29-ാമത് പ്രവാസി ദോഹ ബഷീര്‍ പുരസ്‌കാരം ഒ.എല്‍ തോമസിന്

29-ാമത് പ്രവാസി ദോഹ ബഷീര്‍ പുരസ്‌കാരം ഒ.എല്‍ തോമസിന്

കോഴിക്കോട്: 2026ലെ 29-ാമത് പ്രവാസി ദോഹ ബഷീര്‍ പുരസ്‌കാരത്തിന് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും അത്‌ലറ്റിക്‌സ് പരിശീലകനുമായ തൃശൂര്‍ പവറട്ടി സ്വദേശി ഒ.എല്‍.തോമസ് അര്‍ഹനായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈശാഖന്‍, പി.ഷംസുദ്ദീന്‍, എം.എ.റഹ്‌മാന്‍, കെ.കെ.സുധാകരന്‍, സി.വി.റപ്പായി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. അരലക്ഷം രൂപയും നമ്പൂതിരി രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. അവാര്‍ഡ് ജേതാവിന്റെ ദേശത്തെ പഠിക്കാന്‍ മിടുക്കനായ ഒരു വിദ്യാര്‍ത്ഥിക്ക് പ്രൊഫ.എം.എന്‍.വിജയന്‍ സ്മാരക സ്‌കോളര്‍ഷിപ്പ് അവാര്‍ഡും ഇതോടൊപ്പം നല്‍കും. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും. ആദ്യമായാണ് ഒരു കായികതാരത്തിന് ബഷീര്‍ പുരസ്‌കാരം നല്‍കുന്നത്.കായിക – ഫിറ്റ്‌നസ് മേഖലയില്‍ 55 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള ഒ.എല്‍.തോമസ് കായിക മേഖലക്ക് അഭിമാനവും ലോകത്തിന്റെ നെറുകയിലെ താരവുമാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.

1970ല്‍ ബാങ്കോക്കില്‍ നടന്ന 6-ാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും 4 X 100 മീറ്റര്‍ റിലേയില്‍ വെങ്കല മെഡല്‍ നേടുകയും ചെയ്തു. 1979ല്‍ ടോക്കിയോയില്‍ നടന്ന ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് മീറ്റിലും ഇന്ത്യയെ പ്രതിനിധീകരിക്കുകയും അതേ ഇനത്തില്‍ ദേശീയ റെക്കോര്‍ഡോടെ വെങ്കലമെഡല്‍ നേടുകയും ചെയ്തു. 15 വര്‍ഷം നീണ്ട കായിക ജീവിതത്തില്‍ ഇന്ത്യ സര്‍വ്വീസസ് വിവിധ സംസ്ഥാനങ്ങള്‍ ടാറ്റ മോട്ടോഴ്‌സ്, സെയില്‍ എന്നിവയെ പ്രതിനിധീകരിച്ച് 51 ലധികം ദേശീയ മെഡലുകള്‍ നേടി. മില്‍ഖാ സിങ്ങിന് ശേഷം ഈ നേട്ടം കൈവരിച്ച ഏക വ്യക്തിയാണ് ഒ.എല്‍.തോമസ്.

ഒരു മലയാള കായിക നോവലിന്റെ രചയിതാവും, ഇന്ത്യന്‍ കായിക ചരിത്രത്തെയും വസ്തുതകളെയും ആസ്പദമാക്കിയ ഒരു ഇംഗ്ലീഷ് പുസ്തകത്തിന്റെ കര്‍ത്താവ്് കൂടിയാണ് അദ്ദേഹം. 700 ഓളം അംഗങ്ങളുള്ള ആരോഗ്യത്തിനെയും ഫിറ്റ്‌നസ്സിനെയും കേന്ദ്രീകരിച്ചുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഒരു സൗജന്യ ക്ലബ്ബ് അദ്ദേഹം നടത്തുന്നുണ്ട്. കായിക പശ്ചാത്തലത്തിലുള്ള ഒരു സിനിമയുടെ തിരക്കഥയുടെ രചനയിലാണ് ഒ.എല്‍.തോമസ് . തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഒളിമ്പിക് മെഡല്‍ നേടിയെടുക്കാനാവുകയും അത് ഇന്ത്യക്ക് സമ്മാനിക്കുക എന്നതാണ് തന്റെ സ്വപ്‌നമെന്ന് ഈ കായിക താരം പറയുന്നുണ്ട്. ഹാമ്മര്‍ ത്രോ, ജംപ് ഇനങ്ങള്‍, മധ്യ,ദീര്‍ഘ ദൂര ഓട്ടങ്ങള്‍, മാരത്തണ്‍ എന്നിവയില്‍ ജൂനിയര്‍ താരങ്ങളെ വളര്‍ത്തിയെടുക്കുകയും അവരില്‍ പലരും ഇന്ത്യന്‍ സേന, റെയില്‍വെ, പോലീസ്, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. കായികവും ഫിറ്റ്‌നസ്സുമായ നിരവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ കെ.എസ്.വെങ്കിടാചലം, പുതുക്കുടി ബാലചന്ദ്രന്‍, അനീസ് ബഷീര്‍, എം.ടി.നിലമ്പൂര്‍, ആര്‍.കെ.റഷീദ്, ജലീല്‍.പി, റഫീഖ് മേപ്പയ്യൂര്‍ എന്നിവര്‍ സംബന്ധിച്ചു.

 

 

29-ാമത് പ്രവാസി ദോഹ ബഷീര്‍ പുരസ്‌കാരം ഒ.എല്‍ തോമസിന്

Share

Leave a Reply

Your email address will not be published. Required fields are marked *