കോഴിക്കോട്: രാഷ്ട്രീയ സാംസ്കാരിക കേരളത്തില്‍ വേറിട്ട സഞ്ചാരപാതയിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച അഡ്വ. എ. സുജനപാലിന്റെ 15-ാമത് അനുസ്മരണം 3ന് (വെള്ളിയാഴ്ച) വൈകീട്ട് 3.00 മണിക്ക് ഡി.സി.സി. ഓഫീസിലെ ഉമ്മന്‍ ചാണ്ടി ഹാളില്‍ നടക്കും.നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. അനുസ്മരണ സമിതി ചെയര്മാന് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.എം. കെ. രാഘവന് എം.പി. മുഖ്യപ്രഭാഷണം നടത്തും. ബെന്നി ബെഹനാന് എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങില്‍ കെ.പി.സി.സി., ഡി.സി.സി. നേതാക്കളും സാമൂഹ്യസാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും സന്നിഹിതരായിരിക്കും.
പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ സുധാ മേനോന് ‘സുജനപാല്‍ ലിറ്ററേച്ചര്‍ അവാര്‍ഡ്’ സമര്‍പ്പിക്കും. ഗവേഷക, മനുഷ്യാവകാശ പ്രവര്‍ത്തക എന്നീ നിലകളില്‍ ശ്രദ്ധേയയായ സുധാ മേനോന്. അന്തര്‍ദേശീയ തൊഴില്‍ നിയമലംഘനങ്ങള്‍, ആഗോള വിതരണ ശൃംഖലകളിലെ തൊഴിലാളി ചൂഷണം, കോര്‍പ്പറേറ്റ് ഉത്തരവാദിത്തം, ബിസിനസ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് എന്നീ മേഖലകളില്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ പ്രത്യേക പരിശീലനം നേടിയ വിദഗ്ധരില്‍ ഒരാളാണ്.
‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’ എന്ന ഗ്രന്ഥത്തിലൂടെ യുദ്ധത്തിന്റെയും കലാപത്തിന്റെയും ഇരകളായ സ്ത്രീകളുടെ ജീവിതാനുഭവങ്ങള്‍ രേഖപ്പെടുത്തിയ സുധാ മേനോന്, ‘ഇന്ത്യ എന്ന ആശയം’ എന്ന പുസ്തകത്തിലൂടെ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാന മൂല്യങ്ങളെയും ദേശീയ പ്രസ്ഥാനത്തിന്റെ ആശയപാരമ്പര്യത്തെയും സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വിശകലനം ചെയ്തു. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രവും അതിന്റെ ആശയപരമായ പാരമ്പര്യവും നെഹ്റുവിയന്‍ പൈതൃകവുമാണ് സുധാ മേനോന്റെ പഠനത്തിന്റെയും എഴുത്തിന്റെയും കേന്ദ്രവിഷയങ്ങള്‍. നിലവില്‍, ആധുനിക ഇന്ത്യയുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്റെ സമഗ്ര ജീവചരിത്രം രചിച്ചുകൊണ്ടിരിക്കുകയാണ്. വാര്‍ത്താസമ്മേളനത്തില്‍
അനുസ്മരണ സമിതിവൈസ് ചെയര്മാന് കെ. സി. അബു, ജനറല്‍ കണ്‍വീനര്‍ രവീന്ദ്രന് കേളോത്ത്, കണ്‍വീനര്‍മാരായ കണ്ടിയില്‍ ഗംഗാധരന്, പി. ടി. ധര്‍മ്മരാജ്, അഡ്വ. എം. രാജന് പങ്കെടുത്തു.
എ. സുജനപാല്‍ അനുസ്മരണവും അവാര്‍ഡ് സമര്‍പ്പണവും 3ന്
