കോഴിക്കോട്: പ്രവാസികളുടെ പെന്‍ഷന്‍ സമയബന്ധിതമായി വിതരണം ചെയ്യണമെന്നും, അല്ലാത്തപക്ഷം മുഴുവന്‍ പ്രവാസികളെയും സംഘടിപ്പിച്ചുകൊണ്ട് വമ്പിച്ച പ്രക്ഷോഭത്തിലേക്ക് പ്രവാസികള്‍ നീങ്ങേണ്ടി വരുമെന്ന് കേരള പ്രവാസംഘം സംസ്ഥാന സെക്രട്ടറി പ്രശാന്ത് കുട്ടാംപള്ളി പറഞ്ഞു.ക്ഷേമനിധി മേഖല ഓഫീസിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസി പെന്‍ഷന്‍ മാത്രമല്ല മറ്റു പ്രവാസി ക്ഷേമ പദ്ധതികളും മുടങ്ങുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും പ്രവാസി പെന്‍ഷന്‍ സര്‍ക്കാരുകളുടെ ഔദാര്യമല്ലെന്നും അത് പ്രവാസികളുടെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആനി ഹാള്‍ റോഡ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ലിങ്ക് റോഡിലെ ക്ഷേമനിധി ഓഫീസിന്റെ മുന്നില്‍ അവസാനിച്ച പ്രതിഷേധ മാര്‍ച്ചില്‍ കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നും രണ്ടായിരത്തിലേറെ പ്രവാസികള്‍ പങ്കെടുത്തു. പ്രവാസിസംഘം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ. സജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രവാസിസംഘം വയനാട് ജില്ലാ സെക്രട്ടറി സരുണ്‍ മാണി, കാസര്‍കോട് ജില്ലാ സെക്രട്ടറി പി. ചന്ദ്രന്‍, പ്രവാസി ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി കബീര്‍ സലാല, പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സലീം മണാട്ട്, എം സുരേന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു. പ്രവാസംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി സി.വി ഇക്ബാല്‍ സ്വാഗതവും മഞ്ഞക്കുളം നാരായണന്‍ നന്ദിയും പറഞ്ഞു.
പെന്‍ഷന്‍ സമയബന്ധിതമായി വിതരണം ചെയ്യുക: കേരള പ്രവാസി സംഘം
