതികള് എന്നിവയിലേക്ക് വ്യാപിപ്പിച്ചപ്പോഴും അതിന്റെ ഭരണം തൊഴിലാളികളുടെ കൈകളില്‍ത്തന്നെ ഭദ്രമായി സൂക്ഷിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
2019ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍നിന്നുള്ള ആദ്യ പ്രൈമറി സഹകരണ സംഘമായി യുഎല്‍സിസിഎസ് ഐസിഎയില്‍ അംഗത്വം നേടി. 2023-ല്‍ ഐ.സി.എ. ഏഷ്യ-പസഫിക്കിന്റെ പ്രഥമ ‘കോ-ഓപ്പറേറ്റീവ് എക്സലന്‍സ് അവാര്‍ഡ് ഫോര്‍ എന്റര്‍പ്രൈസിംഗ് കോ-ഓപ്പറേറ്റീവ്’ പുരസ്കാരവും ഊരാളുങ്കല്‍ സൊസൈറ്റിക്കു സമ്മാനിച്ചു. ലാളിത്യവും ഉദാരമനസ്കതയും തൊഴില്‍ അന്തസ്സിനോടുള്ള പ്രതിബദ്ധതയും നിറഞ്ഞ അദ്ദേഹത്തിന്റെ വ്യക്തിത്വം എടുത്തുപറഞ്ഞ ഐസിഎ-എപി, പുതിയ സഹകാരികള്‍ക്ക് അദ്ദേഹം എപ്പോഴും വലിയ പ്രോത്സാഹനമായിരുന്നുവെന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
ബ്രസ്സല്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഓര്ഗനൈസേഷന് ഓഫ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സര്‍വ്വീസ് കോ-ഓപ്പറേറ്റീവ്സ് (സിഐസിഒപിഎ), രമേശന് പാലേരിയുടെ കുടുംബത്തിന്റെയും സൊസൈറ്റി അംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേര്‍ന്നു. യുഎല്‍സിസിഎസിന്റെ വളര്‍ച്ചയ്ക്കും ആഗോളതലത്തിലുള്ള അംഗീകാരത്തിനും അദ്ദേഹത്തിന്റെ നേതൃത്വം വലിയ പങ്കുവഹിച്ചുവെന്നും സൊസൈറ്റിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലൂടെയും നേട്ടങ്ങളിലൂടെയും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കുമെന്നും സംഘടന അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ സഹകരണപ്രസ്ഥാനത്തിന്റെ പരമോന്നതസംഘടനയായ നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന് ഓഫ് ഇന്ത്യ (എന്‍സിയുഐ) അദ്ദേഹത്തിന്റെ നിര്യാണത്തില്‍ തീവ്രമായ ദുഃഖം രേഖപ്പെടുത്തി. സഹകരണതത്ത്വങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ രമേശന് പാലേരി നല്കിയ സംഭാവനകള്‍ എന്നും ബഹുമാനത്തോടെയും ആദരവോടെയും ഓര്‍മ്മിക്കപ്പെടുമെന്ന് എന്‍സിയുഐ അനുസ്മരിച്ചു.
രമേശന് പാലേരിയുടെ നിര്യാണത്തില്‍ പ്രമുഖ അന്താരാഷ്ട്ര-ദേശീയ
സഹകരണപ്രസ്ഥാനങ്ങള്‍ അനുശോചിച്ചു
