ജീപാസും റോയല്‍ഫോര്‍ഡും ഇനി ഇന്ത്യയിലും; വന്‍ വികസന പദ്ധതികളുമായി വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്

ജീപാസും റോയല്‍ഫോര്‍ഡും ഇനി ഇന്ത്യയിലും; വന്‍ വികസന പദ്ധതികളുമായി വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്

കോഴിക്കോട്: പ്രമുഖ ആഗോള വ്യവസായ ശൃംഖലയായ ‘വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്’ തങ്ങളുടെ മുന്‍നിര ബ്രാന്‍ഡുകളായ ‘ജീപാസ്’, ‘റോയല്‍ഫോര്‍ഡ്’ എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അതിവേഗം വളരുന്ന ഇന്ത്യന്‍ ഉപഭോക്തൃ വിപണി ലക്ഷ്യമിട്ട്, വന്‍ വികസന പദ്ധതികള്‍ക്കാണ് ഗ്രൂപ്പ് തുടക്കം കുറിക്കുന്നത്. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നിസാര്‍ ടി.എന്‍ കമ്പനിയുടെ പുതിയ ചുവടുവെപ്പ് പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ഗ്രൂപ്പിനെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുമെന്നും രാജ്യത്തുടനീളം പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ലക്ഷ്യങ്ങളും അദ്ദേഹം വ്യക്തമാക്കി. സീനിയര്‍ വൈസ് പ്രസിഡന്റ് നിവിന്‍ പണിക്കര്‍, മാനുഫാക്ചറിംഗ്-പ്രൊക്യൂര്‍മെന്റ് ആന്‍ഡ് സപ്ലൈ ചെയിന്‍ ഹെഡ് സാജിദ് ചീരോത്ത്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഹെഡ് ശ്രീദത്ത് വിശ്വനാഥന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ജി.സി.സി രാജ്യങ്ങള്‍, യുകെ, ആഫ്രിക്ക, സി.ഐ.എസ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള ജീപാസിന് 40 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. ഹോം അപ്ലയന്‍സസ്, കിച്ചണ്‍ അപ്ലയന്‍സസ്, ഇലക്ട്രോണിക്‌സ്, ലൈറ്റിംഗ്, പേഴ്‌സണല്‍ കെയര്‍, ലൈഫ് സ്‌റ്റൈല്‍ വിഭാഗങ്ങളിലായി 1,100-ലധികം ഉല്‍പ്പന്നങ്ങളാണ് ജീപാസ് വിപണിയിലെത്തിക്കുന്നത്. മികച്ച ഡിസൈനും ഈടുറ്റ ഗുണമേന്മയുമുള്ള പ്രീമിയം കിച്ചണ്‍വെയര്‍, ഹോംവെയര്‍ ബ്രാന്‍ഡായ റോയല്‍ഫോര്‍ഡിന് 20 വര്‍ഷത്തിലേറെ വിപണി പരിചയമുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആറ് തവണ യു.എ.ഇയിലെ ‘സൂപ്പര്‍ബ്രാന്‍ഡ്’ പദവി നേടിയ ബ്രാന്‍ഡ്, ഉപഭോക്തൃ വിശ്വാസ്യതയുടെയും പുതുമയുടെയും പ്രതീകമാണ്.

വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.പി. ബഷീര്‍ വടകരയില്‍ നിന്ന് തുടക്കം കുറിച്ച സംരംഭമാണ് ഇന്ന് 35,000-ത്തിലധികം ജീവനക്കാരുള്ള, 5 ബില്യണ്‍ യു.എസ് ഡോളര്‍ വിറ്റുവരവുള്ള വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പായി വളര്‍ന്നത്. മാതൃസംസ്ഥാനമായ കേരളത്തില്‍ നിന്ന് തന്നെ തങ്ങളുടെ ഇന്ത്യന്‍ പ്രയാണത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്ന് കമ്പനി ഭാരവാഹികള്‍ വ്യക്തമാക്കി. ആഗോളതലത്തിലും പ്രവാസി മലയാളി കുടുംബങ്ങള്‍ക്കിടയിലും നേടിയ വിശ്വസ്തത ഇന്ത്യയിലെ ഓരോ സാധാരണ കുടുംബങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം.

ഇന്ത്യന്‍ വിപണി വലിയ വളര്‍ച്ചാ സാധ്യതകളാണ് തുറന്നുനല്‍കുന്നതെന്ന് വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നിസാര്‍ ടി.എന്‍. പറഞ്ഞു. ആഗോള നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ മികച്ച വിലക്കുറവില്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും, ശക്തമായ ഡീലര്‍ ശൃംഖല, റീട്ടെയില്‍ പങ്കാളിത്തം, മികച്ച ഉപഭോക്തൃ സേവനം എന്നിവയിലൂടെ രാജ്യമൊട്ടാകെ സാന്നിധ്യം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഘട്ടം ഘട്ടമായുള്ള വികസന തന്ത്രമാണ് കമ്പനി വിഭാവനം ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ കേരളത്തിലെ ഡീലര്‍-ഡിസ്ട്രിബ്യൂട്ടര്‍ ശൃംഖല ശക്തമാക്കും. തുടര്‍ന്ന് ദക്ഷിണേന്ത്യയിലേക്കും പിന്നീട് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വിപണി വ്യാപിപ്പിക്കും. കേരളത്തില്‍ നിലവിലുള്ള ശക്തമായ ആഫ്റ്റര്‍ സെയില്‍സ് സര്‍വീസ് ശൃംഖല മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. പ്രമുഖ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ എന്നിവയുമായുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഇന്ത്യന്‍ പാചകരീതികള്‍ക്കും ജീവിതശൈലികള്‍ക്കും അനുയോജ്യമായ ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കും.

ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ഊര്‍ജ്ജക്ഷമതയുള്ള ഗാര്‍ഹിക ഉപകരണങ്ങള്‍, പ്രാദേശിക പാചകരീതികള്‍ക്ക് അനുയോജ്യമായ പ്രീമിയം കുക്ക്വെയറുകള്‍ എന്നിവ ജീപാസും റോയല്‍ഫോര്‍ഡും വിപണിയിലെത്തിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി കോയമ്പത്തൂരില്‍ ബി.ഐ.എസ് അംഗീകൃത ജീപാസ് ഉല്‍പ്പന്നങ്ങള്‍ക്കായി നിര്‍മ്മാണ യൂണിറ്റ് കമ്പനി സജ്ജമാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ വിപണനം ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങളും ബി.ഐ.എസ് സര്‍ട്ടിഫിക്കേഷന്‍, ബി.ഇ.ഇ സ്റ്റാര്‍ റേറ്റിംഗുകള്‍, അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കുന്നവയാണ്. റോയല്‍ഫോര്‍ഡിന്റെ നോണ്‍-സ്റ്റിക് കുക്ക്വെയറുകള്‍ സുരക്ഷിതമായ പാചകത്തിനായി പിടിഎഫ്ഇ, പിഎഫ്ഒഎ രഹിതമായാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കണ്‍സ്യൂമര്‍ ബ്രാന്‍ഡുകള്‍ക്ക് പുറമെ, വടകരയിലെ ബി.പി.ഒ സെന്റര്‍, മുംബൈയിലെ എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ഡിവിഷന്‍, ബംഗളൂരുവിലെ ഐ.ടി ഹബ് എന്നിവയിലൂടെ ശക്തമായ സാന്നിധ്യം വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന് ഇന്ത്യയിലുണ്ട്. പുതിയ തലമുറയിലെ നേതൃത്വത്തിന് കീഴില്‍, ദീര്‍ഘകാല നിക്ഷേപ പദ്ധതികളിലൂടെ ജീപാസിനെയും റോയല്‍ഫോര്‍ഡിനെയും ഇന്ത്യന്‍ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളാക്കി മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

 

 

ജീപാസും റോയല്‍ഫോര്‍ഡും ഇനി ഇന്ത്യയിലും;
വന്‍ വികസന പദ്ധതികളുമായി വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്

 

Share

Leave a Reply

Your email address will not be published. Required fields are marked *